'ഞാനവളുടെ ചിത്രത്തെ കെട്ടിപ്പിടിച്ചു; ആ മൃ​ഗങ്ങളെ തൂക്കിലേറ്റി എന്ന് പറഞ്ഞു'; നിർഭയയുടെ അമ്മ

By Web TeamFirst Published Mar 20, 2020, 9:32 AM IST
Highlights

''ഞാൻ എല്ലാവർക്കും നന്ദി പറയുന്നു. പരമോന്നത നീതിപീഠത്തിന്, സർക്കാരിന് എല്ലാവർക്കും. അവരുടെ എല്ലാ ഹർജികളും കോടതി തള്ളിക്കളഞ്ഞു. രാജ്യം നാണക്കേടിൽ തലകുനിച്ച വർഷമായിരുന്നു 2012.'' ആശാദേവി പറഞ്ഞു. 

ദില്ലി: 'നീതിക്ക് വേണ്ടിയുള്ള കാത്തിരിപ്പ് വേദനാജനകമായിരുന്നു. അവസാനം ഞങ്ങൾക്ക് നീതി ലഭിച്ചു.' മകളെ കൂട്ടബലാത്സം​ഗത്തിനിരയാക്കി കൊലപ്പെടുത്തിയ നാല് കുറ്റവാളികളെ തീഹാർ ജയിലിൽ തൂക്കിലേറ്റിയതിന് ശേഷം നിർഭയയുടെ അമ്മയുടെ വാക്കുകൾ. ഏഴ് വർഷത്തിനപ്പുറം മകൾക്ക് നീതി ലഭിച്ചതിന്റെ ആഹ്ളാദത്തിലാണ് നിർഭയയുടെ അമ്മ ആശാദേവി. 'ഇന്ത്യയുടെ പെൺമക്കൾക്ക് നീതി ലഭിക്കാനുള്ള പോരാട്ടം ഇനിയും തുടരും. വേദനയോടെയാണ് ഞങ്ങൾ കാത്തിരുന്നത്.' മാധ്യമപ്രവർത്തകരോട് സംസാരിക്കവേ ആശാദേവി പറഞ്ഞു. 

'ഞാനവളുടെ ഫോട്ടോയെ കെട്ടിപ്പിടിച്ചു. ആ മൃ​ഗങ്ങളെ തൂക്കിലേറ്റിയെന്ന് അവളോട് പറഞ്ഞു. ഞാൻ എല്ലാവർക്കും നന്ദി പറയുന്നു. പരമോന്നത നീതിപീഠത്തിന്, സർക്കാരിന് എല്ലാവർക്കും. അവരുടെ എല്ലാ ഹർജികളും കോടതി തള്ളിക്കളഞ്ഞു. രാജ്യം നാണക്കേടിൽ തലകുനിച്ച വർഷമായിരുന്നു 2012.' ആശാദേവി പറഞ്ഞു. രാവിലെ 5.30 ക്കാണ് നിർഭയ കേസിലെ നാല് കുറ്റവാളികളായ പവൻ ​ഗുപ്ത,  അക്ഷയ് താക്കൂർ, വിനയ് ശർമ്മ, മുകേഷ് സിം​ഗ് എന്നിവരെ തൂക്കി'ലേറ്റിയത്. 

'ഈ ഒരു ദിവസത്തിന് വേണ്ടിയാണ് ഞാൻ കാത്തിരുന്നത്. ഇന്നത്തെ സൂര്യോദയം ‍ഞങ്ങളെ സംബന്ധിച്ച് മകൾക്ക് നീതി ലഭിച്ച പുത്തൻ സൂര്യോദയമാണ്. ഇന്ത്യയിലെ എല്ലാ പെൺമക്കൾക്കും ഇന്നത്തെ ദിവസം പുതിയ സൂര്യോദയമായിരിക്കും. എന്റെ മകളുടെ ആത്മാവിന് ശാന്തി ലഭിച്ചു.' ആശാദേവി പറഞ്ഞു. 


 

click me!