
ദില്ലി: അവസാന നിമിഷം വരെ ജീവൻ നിലനിര്‍ത്തി കിട്ടാനുള്ള തീവ്ര പരിശ്രമം നടത്തിയാണ് രാജ്യ മനസാക്ഷിയെ ഞെട്ടിച്ച നിര്‍ഭയ കേസിലെ പ്രതികൾ വധശിക്ഷക്ക് വഴങ്ങിയത്. ദില്ലി ഹൈക്കോടതിയിലും പിന്നീട് സുപ്രീംകോടതിയിലുമായി അഭിഭാഷകര്‍ നടത്തിയ നാടകീയ നീക്കങ്ങളെല്ലാം പരാജയപ്പെട്ടതോടെ തിഹാര്‍ ജയിലിൽ പ്രതികളെ വധശിക്ഷക്ക് വിധേയരാക്കാനുള്ള നടപടിക്രമങ്ങൾ തുടങ്ങി. ഇതിന് മുന്നോടിയായി ജയിലിന്റെ പ്രവര്‍ത്തനങ്ങളെല്ലാം നിര്‍ത്തിവച്ചു. ഉദ്യോഗസ്ഥര്‍ അവസാനവട്ട യോഗം ചേര്‍ന്നു. ആരാച്ചാരെത്തി വധിശിക്ഷ നടപ്പാക്കാനുള്ള ഒരുക്കങ്ങൾ പൂര്‍ത്തിയാക്കി. അവസാന വാദവും പൂര്‍ത്തിയായി സുപ്രീംകോടതി ഹര്‍ജി തള്ളി രണ്ട് മണിക്കൂറിനകം തന്നെ തിഹാര്‍ ജയിലിൽ വധശിക്ഷ പൂര്‍ത്തിയാക്കി.
അക്ഷയ് ഠാക്കൂര്‍, പവൻ ഗുപ്ത, വിനയ് ശര്‍മ്മ, മുകേഷ് സിംഗ് എന്നിവര്‍രുടെ അടുത്തേക്ക് കൃത്യം നാല് മണിക്ക് തന്നെ ജയിൽ ഉദ്യോഗസ്ഥര്‍ എത്തി. പ്രതികളോട് കുളിക്കാൻ ആവശ്യപ്പെട്ടു. മതഗ്രന്ധം വായിക്കാനോ ഇഷ്ടഭക്ഷണം അടങ്ങിയ പ്രാതൽ കഴിക്കാനോ പ്രതികൾ കൂട്ടാക്കിയില്ല.
"
നാലരയോടെ വൈദ്യപരിശോധന നടപടികൾ പൂര്‍ത്തിയാക്കി. കറുത്ത പരുത്തി തുണികൊണ്ട് മുഖം മറച്ച് കൈകൾ പുറകിൽ കെട്ടിയാണ് പ്രതികളെ എക്സിക്യൂഷൻ ചേംബറിലേക്ക് എത്തിച്ചത്. ശിക്ഷ നടപ്പാക്കി അരമണിക്കൂറോളം മൃതദേഹങ്ങൾ കഴുമരത്തിൽ തന്നെ വച്ചശേഷമാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
കുടുംബാംഗങ്ങളെ കാണണമെന്ന ആഗ്രഹം പ്രതികൾ പ്രകടിപ്പിച്ചിരുന്നു. ജയിലിന് പുറത്ത് അവര്‍ കാത്ത് നിന്നെങ്കിലും ചട്ടം അനുവദിക്കാത്തതിനാൽ അവസാന കൂടിക്കാഴ്ച നടന്നില്ല . അവസാനമായി കാണാൻ അനുവദിക്കണമെന്ന് പ്രതികളുടെ കുടുംബങ്ങൾ ആവശ്യപ്പെട്ടിരുന്നെങ്കിലും ജയിൽ ചട്ടമനുസരിച്ച് ഉചിതമായ തീരുമാനം എടുക്കാനായിരുന്നു സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. ജയിൽ മാന്വൽ ഇത് അനുവദിക്കുന്നില്ലെന്നായിരുന്നു തിഹാര്‍ ജയിൽ അധികൃതര്‍ നിലപാടെടുത്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam