
ദില്ലി: രാജ്യമെമ്പാടുമുള്ള മൊബൈല്‍ഫോണ്‍ ഉപയോക്താക്കളുടെ ഫോണ്‍വിളികളുടെ വിവരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ശേഖരിക്കാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ കുറച്ചുമാസങ്ങളായി ചില പ്രത്യേക ദിവസങ്ങളില്‍ ദില്ലി, ആന്ധ്രാപ്രദേശ്, ഹരിയാന, ഹിമാചല്‍പ്രദേശ്, ജമ്മു കശ്മീര്‍, ഒഡീഷ, മധ്യപ്രദേശ്, പഞ്ചാബ്, എന്നിവിടങ്ങളിലെ ഉപയോക്താക്കളുടെ ഫോണ്‍ വിളികളുടെ രേഖകള്‍ നല്‍കാന്‍ ടെലികോം ഓപ്പറേറ്റര്‍മാരോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടതായി ദി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഉപയോക്താക്കളുടെ സ്വകാര്യത ലംഘിക്കുന്ന നടപടിയാണെന്നും സര്‍ക്കാര്‍ രഹസ്യനീക്കം നടത്തുകയാണെന്നുമുള്ള വിമര്‍ശനങ്ങള്‍ ഉയരുകയാണ്. വാര്‍ത്താവിതരണ വകുപ്പിലെ ലോക്കല്‍ യൂണിറ്റുകള്‍ വഴിയാണ് ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയത്.
കുറച്ചു മാസങ്ങളായി ഇത് തുടരുന്നുണ്ടെങ്കിലും ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് ഫോണ്‍വിളികളുടെ വിവരങ്ങള്‍ ആവശ്യപ്പെട്ട് വ്യാപകമായി അപേക്ഷകള്‍ ലഭിച്ചതെന്ന് ഒരു ടെലികോം സേവനദാതാവിനെ ഉദ്ധരിച്ച് ദി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഉപയോക്താക്കളുടെ സ്വകാര്യത ലംഘിക്കുന്ന തരത്തില്‍ വിവരങ്ങള്‍ നല്‍കുന്നത് തെറ്റാണെന്ന് ചൂണ്ടിക്കാട്ടി ഫെബ്രുവരി 12ന് രാജ്യത്തെ പ്രധാന ടെലികോം സേവനദാതാക്കള്‍ ഉള്‍പ്പെടുന്ന സെല്ലുലാര്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ(സിഒഎഐ)ടെലികോം വകുപ്പ് സെക്രട്ടറി ആന്‍ഷു പ്രകാശിന് പരാതി നല്‍കിയിരുന്നു.
സിഎഎ പ്രതിഷേധ സമരങ്ങള്‍, ദില്ലി തെരഞ്ഞെടുപ്പ് എന്നിവ നടന്ന ഫെബ്രുവരി രണ്ട്, മൂന്ന്, നാല് തീയതികളിലെ ഫോണ്‍വിളി രേഖകള്‍ ടെലികോം മന്ത്രാലയം ആവശ്യപ്പെട്ടിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam