Asianet News MalayalamAsianet News Malayalam

'നിസർ​ഗ' രൂപംകൊണ്ടു; ഇന്ന് രാത്രിയോടെ തീവ്രചുഴലിക്കാറ്റാവും, നാളെ തീരത്തേക്ക്; മുംബൈയിൽ അതിജാ​ഗ്രത

പനാജിക്ക് 280 കിലോമീറ്റർ അകലെയാണ് നിസർ​ഗയുടെ നിലവിലെ സ്ഥാനം. നിസർ​ഗ നാളെ വൈകിട്ട് വടക്കൻ മഹാരാഷ്ട്രയിൽ തീരം തൊടും. മണിക്കൂറിൽ 120 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്. 

cyclone nisarga to hit maharashtra in 12 hours high alert in mumbai
Author
Mumbai, First Published Jun 2, 2020, 4:12 PM IST

മുംബൈ: അറബിക്കടലിൽ നിസർഗ ചുഴലിക്കാറ്റ് രൂപം കൊണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തീവ്ര ന്യൂന മർദ്ദമാണ് ചുഴലിക്കാറ്റായി മാറിയത്. ഇന്ന് രാത്രിയോടെ നിസർഗ തീവ്ര ചുഴലിക്കാറ്റായി മാറും.

പനാജിക്ക് 280 കിലോമീറ്റർ അകലെയാണ് നിസർ​ഗയുടെ നിലവിലെ സ്ഥാനം. നിസർ​ഗ നാളെ വൈകിട്ട് വടക്കൻ മഹാരാഷ്ട്രയിൽ തീരം തൊടും. മണിക്കൂറിൽ 120 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്. റായിഗഡിലെ അലിബാഗിലൂടെ കരയിലേക്ക് വീശുമെന്നാണ് കാലാവസ്ഥ കേന്ദ്രം അറിയിച്ചിരിക്കുന്നത്. മുംബൈയിൽ അതി ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്. മഹാരാഷ്ട്ര, ഗുജറാത്ത്‌ തീരത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇന്ത്യൻ തീരത്ത് ഒരു മാസത്തിനിടെയുണ്ടാകുന്ന രണ്ടാമത്തെ ചുഴലിക്കാറ്റാണ് നിസർ​ഗ.

അറബിക്കടലിലെ തീവ്രന്യൂനമർദ്ദം നിസർഗ ചുഴലിക്കാറ്റായി മാറിയതോടെ സംസ്ഥാനത്ത് ദുരന്ത നിവാരണ അതോറിറ്റി അതീവ ജാഗ്രതാനിർദ്ദേശം നൽകിയിരിക്കുകയാണ്.  അടുത്ത 5 ദിവസവും ശക്തമായ മഴ തുടരും. ഇന്ന് നാല് ജില്ലകളിലും നാളെ മൂന്ന് ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍,മലപ്പുറം ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് . ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായി മഴ തുടർന്നതോടെ താഴ്ന്ന പ്രദേശങ്ങളിലെ നിരവധി വീടുകളിൽ വെളളംകയറി.

എറണാകുളം ഭൂതത്താൻകെട്ട് അണക്കെട്ടിലെ 5 ഷട്ടറുകളും മലങ്കര ഡാമിലെ 3 ഷട്ടറുകളും തുറന്നുവിട്ടിരിക്കുകയാണ്. തിരുവനന്തപുരത്ത് അരുവിക്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ തുറന്നു. ഇടുക്കിയിൽ മണ്ണിടിച്ചിലിന് സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരും ഹൈറേഞ്ചിൽ യാത്ര ചെയ്യുന്നവരും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

തീരത്ത് 60 കി.മീ. വരെ വേഗതയില്‍ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തീരമേഖലയിൽ കടലാക്രമണവും ശക്തമായി തുടരുകയാണ്

Follow Us:
Download App:
  • android
  • ios