'നിസർഗ' അതിതീവ്ര ചുഴലിക്കാറ്റാകും; മഹാരാഷ്ട്ര,ഗുജറാത്ത് തീരങ്ങളിൽ അതീവ ജാഗ്രത, മുംബൈയിൽ നിരോധനാജ്ഞ

Published : Jun 03, 2020, 07:43 AM ISTUpdated : Jun 03, 2020, 08:39 AM IST
'നിസർഗ' അതിതീവ്ര ചുഴലിക്കാറ്റാകും; മഹാരാഷ്ട്ര,ഗുജറാത്ത് തീരങ്ങളിൽ അതീവ ജാഗ്രത, മുംബൈയിൽ നിരോധനാജ്ഞ

Synopsis

120 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ വടക്കൻ മഹാരാഷ്ട്ര തീരവും ഇതോട് ചേർന്ന് കിടക്കുന്ന ഗുജറാത്തിന്‍റെ തെക്കൻ തീരവും അതീവ ജാഗ്രതയിലാണ്.

മുംബൈ: അറബിക്കടലിൽ രൂപം കൊണ്ട നിസർഗ ചുഴലിക്കാറ്റ് ഉടൻ തീവ്ര ചുഴലിയായി മാറും. ഇതോടെ വേഗം മണിക്കൂറിൽ 100 കിലോമീറ്റർ കടക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് വൈകീട്ടോടെ മഹാരാഷ്ട്രയുടെ റായ്ഗഡ് ജില്ലയിലെ അലിബാഗിലൂടെയാണ് ചുഴലി കരയിലേക്ക് വീശുക.  120 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ വടക്കൻ മഹാരാഷ്ട്ര തീരവും ഇതോട് ചേർന്ന് കിടക്കുന്ന ഗുജറാത്തിന്‍റെ തെക്കൻ തീരവും അതീവ ജാഗ്രതയിലാണ്. കടൽ ഒരു കിലോമീറ്റ‌ർ വരെ കരയിലേക്ക് കയറാമെന്നും മുന്നറിയിപ്പുണ്ട്.

തീരമേഖലയിൽ നിന്ന് ജനങ്ങളെ കൂട്ടത്തോടെ ഒഴിപ്പിക്കാനുള്ള ശ്രമം പുലര്‍ച്ചെ വരെ നീണ്ടു. തീര ജില്ലകളിൽ രാത്രി മുതൽ ശക്തമായ മഴ പെയ്യുന്നുണ്ട്. മുംബൈ,താനെ,പാൽഖർ, റായ്ഗഡ് ജില്ലകളിൽ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ജനങ്ങൾ വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ആവശ്യപ്പെട്ടു. മുംബൈയിൽ നിരോധനാഞ്ജ പ്രഖ്യാപിച്ചു. മുംബൈയിൽ നിന്നുള്ള 17 വിമാനസർവീസുകൾ ഇൻഡിഗോ റദ്ദാക്കി. 

'നിസർ​ഗ' രൂപംകൊണ്ടു; ഇന്ന് രാത്രിയോടെ തീവ്രചുഴലിക്കാറ്റാവും, നാളെ തീരത്തേക്ക്; മുംബൈയിൽ അതിജാ​ഗ്രത.

മുംബൈയില്‍ നിരോധനാജ്ഞ 

കൊവിഡിനെ പ്രതിരോധിക്കാൻ പാടുപെടുന്നതിനിടെ മുംബൈ നഗരം ഒരു പ്രകൃതി ദുരന്തത്തെക്കൂടി ഭയക്കുകയാണ്. നിസർഗ ചുഴലിക്കാറ്റിന്‍റെ സ്വാധീനഫലമായുണ്ടാവുന്ന കനത്ത മഴയിൽ നഗരം മുങ്ങുമോ എന്നാണ് ആശങ്ക. 2005 ലെ മുംബൈ വെള്ളപ്പൊക്കത്തിന് ശേഷം ഉണ്ടാകുന്ന ഏറ്റവും ശക്തമായ മഴയാണ് പ്രവചനങ്ങളിലുള്ളത്. അടുത്ത 24 മണിക്കൂറിൽ 20 സെന്‍റീമീറ്ററിൽ കൂടുതൽ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു.

മുട്ടറ്റം വെള്ളമെത്തുന്ന ഓരോ മഴക്കാലത്തും മുംബൈക്കാരുടെ മനസിലേക്കെത്തുന്ന വിറങ്ങലിച്ച ഓർമയുണ്ട്. 2005 ജൂലൈ 26 ലെ പെരുമഴയില്‍ 90 സെന്‍റീമീറ്ററിലധികം മഴയാണ് ഒറ്റ ദിവസം പെയ്തിറങ്ങിയത്. കെട്ടിടങ്ങളുടെ പല നിലകൾ മുങ്ങി. വാഹനങ്ങളിലും വീടുകളിലും അടക്കം ശ്വാസം കിട്ടാതെ 1000 ലേറെ പേർ മരിച്ചു. സമുദ്ര നിരപ്പിൽ നിന്ന് താഴെയായ മുംബൈയിലെ പല ഭാഗങ്ങളും എല്ലാ മഴക്കാലത്തും മുങ്ങാറുണ്ട്.റെഡ് അലേർട് പ്രഖ്യാപിച്ചതിന് പിന്നാലെ ചേരികളിലടക്കം താഴ്ന്ന പ്രദേശങ്ങളിലുള്ളവരെ മാറ്റിപാർപ്പിക്കുകയാണ്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അം​ഗൻവാടിക്ക് പുറത്ത് പൊരിവെയിലിൽ കുട്ടികൾക്കൊപ്പം പാത്രത്തിൽ ഭക്ഷണം കഴിക്കുന്ന ആടുകൾ; മധ്യപ്രദേശിൽ അന്വേഷണത്തിന് ഉത്തരവ്
'ശരിക്കും ഭയന്ന് വിറച്ച് ഏറെ നേരം', ആര്‍പിഎഫ് സഹായത്തിനെത്തും വരെ ട്രെയിൻ ടോയ്‌ലറ്റിൽ കുടുങ്ങി യാത്രക്കാരി, വീഡിയോ