നിർഭയ കേസിലെ കുറ്റവാളികളെ നാളെ തൂക്കിക്കൊല്ലില്ല; വധശിക്ഷ നീട്ടി

By Web TeamFirst Published Jan 31, 2020, 4:21 PM IST
Highlights

പ്രതികളുടെ തൂക്കം ഉള്ള ഡമ്മി കെട്ടി തൂക്കി ഇന്ന്  പരീക്ഷണം നടത്തിയിരുന്നു. ഇന്നലെ ആരാച്ചാർ പവൻ കുമാറിനെ തിഹാർ ജയിലിൽ എത്തിച്ചിരുന്നു. 

ദില്ലി: നിർഭയ കേസിലെ കുറ്റവാളികളുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടി. വധശിക്ഷ നടപ്പാക്കാനുള്ള ഒരുക്കങ്ങൾ തിഹാർ ജയിലിൽ നടക്കുന്നതിനിടെയാണ് കോടതിയുടെ ഉത്തരവ്. ഇവർക്കെതിരെ പുറപ്പെടുവിച്ച മരണവാറണ്ടിന് കോടതി സ്റ്റേ ഏർപ്പെടുത്തി. നാല് പ്രതികളുടെയും തൂക്കിക്കൊലയാണ് നീട്ടിവച്ചിരിക്കുന്നത്. വധശിക്ഷ നടപ്പാക്കരുതെന്ന വിനയ് ശർമ്മയുടെ ഹർജിയിലാണ് വിധി.

തിഹാർ ജയിലിൽ വധശിക്ഷയുടെ ഡമ്മി പരീക്ഷണം ഇന്ന് നടത്തിയിരുന്നു. വധശിക്ഷ നടപ്പാക്കുന്നതിന് തലേദിവസമാണ് ഡമ്മി പരീക്ഷണം നടത്തുന്നത്. പട്യാല ഹൗസ് കോടതി വിധി ഉടനുണ്ടാകും.

കല്ലും മണ്ണും നിറച്ച് ഓരോ പ്രതിയുടെയും തൂക്കത്തിനനുസരിച്ച് തയ്യാറാക്കിയ ചാക്കുകൾ തൂക്കി നോക്കിയാണ് ഡമ്മി പരീക്ഷണം നടത്തിയത്. ഇന്നലെ ആരാച്ചാർ പവൻ കുമാറിനെ തിഹാർ ജയിലിൽ എത്തിച്ചിരുന്നു. ഇന്ത്യയിൽ ആദ്യമായിട്ടാണ് നാല് കുറ്റവാളികൾക്ക് ഒരുമിച്ച് തൂക്കുകയറൊരുങ്ങുന്നത്. അതിനാൽ വളരെ വിശാലമായ രീതിയിലാണ് തൂക്കുമരത്തട്ട് തയ്യാറാക്കുന്നതെന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നു. ഇത് രണ്ടാം തവണയാണ് ഡമ്മി പരീക്ഷണം നടത്തുന്നത്.

മരണവാറണ്ട് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നി‍ർഭയകേസ് പ്രതി അക്ഷയ് സിംഗ് സമ‍ർപ്പിച്ച തിരുത്തൽ ഹർജി സുപ്രീംകോടതി ഇന്നലെ തള്ളിയിരുന്നു. ജസ്റ്റിസ് എൻ വി രമണ, അരുൺ മിശ്ര, ആർ എഫ് നരിമാൻ, ആർ ഭാനുമതി, അശോക് ഭൂഷൺ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. ഫെബ്രുവരി ഒന്നിനാണ് കേസിൽ നാല് കുറ്റവാളികളുടേയും വധശിക്ഷ നടപ്പാക്കാനുള്ള മരണവാറണ്ടിന്‍റെ സമയം അവസാനിക്കുന്നത്. 

പുതിയ ദയാഹര്‍ജി വന്ന സാഹചര്യത്തിൽ ഫെബ്രുവരി ഒന്നിലെ മരണവാറണ്ട് നടപ്പാക്കാനാകില്ലെന്ന് നേരത്തേ സൂചനയുണ്ടായിരുന്നു. പ്രതികളിലൊരാളായ വിനയ് ശര്‍മയാണ് ഇന്നലെ രാഷ്ട്രപതിക്ക് ദയാഹര്‍ജി സമര്‍പ്പിച്ചത്. ദയാഹര്‍ജിയില്‍ തീരുമാനമെടുത്ത് 14 ദിവസത്തിന് ശേഷമേ വധശിക്ഷ നടപ്പാക്കാവൂ എന്നാണ് ചട്ടം. കേസിലെ മറ്റൊരു പ്രതി മുകേഷ് സിംഗ് നൽകിയ ആദ്യ ദയാഹര്‍ജി രാഷ്ട്രപതി നേരത്തെ തള്ളിയിരുന്നു.

Also Read: 'ഈ നാലുപേരെ തൂക്കിലേറ്റുന്നതിൽ ഒരു മനസ്സാക്ഷിക്കുത്തുമില്ലെ'ന്ന് ആരാച്ചാർ പവൻ ജല്ലാദ്

2012 ഡിസംബര്‍ 16-നാണ്  23 വയസ്സുള്ള പാരാമെഡിക്കൽ വിദ്യാർത്ഥിനി ദില്ലിയിൽ ബസ്സിൽ വച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കപ്പെട്ടത്. പീഡനശേഷം നഗ്നയാക്കിയ യുവതിയെയും കൂടെയുണ്ടായിരുന്ന സുഹൃത്തിനെയും ആക്രമികൾ വഴിയിൽ തള്ളി. ക്രൂരബലാത്സംഗത്തിനിടെ ആന്തരികാവയവങ്ങൾക്ക്  ഗുരുതരമായ ക്ഷതങ്ങളേറ്റതിനെ തുടർന്ന് ദില്ലി സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെൺകുട്ടിയെ പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലെ മൌണ്ട് എലിസബത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഡിസംബർ 29-ന് മരണം സംഭവിച്ചു. 

 

click me!