സര്‍ക്കാര്‍ രൂപീകരിച്ച് രണ്ടാംദിനത്തില്‍ മോദിക്കെതിരെ നിതീഷിന്‍റെ ഒളിയമ്പ്

By Web TeamFirst Published May 31, 2019, 6:28 PM IST
Highlights

രണ്ട് ക്യാബിനറ്റ് മന്ത്രി സ്ഥാനങ്ങളാണ് നിതീഷ് കുമാര്‍ ചോദിച്ചത്. എന്നാല്‍ ബി.ജെ.പി ഒരു മന്ത്രിസ്ഥാനമാണ് വാഗ്ദാനം ചെയ്തത്.

ദില്ലി: മന്ത്രിസ്ഥാനത്തെച്ചൊല്ലി അതൃപ്തി പരസ്യമാക്കി ബീഹാര്‍ മുഖ്യമന്ത്രിയും ജെ.ഡി.യു അധ്യക്ഷനുമായ നിതീഷ് കുമാര്‍. ഇപ്പോള്‍ കേന്ദ്രമന്ത്രിസഭയില്‍ ചേരുന്നതിനെക്കുറിച്ച് ആലോചിക്കുന്നില്ലെന്ന് നിതീഷ് കുമാര്‍ പറഞ്ഞു. ബീഹാറില്‍ എന്‍.ഡി.എ നേടിയ വിജയം ബീഹാറിലെ ജനങ്ങളുടെ വിജയമാണ്. ഏതെങ്കിലും വ്യക്തിയുടെ പേരിലല്ല ജനം എന്‍.ഡി.എയ്ക്ക് വോട്ട് ചെയ്തത്. അങ്ങനെ ആര്‍ക്കെങ്കിലും തോന്നുന്നുണ്ടെങ്കില്‍ അത് അവരുടെ മിഥ്യാബോധം മാത്രമാണെന്നും നിതീഷ് കുമാര്‍ പറഞ്ഞു. 

മോഡിയുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷം പാറ്റ്‌നയില്‍ തിരിച്ചെത്തിയ നിതീഷ് കുമാര്‍ മാധ്യമങ്ങളോട് സംസാരിക്കുകയിരുന്നു. മന്ത്രിസ്ഥാനത്തിനായി ബുധനാഴ്ച തന്നെ ദില്ലിയില്‍ എത്തി നിതീഷ് കുമാര്‍ ചര്‍ച്ച നടത്തിയിരുന്നു. രണ്ട് ക്യാബിനറ്റ് മന്ത്രി സ്ഥാനങ്ങളാണ് നിതീഷ് കുമാര്‍ ചോദിച്ചത്. എന്നാല്‍ ബി.ജെ.പി ഒരു മന്ത്രിസ്ഥാനമാണ് വാഗ്ദാനം ചെയ്തത്. അതും എന്‍.ഡി.എ ഘടകകക്ഷികളുടെ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന് പ്രതീകാത്മകമായി നല്‍കുന്നതാണെന്നാണ് അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയില്‍ നിതീഷിനെ അറിയിച്ചത്. 

ഇതില്‍ പ്രതിഷേധിച്ചാണ് ജെ.ഡി.യു മന്ത്രിസഭയില്‍ ചേരാതിരുന്നത്. എന്‍.ഡി.എ ഘടകകക്ഷികളായ അപ്നാ ദള്‍, എ.ഐ.എ.ഡി.എം.കെ എന്നീ പാര്‍ട്ടികള്‍ക്കും ഇത്തവണ മന്ത്രിസ്ഥാനം ലഭിച്ചിട്ടില്ല. അതേസമയം ഇത്തവണ ഘടകകക്ഷികളുടെ സമ്മര്‍ദ്ദം വിലപ്പോവില്ല. 543 അംഗ ലോക്‌സഭയില്‍ ബി.ജെ.പിക്ക് ഭരിക്കാന്‍ ആവശ്യമായ 272 സീറ്റും കഴിഞ്ഞ് 303 സീറ്റുകള്‍ ലഭിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഒരു ഘടകകക്ഷിക്കും മന്ത്രിസ്ഥാനം നല്‍കിയില്ലെങ്കില്‍ പോലും ബി.ജെ.പിക്ക് ഭരിക്കാനാവും. 

2014ല്‍ നിതീഷ് കുമാര്‍ എന്‍.ഡി.എ സഖ്യത്തില്‍ ഉണ്ടായിരുന്നില്ല. നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ആര്‍.ജെ.ഡി-ജെ.ഡി.യു സഖ്യത്തിന്‍റെ ഭാഗമായി നിന്ന് ഭരണം പിടിച്ച നിതീഷ് കുമാര്‍ പിന്നീട് സഖ്യം പൊളിച്ച് എന്‍.ഡി.എയ്ക്ക് ഒപ്പം പോവുകയായിരുന്നു.

click me!