
ദില്ലി: ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എഐ) ദുരുപയോഗം വർധിച്ചു വരുന്നതിൽ ആശങ്ക രേഖപ്പെടുത്തി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനായി തന്റെ ഡീപ്ഫേക്ക് വീഡിയോകൾ ഓൺലൈനിൽ പ്രചരിക്കുന്നുണ്ടെന്നും മന്ത്രി വെളിപ്പെടുത്തി. മുംബൈയിൽ നടന്ന ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിൽ സംസാരിക്കുകയായിരുന്നു നിർമ്മല സീതാരാമൻ. "ഞാൻ വ്യക്തിപരമായി പറയുകയല്ല, എന്നാൽ എന്നെ ഉപയോഗിച്ച് തന്നെ നിർമ്മിച്ച നിരവധി ഡീപ്ഫേക്ക് വീഡിയോകൾ ഓൺലൈനിൽ പ്രചരിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. സാധാരണക്കാരെ തെറ്റിദ്ധരിപ്പിക്കാനാണ് ഇത് ഉപയോഗിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
സുരക്ഷിതവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഒരു സാങ്കേതിക സംവിധാനം കെട്ടിപ്പടുക്കുന്നതിനായി ഫിൻടെക് ഇന്നൊവേറ്റർമാർ, നിക്ഷേപകർ, റെഗുലേറ്റർമാർ എന്നിവർ സഹകരിക്കണമെന്ന് ധനമന്ത്രി ആവശ്യപ്പെട്ടു. എ.ഐ. സാമ്പത്തിക മേഖലയെയും ഭരണ നിർവഹണത്തെയും ദൈനംദിന ജീവിതത്തെയും മാറ്റിമറിക്കുന്നു എന്നതിൽ സംശയമില്ല. എന്നാൽ അതിൻ്റെ ശക്തിയെ നാം ഉപയോഗിക്കുമ്പോൾ, സാങ്കേതികവിദ്യ എപ്പോഴും മനുഷ്യരാശിക്ക് വേണ്ടിയായിരിക്കണം എന്ന ബോധം നമുക്കുണ്ടായിരിക്കണം. എഐ. അസാധാരണമായ സാധ്യതകൾ തുറക്കുമ്പോൾ തന്നെ അതിന്റെ ഇരുണ്ട വശത്തെയും നാം നേരിടേണ്ടതുണ്ടെന്നും റെഗുലേറ്റർമാർ, ഫിൻടെക്കുകൾ, സ്റ്റാർട്ടപ്പുകൾ, പൗരന്മാർ എന്നിങ്ങനെ ഈ സംവിധാനത്തിലെ എല്ലാ ഭാഗങ്ങളും പരസ്പര വിശ്വാസത്തോടെ പ്രവർത്തിക്കണമെന്നും മന്ത്രി ഓർമ്മിപ്പിച്ചു.
മൂന്ന് ദിവസത്തെ പരിപാടിയുടെ ആദ്യ ദിവസം ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയിൽ വിദേശ കറൻസി സെറ്റിൽമെന്റ് സിസ്റ്റം (FCSS) നിർമ്മല സീതാരാമൻ ഉദ്ഘാടനം ചെയ്തു. വിദേശ കറൻസി ഇടപാടുകളുടെ തത്സമയ സെറ്റിൽമെന്റ് സാധ്യമാക്കുക വഴി അന്താരാഷ്ട്ര വ്യാപാരം വർദ്ധിപ്പിക്കാനും നിക്ഷേപം ആകർഷിക്കാനും ബിസിനസ് ചെയ്യുന്നത് മെച്ചപ്പെടുത്താനും ഈ സംരംഭം ലക്ഷ്യമിടുന്നു. സംവിധാനം നിലവിൽ വന്നതോടെ, ഹോങ്കോംഗ്, ടോക്കിയോ, മനില തുടങ്ങിയ വിദേശ കറൻസി സെറ്റിൽമെന്റ് സംവിധാനമുള്ള രാജ്യങ്ങളോടൊപ്പം ഇന്ത്യയും സ്ഥാനം പിടിച്ചു. സിസ്റ്റം പ്രാഥമികമായി യുഎസ് ഡോളറിലുള്ള ഇടപാടുകൾ കൈകാര്യം ചെയ്യും, മറ്റ് കറൻസികളിലുള്ള സെറ്റിൽമെന്റ് പിന്നീട് പ്രവർത്തനക്ഷമമാക്കും. സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്കിനെയാണ് സെറ്റിൽമെൻ്റ് ബാങ്കായി തൊരഞ്ഞെടുത്തത്.
പേയ്‌മെൻ്റ്സ് കൗൺസിൽ ഓഫ് ഇന്ത്യ (PCI), നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI), ഫിൻടെക് കൺവെർജൻസ് കൗൺസിൽ (FCC) എന്നിവ സംയുക്തമായാണ് ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക സാങ്കേതിക ഇവൻ്റ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന പരിപാടി സംഘടിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുകെ. പ്രതിപക്ഷ നേതാവ് കിയർ സ്റ്റാർമറും അടക്കം പരിപാടിയിൽ സംസാരിക്കാൻ എത്തുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam