
ബംഗളൂരു: ജനങ്ങള്‍ക്കായി റോഡിലും കിടക്കും, തനിക്ക് പഞ്ച നക്ഷത്ര സൗകര്യങ്ങള്‍ വേണ്ടെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാര സ്വാമി. സര്‍ക്കാര്‍ സ്‌കൂളില്‍ നിലത്ത് കിടന്നുറങ്ങി സമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ പിടിച്ചുപറ്റിയതിന് പിന്നാലെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു കുമാരസ്വാമി. ഉത്തര കര്‍ണാടകയിലെ യദ്ഗിര്‍ ജില്ലയിലെ സന്ദര്‍ശനത്തിനിടെ താമസസ്ഥലത്ത് ആഡംബര ബാത്ത് റൂം സംവിധാനം ഉണ്ടാക്കിയെന്നായിരുന്നു പ്രതിപക്ഷ ആരോപണം.
'ഗ്രാമ വാസ്തവ്യ' പരിപാടിയുടെ ഭാഗമായി വെള്ളിയാഴ്ച ട്രെയിന്‍ മാര്‍ഗം യദ്ഗിറിലെത്തിയ കുമാരസ്വാമി ട്രാന്‍സ്പോര്‍ട്ട് ബസിലാണ് ചന്ദ്രകി ഗ്രാമത്തിലെത്തിയത്. ഗ്രാമങ്ങളില്‍ താമസിച്ച് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അടുത്തറിയുക എന്നതാണ് ഗ്രാമ വാസ്തവ്യയുടെ ലക്ഷ്യം. ഗ്രാമത്തിലെ ഒരു സ്കൂളിലാണ് കുമാരസ്വാമി താമസിച്ചത്. സ്കൂളിലെ തറയില്‍ കുമാര സ്വാമി കിടക്കുന്ന ചിത്രം വൈറലായിരുന്നു. എന്നാല്‍ ഇവിടെ മുഖ്യമന്ത്രിക്കായി ആഡംബര ടോയ്‍ലറ്റ് നിര്‍മ്മിച്ചെന്ന് ആക്ഷേപം ഉയര്‍ന്നു.
ആഡംബര സൗകര്യങ്ങളില്ലാതെയാണ് ഗ്രാമത്തില്‍ കഴിഞ്ഞത്. ടോയ്‍ലറ്റ് സൗകര്യം ഉണ്ടാക്കിയെന്നത് സത്യമാണ്. പക്ഷേ അത് സ്കൂളിനും കുട്ടികള്‍ക്കുമാണ് ഉപകാരപ്പെടുന്നത്. തിരിച്ച് പോകുമ്പോള്‍ ഞാന്‍ കൊണ്ടുപോകില്ല- കുമാരസ്വാമി പറഞ്ഞു. വോള്‍വോ ബസിലല്ല ഞാന്‍ വന്നത്, ട്രാന്‍സ്പോര്‍ട്ട് ബസിലാണ്. എനിക്ക് ബിജെപിയില്‍ നിന്ന് ഒന്നും പഠിക്കേണ്ടതില്ലെന്നും കുമാരസ്വാമി വ്യക്തമാക്കി.
2006- 07 കാലഘട്ടത്തില്‍ മുഖ്യമന്ത്രിയായ സമയത്താണ് ഗ്രാമ വാസ്തവ്യ' പരിപാടി തുടങ്ങിയത്. ജനങ്ങളുടെ പ്രശ്നങ്ങള്‍ നേരിട്ട് കേള്‍ക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. മുഖ്യമന്ത്രി ചന്ദ്രകി ഗ്രാമത്തിലെ ആളുകളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുകയും സാംസ്‌കാരിക പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു. നല്ല സ്‌കൂളുകളില്ലാത്തതും ആരോഗ്യമേഖലയിലും അടിസ്ഥാന വികസന മേഖലയിലുമുള്ള പ്രശ്‌നങ്ങളും ജനങ്ങള്‍ കുമാരസ്വാമിയുമായി സംസാരിച്ചു. പ്രശ്നപരിഹാരം കാണുമെന്ന് ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കിയാണ് മുഖ്യമന്ത്രി കുമാരസ്വാമി മടങ്ങിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam