
ദില്ലി: നിര്‍ഭയ കേസില്‍ പ്രതികളെ തൂക്കിക്കൊല്ലുന്ന തീയതി നീട്ടിയതില്‍ പ്രതികരണവുമായി നിര്‍ഭയയുടെ അമ്മ. പ്രതികളിലൊരാളുടെ ദയാഹര്‍ജി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജനുവരി 22ന് വധശിക്ഷ നടപ്പാക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. സര്‍ക്കാറിന്‍റെയും തിഹാര്‍ ജയില്‍ അധികൃതരുടെയും വീഴ്ചകാരണം ഞാനെന്തിന് സഹിക്കണമെന്നും ജനുവരി 22ന് തന്നെ പ്രതികളെ തൂക്കിലേറ്റണമെന്നും അമ്മ പ്രതികരിച്ചു.
വധശിക്ഷ നടപ്പാക്കുന്ന തീയതി ഇനിയും നീട്ടരുത്. പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ ഒരുപാട് പഴുതുകളുണ്ട്. എന്‍റെ മകളുടെ ഘാതകരെ ശിക്ഷിക്കുന്നതും കാത്ത് എന്നെപ്പോലൊരാള്‍ വര്‍ഷങ്ങളായി കോടതിയെ ചുറ്റുകയാണ്. ദില്ലി സര്‍ക്കാറിന്‍റെയും ജയില്‍ അധികൃതരുടെയും വീഴ്ച കാരണം ഞാനെന്തിന് സഹിക്കണം- അമ്മ മാധ്യമങ്ങളോട് പറഞ്ഞു. അവര്‍ക്ക്(പ്രതികള്‍ക്ക്) അവകാശങ്ങളുണ്ട്. അതുപോലെ ഏഴ് വര്‍ഷം മുമ്പ് ക്രൂരമായി കൊല്ലപ്പെട്ട മകള്‍ക്ക് നീതി കിട്ടണമെന്ന് ഞങ്ങള്‍ക്കും അവകാശമുണ്ടെന്നും അവര്‍ പറഞ്ഞു.
നേരത്തെ ദില്ലി കോടതി തന്നെ പുറപ്പെടുവിച്ച മരണ വാറണ്ട് പ്രകാരം ജനുവരി 22-ന് രാവിലെ ഏഴ് മണിക്ക് പ്രതികളെ തൂക്കിക്കൊല്ലാന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ പ്രതി വീണ്ടും ദയാഹര്‍ജി നല്‍കുകയും അവയെല്ലാം കോടതിയില്‍ നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ വധശിക്ഷ ഇപ്പോള്‍ നടപ്പാക്കാനാവില്ലെന്നും വാറണ്ട് താല്‍കാലികമായി സ്റ്റേ ചെയ്യുന്നുവെന്നും കോടതി അറിയിച്ചു. പ്രതികളുടെ വധശിക്ഷ നടപ്പാക്കാനായി പുതിയ തീയതി കണ്ടെത്തി ഉത്തരവിറക്കണമെന്ന് തിഹാര്‍ ജയില്‍ അധികൃതര്‍ ആവശ്യപ്പെട്ടു.
മരണവാറണ്ട് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് മുകേഷ് സിംഗ് ദില്ലി കോടതിയെ സമീപിച്ചത്. മുകേഷ് സിംഗിന്‍റെ ദയാഹർജിയിൽ ഇതുവരെ തീരുമാനമായില്ലെന്ന് അമികസ്ക്യൂറി വൃന്ദ ഗ്രോവർ കോടതിയെ അറിയിച്ചു. പ്രതികള്‍ വീണ്ടും ദയാഹര്‍ജി നല്‍കുകയും അത് കോടതി പരിഗണിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ വധശിക്ഷ നടപ്പാക്കാനാവില്ലെന്ന് അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടി.
അതേസമയം നിശ്ചിത സമയത്തിനകം ഹർജി നൽകിയില്ല എന്ന് ചൂണ്ടിക്കാട്ടിയല്ല സുപ്രീംകോടതി മുകേഷ് സിംഗിന്‍റെ തിരുത്തൽ ഹർജി തള്ളിയതെന്നും വിചാരണ കോടതി പുറപ്പെടുവിച്ച മരണവാറണ്ട് വിചാരണകോടതിക്ക് തന്നെ സ്റ്റേ ചെയ്യാൻ വ്യവസ്ഥയില്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഈ ഘട്ടത്തില്‍ സ്വന്തം ഉത്തരവ് പുനപരിശോധിക്കാന്‍ തനിക്കാവില്ലെന്ന് കേസ് പരിഗണിച്ച ജഡ്ജി വ്യക്തമാക്കി. സ്വന്തം ഉത്തരവ് പുനപരിശോധിക്കാൻ തനിക്കാകില്ലെന്ന് ജഡ്ജി കൂട്ടിച്ചേര്‍ത്തു. പ്രതികളിലൊരാളായ മുകേഷ് സിംഗ് നല്‍കിയ ഹര്‍ജി ഇപ്പോള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam