
പട്‌ന (ബീഹാർ) : ഈ വർഷം ഓഗസ്റ്റിൽ എൻഡിഎ വിട്ട് ആർജെഡിയുമായി വീണ്ടും കൈകോർത്തെങ്കിലും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ബിജെപിയുമായുള്ള ബന്ധം അടഞ്ഞിട്ടില്ലെന്ന് പ്രശാന്ത് കിഷോർ. ''നിതീഷ് കുമാർ സഖ്യത്തിൽ നിന്ന് പുറത്തുവന്നിട്ടുണ്ടോ, അദ്ദേഹത്തിന്റെ പാർട്ടിയിലെ ഒരു എംപി ഇപ്പോഴും രാജ്യസഭയിൽ പ്രധാന സ്ഥാനം വഹിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസിലാക്കാൻ പ്രയാസമാണ്. എനിക്ക് അറിയാവുന്നിടത്തോളം നിതീഷ് കുമാർ ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിച്ചിട്ടില്ല" പ്രശാന്ത് കിഷോർ എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
നിതീഷ് കുമാർ മഹാഗത്ബന്ധനോടൊപ്പമാണ്. പക്ഷേ ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിച്ചിട്ടല്ല. ഇതിന് ഏറ്റവും വലിയ തെളിവ് ജെഡിയു എംപിയായ രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ ഹരിവംശ് തന്റെ സ്ഥാനമോ പാർട്ടിയോ രാജിവച്ചിട്ടില്ല എന്നത് തന്നെയാണ്. മാത്രമല്ല, ഇതിന്റെ പേരിൽ പാർട്ടി, എംപിക്കെതിരെ നടപടിയെടുത്തിട്ടുമില്ലെന്നും പ്രശാന്ത് കിഷോർ തെളിവായി നിരത്തി.
ദേശീയതലത്തിൽ ബിജെപിക്കെതിരെ ഒരു വലിയ സഖ്യത്തിനാണ് നിതീഷ് കുമാർ ശ്രമിക്കുന്നതെന്നാണ് ചിലർ കരുതുന്നത്. എന്നാൽ ഇത് അത്ര വിശ്വസനീയമല്ലെന്നും കിഷോർ പറഞ്ഞു. 17 വർഷം മുഖ്യമന്ത്രിയായിരുന്ന നിതീഷ് കുമാർ ഇതിൽ 14 വർഷവും ബിജെപിയുടെ പിന്തുണയോടെയാണ് ആ സ്ഥാനം വഹിച്ചതെന്നും പ്രശാന്ത് കിഷോർ ഓർമ്മിപ്പിച്ചു. ഈ വർഷം ഓഗസ്റ്റിൽ ബിജെപിയുമായുള്ള ബന്ധം ഉപേക്ഷിച്ച നിതീഷ് കുമാർ ആർജെഡി അടക്കമുള്ള പാർട്ടികൾ ഉൾപ്പെട്ട മഹാഗത്ബന്ധനിൽ ചേർന്ന് വീണ്ടും ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു.