ദില്ലി: രാജ്യത്ത് പാവപ്പെട്ടവരും പണക്കാരും തമ്മിലുള്ള അകലം കൂടുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ കുറ്റപ്പെടുത്തി. തൊഴിലില്ലായ്മ വര്‍ധിച്ചു. വ്യവസായ രംഗം മുമ്പെങ്ങുമില്ലാത്തവിധം തകര്‍ച്ചയിലാണെന്നും അദ്ദേഹം ആരോപിച്ചു.

സാമ്പത്തിക മാന്ദ്യം രാജ്യസഭയില്‍  ചർച്ചയായപ്പോഴായിരുന്നു ആനന്ദ് ശര്‍മ്മയുടെ ആരോപണം. രാജ്യത്തെ ജിഡിപി ദിനംപ്രതി ഇടിയുകയാണെന്ന് അദ്ദേഹം പറഞ്ഞു. കോർപ്പറേറ്റ് നിക്ഷേപങ്ങൾ കുറയുന്നു. സാമ്പത്തിക മാന്ദ്യത്തെ കുറിച്ച് കേന്ദ്ര സർക്കാർ ഒന്നും മിണ്ടുന്നില്ല. നോട്ട് നിരോധനത്തിന്റെ തിരിച്ചടിയാണ് സാമ്പത്തിക മാന്ദ്യം. ജിഎസ്‍ടിയും പരാജയമാണെന്നും ആനന്ദ് ശര്‍മ്മ അഭിപ്രായപ്പെട്ടു.

നോട്ട് നിരോധനവും ജിഎസ്‍ടിയും ജനങ്ങളെ അരക്ഷിതരാക്കിയെന്ന് തൃണമൂൽ എം പി  ഡെറിക് ഒബ്രിയൻ പറഞ്ഞു. രാജ്യത്തെ സമസ്ത മേഖലകളും തകർച്ചയിലെന്ന് എളമരം കരീം അഭിപ്രായപ്പെട്ടു.