
ദില്ലി: പരസ്പരം പഴി പറയുന്നതിന് പകരം സാമ്പത്തിക നില മെച്ചപ്പെടുന്നതിനെ കുറിച്ച് ചർച്ച ചെയ്യാമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. രാജ്യത്ത് സാമ്പത്തികമാന്ദ്യമില്ലെന്നും പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് മറുപടിയായി ധനമന്ത്രി ആവര്‍ത്തിച്ചു. ഇന്ത്യയില്‍ സാമ്പത്തികമാന്ദ്യമുണ്ടെന്ന തരത്തില്‍ ആശങ്ക പരത്തരുതെന്ന് രാജ്യസഭയില്‍ ചര്‍ച്ചയില്‍ പങ്കെടുക്കവേ അല്‍ഫോൻസ് കണ്ണന്താനം എംപി അഭിപ്രായപ്പെട്ടു.
രണ്ടാം യുപിഎം സര്‍ക്കാരിന്‍റെ കാലത്ത് ജി ഡി പി 6.4 ശതമാനം ആയിരുന്നു. ഒന്നാം മോദി സർക്കാരിന്റെ കാലത്ത് ഇത് 7.5 ശതമാനമായി. യഥാർത്ഥ്യം ഉൾക്കൊള്ളാൻ ഇപ്പോഴും പലർക്കും മടിയാണെന്നും നിർമ്മല സീതാരാമൻ പറഞ്ഞു. വസ്തുതകളുടെ അടിസ്ഥാനത്തിലാണ് താൻ സംസാരിക്കുന്നത്. തെരഞ്ഞെടുത്ത ജനങ്ങളോട് ബാധ്യതയുണ്ടായിരുന്നെങ്കിൽ പ്രതിപക്ഷം ചർച്ചയിൽ പങ്കെടുത്തേനെയെന്നും ധനമന്ത്രി പറഞ്ഞു.
സാമ്പത്തിക നില മെച്ചപ്പെടാൻ 32 നടപടികൾ സ്വീകരിച്ചു. എല്ലാത്തിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. വിവരങ്ങൾ സഭയിൽ വയ്ക്കാം. നോട്ട് നിരോധനം കള്ള പണം പിടിക്കാനുള്ള മികച്ച മാർഗമായിരുന്നു. ബാങ്കിലേക്കെത്തിയത് മുഴുവൻ കള്ളപ്പണമാണെന്ന് ഇതിന് അർത്ഥമില്ല. നടപടിയിലൂടെ പ്രധാനമന്ത്രിയുടെ ഇച്ഛാശക്തി വ്യക്തമായെന്നും ധനമന്ത്രി പറഞ്ഞു.
ഇന്ത്യയില്‍ സാമ്പത്തിക മാന്ദ്യമില്ലെന്ന് അല്‍ഫോണ്‍സ് കണ്ണന്താനവും പ്രതികരിച്ചു. ജിഎസ്‍ടിയുടെ ഗുണങ്ങള്‍ തിരിച്ചറിയാന്‍ സമയം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ധനമന്ത്രി സഭയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. പ്രതിപക്ഷം സഭയില്‍ ബഹളം വെക്കുകയും തുടര്‍ന്ന് സഭ ബഹിഷ്കരിക്കുകയും ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam