
ദില്ലി:വധശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിര്‍ഭയ കേസ് പ്രതികള്‍ വീണ്ടും വിചാരണ കോടതിയെ സമീപിച്ചു. രണ്ടാമത്തെ ദയാഹർജിയിലും കോടതിയിൽ സമർപ്പിച്ച മറ്റ് അപേക്ഷകളിലും തീർപ്പാവുന്നത് വരെ ശിക്ഷ നടപ്പാക്കരുത് എന്നാവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്. നാളെ ഹര്‍ജി പരിഗണിക്കും. കേസിന് ആസ്പദമായ സംഭവം നടന്ന സമയത്ത് ദില്ലിയില്‍ ഉണ്ടായിരുന്നില്ലെന്നും അതിനാല്‍ വധശിക്ഷ റദ്ദാക്കണമെന്നുമുള്ള മുകേഷ് സിംഗിന്‍റെ ഹര്‍ജി ഇന്നലെ കോടതി തള്ളിയിരുന്നു. ജയിലില്‍ വച്ച് ക്രൂര മർദനം ഏറ്റതായും മുകേഷ് സിംഗ് ഹർജിയില്‍ വ്യക്തമാക്കിയിരുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി നൽകിയ ഹര്‍ജിയാണ് ഇന്നലെ പട്യാല ഹൗസ് കോടതി തള്ളിയത്. നാലു കുറ്റവാളികളുടെയും വധശിക്ഷ മാർച്ച് 20ന് നടപ്പാക്കാനുള്ള മരണവാറണ്ട് പുറപ്പെടുവിച്ചിരിക്കെയാണ് പ്രതികള്‍ വീണ്ടും ഹര്‍ജിയുമായി കോടതിയെ സമീപിക്കുന്നത്.
അതേസമയം നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നതിനു മുന്നോടിയായുള്ള ഡമ്മി പരീക്ഷണം നടത്തി. ഇന്നലെ തന്നെ ആരാച്ചാര്‍ പവന്‍ കുമാര്‍ തിഹാര്‍ ജയിലിലെത്തിയിരുന്നു. ഇന്ന് രാവിലെയായിരുന്നു ഡമ്മി പരീക്ഷണം നടത്തിയത്. വധശിക്ഷക്കെതിരെ മുകേഷ് സിംഗിന്‍റെ രക്ഷിതാക്കള്‍ നല്‍കിയ അപേക്ഷ ദേശീയ മനുഷ്യാവകാശ കമ്മീഷനും ഇന്നലെ തള്ളി. ശിക്ഷ നടപ്പാക്കാന്‍ രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെ നിയമപരമായ അവസാന സാധ്യതകളും തേടുകയാണ് നാലുപേരും. ശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് അക്ഷയ്ഠാക്കൂറും പവന്‍ ഗുപ്തയും വിനയ് ശര്‍മ്മയും അന്താരാഷ്ട്ര കോടതിയെ സമീപിച്ചിരുന്നു. ഇക്കാര്യത്തിലെ തീരുമാനം ഇന്നോ നാളയോ ഉണ്ടാകും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam