കെജ്‌രിവാളിനെതിരെ മത്സരിക്കുമോ? അഭ്യൂഹങ്ങള്‍ക്കിടെ നിലപാട് വ്യക്തമാക്കി നിര്‍ഭയയുടെ അമ്മ

By Web TeamFirst Published Jan 17, 2020, 6:25 PM IST
Highlights

തനിക്ക് കോൺഗ്രസ് പാർട്ടിയുമായി ബന്ധമില്ല. തെരഞ്ഞെടുപ്പിൽ പാർട്ടി ടിക്കറ്റ് വാഗ്ദാനം ചെയ്താൽ താൻ മത്സരിക്കില്ലെന്നും അവർ വ്യക്തമാക്കി. 

ദില്ലി: നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ മത്സരിക്കില്ലെന്ന് നിർഭയയുടെ അമ്മ. കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കാനൊരുങ്ങുന്നുവെന്ന അഭ്യൂഹങ്ങൾ അടിസ്ഥാനരഹിതമാണെന്നും ദില്ലിയിൽ കൂട്ടബലാത്സം​ഗത്തിന് ഇരയായി കൊല്ലപ്പെട്ട നിർഭയയുടെ അമ്മ വ്യക്തമാക്കി. തനിക്ക് രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ ആ​ഗ്രഹമില്ലെന്നും ഇത്തരം ഊഹങ്ങൾ അടിസ്ഥാനരഹിതമാണെന്നും അവര്‍ പറഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു.

തനിക്ക് കോൺഗ്രസ് പാർട്ടിയുമായി ബന്ധമില്ല. തെരഞ്ഞെടുപ്പിൽ പാർട്ടി ടിക്കറ്റ് വാഗ്ദാനം ചെയ്താൽ താൻ മത്സരിക്കില്ലെന്നും അവർ വ്യക്തമാക്കി. ദില്ലിയിൽ കോൺ​ഗ്രസ് ടിക്കറ്റിൽ‌ നിർഭയയുടെ അമ്മ മത്സരിക്കാനൊരുങ്ങുന്നുവെന്ന വാർത്ത വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു പ്രചരിച്ചത്. ഇതുസംബന്ധിച്ച് മാധ്യമപ്രവർത്തകൻ പങ്കുവച്ച ട്വീറ്റ് ഏറ്റെടുത്ത കോൺ​ഗ്രസ് നേതാവ് കിതി ആസാദ്, നിർഭയയുടെ അമ്മയെ പാർട്ടിയിലേക്ക് സ്വാ​ഗതം ചെയ്യുന്നുവെന്ന് റീട്വീറ്റ് ചെയ്തതോടെയാണ് അഭ്യൂഹങ്ങള്‍ ശക്തമായത്.

Read More: നിര്‍ഭയ കേസ്: പ്രതികളുടെ വധശിക്ഷ ഫെബ്രുവരി ഒന്നിന് നടപ്പാക്കും; പുതിയ മരണ വാറണ്ട് പുറപ്പെടുവിച്ചു

അതേസമയം, 2012ൽ രാജ്യതലസ്ഥാനത്ത് നടന്ന നിർഭയ കൂട്ടബലാത്സം​ഗക്കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കാനുള്ള രണ്ടാമത്തെ മരണ വാറണ്ട് കോടതി പുറപ്പെടുവിച്ചു. കേസിലെ രണ്ടാംപ്രതി മുകേഷ് സിംഗ് സമർപ്പിച്ച ദയാഹർജി രാഷ്ട്രപതി തള്ളിയതിന് തൊട്ടുപിന്നാലെയാണ് കോടതി മരണ വാറണ്ട് പുറപ്പെടുവിച്ചത്. ദയാഹർജി തള്ളുന്നതിനും ശിക്ഷ നടപ്പാക്കുന്നതിനുമിടയിൽ 14 ദിവസത്തെ വ്യത്യാസം വേണമെന്ന സുപ്രീംകോടതി മാർഗനിർദ്ദേശം അനുസരിച്ചാണ് അഡീഷണൽ സെഷൻസ് ജഡ്ജി സതീഷ് അതോറ ഫെബ്രുവരി ഒന്നിന് ശിക്ഷ നടപ്പാക്കാനുള്ള മരണ വാറന്റ് പുറപ്പെടുവിച്ചത്.

click me!