മോദിയുടെ ഗുജറാത്തിൽ പ്രചാരണത്തിന് പോകുമോ? അറിയിക്കാമെന്ന് നിതീഷ് കുമാർ

By Web TeamFirst Published Aug 12, 2022, 8:42 PM IST
Highlights

തനിക്ക് പ്രധാനമന്ത്രിയാകാൻ ആഗ്രഹമില്ലെന്നും പ്രതിപക്ഷത്തെ ഒന്നിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും  ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ.  ബിജെപി ബന്ധം അവസാനിപ്പിച്ച് ആർജെഡിയുമായി ചേർന്ന് പുതിയ സർക്കാർ രൂപീകരിച്ച ശേഷമാണ് നിതീഷ് കുമാറിന്റെ പ്രതികരണം

ദില്ലി:  തനിക്ക് പ്രധാനമന്ത്രിയാകാൻ ആഗ്രഹമില്ലെന്നും പ്രതിപക്ഷത്തെ ഒന്നിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും  ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ.  ബിജെപി ബന്ധം അവസാനിപ്പിച്ച് ആർജെഡിയുമായി ചേർന്ന് പുതിയ സർക്കാർ രൂപീകരിച്ച ശേഷമാണ് നിതീഷ് കുമാറിന്റെ പ്രതികരണം. 2024ൽ വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാർത്ഥിയായി നിതീഷിനെ ഉയർത്തിക്കാട്ടുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ്  നിതീഷിന്റെ പുതിയ പ്രസ്താവന.

കൈ കൂപ്പിക്കൊണ്ടാണ് ഞാനിത് പറയുന്നത്.   എനിക്ക് അത്തരം ചിന്തകളൊന്നുമില്ല ... എല്ലാവർക്കും വേണ്ടി പ്രവർത്തിക്കുക എന്നതാണ് എന്റെ ജോലി. എല്ലാ പ്രതിപക്ഷ പാർട്ടികളെയും ഒരുമിച്ച് നിർത്താനും,  പ്രവർത്തിക്കാനും ഞാൻ ശ്രമിക്കും. അവർ അങ്ങനെ ചെയ്താൽ അത് നല്ലതായിരിക്കും,  പറ്റ്നയിൽ പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാണോ എന്ന ചോദ്യത്തിന് മാധ്യമപ്രവർത്തകരോട്  മറുപടി പറുകയായിരുന്നു നിതീഷ്.

എന്നാൽ, വിയോജിപ്പുള്ള പ്രതിപക്ഷ പാർട്ടികൾക്കിടയിൽ ഐക്യം സ്ഥാപിക്കുന്നതിൽ നിങ്ങൾക്ക് എന്ത് പങ്കാണ് വഹിക്കാനാവുക എന്ന ചോദ്യത്തിന് 'ഞങ്ങളുടെ പങ്ക് പോസിറ്റീവ് ആയിരിക്കും. എനിക്ക് ഒരുപാട് വിളികൾ വരുന്നുണ്ട്. എല്ലാവരും ഒരുമിച്ച് (ബിജെപി നയിക്കുന്ന എൻഡിഎയ്‌ക്കെതിരെ) നിൽക്കണമെന്നാണ് എന്റെ ആഗ്രഹം. വരും ദിവസങ്ങളിൽ അതിന്റെ നീക്കങ്ങൾ നിങ്ങൾക്ക് കാണാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വർഷാവസാനം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി നരേന്ദ്ര മോദിയുടെ തട്ടകമായ ഗുജറാത്തിലേക്ക് പോകുമോയെന്നും നിതീഷിനോട് ചോദിച്ചിരുന്നു. അത് സമയമാകുമ്പോൾ അറിയിക്കാം എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

Read more: നിതീഷ് എൻഡിഎ വിട്ടത് ബിജെപിക്ക് കിട്ടിയ അടി; സോണിയാ ഗാന്ധിയെ കണ്ട് തേജസ്വി യാദവ്

അതേസമയം സംസ്ഥാനത്ത് മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് ആര്‍ജെഡിയും ജെഡിയുവും തമ്മിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. നിതീഷ് കുമാറും തേജസ്വി യാദവും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെങ്കിലും ഓഗസ്റ്റ് 15-ന് ശേഷമാകും മന്ത്രിസഭാ രൂപീകരണം ഉണ്ടാകുക. ജെഡിയുവിനെക്കാള്‍ കൂടുതല്‍ മന്ത്രിസ്ഥാനങ്ങള്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ ആര്‍ജെഡിക്ക് തന്നെയാകും ലഭിക്കുക. ഇതിനുള്ള കരുനീക്കങ്ങളാണ് തേജസ്വി യാദവ് നടത്തുന്നത്. ആര്‍ജെഡിയില്‍ നിന്ന് 18 മന്ത്രിമാരും ജെഡിയുവില്‍ നിന്ന് 13-14 മന്ത്രിമാരും ആയിരിക്കും സർക്കാരിലുണ്ടാവുക. കോൺഗ്രസിന് നാലും, എച്ച്എഎമ്മിന് ഒരു മന്ത്രി സ്ഥാനവുമാകും ലഭിക്കുക. തേജസ്വി യാദവിനൊപ്പം സഹോദരൻ തേജ് പ്രതാപ് യാദവും മന്ത്രിസഭയുടെ ഭാഗമാകുമെന്നാണ് വിവരം. 

Read more: പ്രധാനമന്ത്രി പദം തൻ്റെ മനസ്സിൽ ഇല്ലെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാ‍ര്‍

എന്നാൽ സംസ്ഥാനത്ത് 12 എംഎൽഎമാരുള്ള പ്രധാന ഇടത് പാർട്ടിയായ സിപിഐ എംഎല്‍ പുറത്ത് നിന്ന് പിന്തുണക്കുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. സിപിഐ എംഎൽ മന്ത്രിസഭയിൽ വേണമെന്ന നിലപാടാണ് ജെഡിയുവിന്. അങ്ങിനെ വരുമ്പോൾ ആർജെഡി മന്ത്രിസ്ഥാനം കുറയ്ക്കേണ്ടി വരും. എന്നാൽ മഹാസഖ്യ സർക്കാരിനെ പുറത്ത് നിന്ന് പിന്തുണച്ചാൽ മതിയെന്ന നിലപാടാണ് സിപിഐ എംഎൽ, സിപിഐ, സിപിഎം എന്നീ ഇടത് പാർട്ടികൾക്കുള്ളത്. മന്ത്രിസഭയില്‍ ചേരണോയെന്ന കാര്യത്തിൽ സിപിഐ എംഎൽ പാര്‍ട്ടി സംസ്ഥാന സമിതി നാളെ യോഗം ചേർന്ന് അന്തിമ തീരുമാനമെടുക്കും.

click me!