ജാതി സെൻസസ് ആവശ്യത്തിൽ ഒന്നിച്ച് നിതീഷ് കുമാറും തേജസ്വിയും, പ്രധാനമന്ത്രിയെ കാണും

By Web TeamFirst Published Aug 20, 2021, 4:53 PM IST
Highlights

ഇത് ആദ്യമായാണ് നിതീഷ് കുമാറും തേജസ്വി യാദവും ഒരു വിഷയത്തിൽ സഹകരിക്കുന്നത്. എന്നാൽ  ജാതി സെൻസസ് നടത്തണമെന്ന ആവശ്യത്തോട് കേന്ദ്രസർക്കാരിന് യോജിപ്പില്ല

ദില്ലി: ജാതി സെൻസസ് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാനൊരുങ്ങി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും തേജസ്വി യാദവും. ഇത് ആദ്യമായാണ് നിതീഷ് കുമാറും തേജസ്വി യാദവും ഒരു വിഷയത്തിൽ സഹകരിക്കുന്നത്. എന്നാൽ  ജാതി സെൻസസ് നടത്തണമെന്ന ആവശ്യത്തോട് കേന്ദ്രസർക്കാരിന് യോജിപ്പില്ല. 

ജാതി സെൻസസ് നടത്തണമെന്ന പ്രതിപക്ഷ പാർട്ടികളുടെ ആവശ്യത്തിനൊപ്പമാണ് എൻഡിഎ ഘടകക്ഷിയായ ജെഡിയുവും. വിഷയത്തിൽ  തേജസ്വി യാദവും നിതീഷും കുമാറും മറ്റ് പ്രതിപക്ഷപാർട്ടി പ്രതിനിധികൾക്കൊപ്പം  തിങ്കളാഴ്ചയാണ് പ്രധാനമന്ത്രിയെ കാണുക. പെഗാസസിൽ അന്വേഷണം വേണമെന്ന് നിതീഷ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ജാതി സെൻസസിലെ  തേജസ്വിയുമായുളള സഹകരണം. ആർജെഡിയുമായി സഹകരിക്കാൻ സാധിക്കുമെന്ന സൂചന നല്കുകയാണോ ഉദ്ദേശമെന്ന ചോദ്യം ജെഡിയു തള്ളി. പാർട്ടി എൻഡിഎയുടെ ഭാഗമാണെന്നും പൊതു വിഷയമെന്നതിലാണ് സഹകരണമെന്നുമാണ് ജെഡിയു നിലപാട്. 

ജാതി സെൻസസിൽ പ്രധാനമന്ത്രി കാണാൻ സമയം നൽകാത്തതിൽ മുഖ്യമന്ത്രി നിതീഷ് കുമാറിനെ അപമാനിക്കുന്നതാണെന്ന് നേരത്തെ  തേജ്സ്വിയാദവ് പറഞ്ഞിരുന്നു. കേന്ദ്രസർക്കാരിന് യോജിപ്പില്ലെങ്കിലും  ബിഹാറിലെ ബിജെപി നേതാക്കളിൽ ചിലർ  ജാതി സെൻസസ് വേണമെന്ന അഭിപ്രായം പരസ്യമായി പ്രകടിപ്പിച്ചിട്ടുണ്ട്. ചില  ബിജെപി നേതാക്കളും പ്രധാനമന്ത്രിയെ കാണാനായി സംഘത്തിലുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. യുപി അടക്കമുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജാതി സെൻസസ് ആവശ്യം ശക്തിപ്പെടുത്തുന്നത് ബിജെപിക്ക്  പ്രതിസന്ധിയായിരിക്കുകയാണ്. 

എസ് സി എസ് ടി വിഭാഗങ്ങളെ ഒഴിച്ച് മറ്റ് ജാതി വിഭാഗങ്ങളുടെ കണക്കെടുപ്പ് നടത്തേണ്ടതില്ലെന്നാണ് സർക്കാർ നിലപാടെന്ന് ആഭ്യന്തരവകുപ്പ് പാർലമെൻറില് ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞിരുന്നു. 1931 ലാണ് രാജ്യത്ത് അവസാനമായി ജാതി സെൻസസ് നടന്നത്. 2011 ലും വിവരം ശേഖരിച്ചെങ്കിലും നിരവധി പൊരുത്തേക്കേടുകളെ തുടർന്ന് കണക്കെടുപ്പ് പുറത്ത് വിട്ടിരുന്നില്ല. 


 

click me!