
ലഖ്നൗ: ഉത്തര്‍പ്രദേശിലെ ബോര്‍ഡ് പരീക്ഷകൾ തീര്‍ത്തും സുതാര്യമായി നടപ്പിലാക്കിയെന്ന് സര്‍ക്കാര്‍. ബുധനാഴ്ച പൂര്‍ത്തിയാക്കിയ ബോര്‍ഡ് പരീക്ഷകൾ കോപ്പിയടി രഹിതമായി പൂര്‍ത്തിയാക്കാൻ സാധിച്ചുവെന്നാണ് യുപി സര്‍ക്കാര്‍ അവകാശപ്പെടുന്നത്. പരീക്ഷാ രീതി പരിഷ്കരിക്കാനും ദുരുപയോഗങ്ങൾ ഇല്ലാതാക്കുന്നതിനുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ നടത്തിയ ദൃഢനിശ്ചയ ശ്രമങ്ങൾ ശ്രദ്ധേയമായ ഫലങ്ങൾ നൽകിയെന്നും സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പിൽ അവകാശപ്പെടുന്നു.
പരീക്ഷാ പ്രക്രിയയുടെ സതാര്യത ഉറപ്പാക്കാനായി സംസ്ഥാന സർക്കാര്‍ രഹസ്യാത്മകമായി ഒരു തന്ത്രം നടപ്പിലാക്കി. ശക്തമായ സുരക്ഷയൊരുക്കി എല്ലാ തലങ്ങളിലും സൂക്ഷ്മമായ മൈക്രോ-പ്ലാനിംഗിലൂടെ ഇത് നടപ്പിലാക്കുകയുമായിരുന്നു. കഴിഞ്ഞ അഞ്ച് വർഷത്തെ ഡാറ്റയുടെ അവലോകനം നടത്തുമ്പോൾ പ്രകടമായ മാറ്റമാണ് കണക്കിൽ വന്നിരിക്കുന്നതെന്നും സര്‍ക്കാര്‍ വാര്‍ത്താ കുറിപ്പിൽ പറയുന്നു.
'കോപ്പിയടി കേസുകളിൽ ഗണ്യമായ കുറവ് വന്നു. പരീക്ഷാസമയത്ത് കൃത്രിമത്വം കാണിക്കുന്ന സംഭവങ്ങളിൽ ചരിത്രപരമായ കുറവ് ഉണ്ടായിട്ടുണ്ട്. മുൻ വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് ശ്രദ്ധേയമായ നേട്ടമാണ്. 2020 ൽ 760 പേര്‍ കോപ്പിയടിച്ചതിന് പിടിക്കപ്പെട്ടു, 2022 ൽ ഇത് 190 ആയി കുറഞ്ഞു. 2023 ലും ഈ പ്രവണത തുടർന്നു, 127 കേസുകൾ മാത്രമേ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ, 2024 ൽ ഈ കണക്ക് വെറും 48 ആയി കുറഞ്ഞു. 2025-ൽ വെറും 30 കേസുകൾ മാത്രമാണ് കോപ്പിയടിയുമായി ബന്ധപ്പെട്ട് കണ്ടെത്തിയത്. ഇത് പരീക്ഷാ തട്ടിപ്പുകൾ തടയുന്നതിന്റെ അഭൂതപൂർവമായ വിജയമാണ് കാണിക്കുന്നത്'- എന്നും സര്‍ക്കാര‍് വ്യക്തമാക്കുന്നു.
'വിദ്യാര്‍ത്ഥികൾക്ക് പകരം വ്യജൻമാര്‍ പരീക്ഷയ്ക്കെത്താതിരിക്കാനും ശക്തമായ നടപടി സ്വീകരിച്ചു. 2020 ൽ ഇത്തരത്തിൽ 108 ആൾമാറാട്ട കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടിരുന്നു. 2022 ൽ ഇത് 47 ആയി കുറഞ്ഞു. 2023ലാകട്ടെ അത്തരം 133 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. 2024-ൽ അത് 37 ആയി കുറഞ്ഞു. 2025-ൽ അത് കുറച്ച് മാത്രം ഉയര്‍ന്ന് 49ൽ നിന്നു. ഇത്തരം സംഭവങ്ങൾക്കെതിര ഭരണകൂടത്തിന്റെ നിരന്തരമായ നടപടികളെയാണ് ഇത് കാണിക്കുന്നത്. ഉത്തരക്കടലാസുകളിൽ കൃത്രിമം കാണിക്കുന്നതും തടയാൻ സാധിച്ചുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. യോഗി സര്‍ക്കാരിന് മുമ്പ്, പരീക്ഷാ കേന്ദ്രങ്ങള്‍ക്ക് പുറത്ത് നിന്ന് ഉത്തരക്കടലാസുകള്‍ എഴുതി നൽകുന്ന സംഭവങ്ങള്‍ വ്യാപകമായിരുന്നു. എന്നാല്‍, കര്‍ശനമായ നിരീക്ഷണവും പരിഷ്കാരങ്ങളും കാരണം, ഇപ്പോള്‍ അത്തരം കേസുകള്‍ ഏതാണ്ട് ഇല്ലാതാക്കാന്‍ തന്നെ കഴിഞ്ഞു.' എന്നും സര്‍ക്കാര‍് വ്യക്തമാക്കുന്നു.
'2020-ൽ, ഉത്തരക്കടലാസിൽ കൃത്രിമം കാണിച്ചതിന് ഏഴ് കേസുകൾ രേഖപ്പെടുത്തിയിരുന്നു. 2022 ൽ ഈ എണ്ണം 2 ആയി കുറഞ്ഞു . 2023 ലും 2024 ലും അത്തരം കേസുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടില്ല, 2025 ൽ 2 കേസുകൾ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ചോദ്യ പേപ്പര്‍ ചോര്‍ച്ചയും ഫലപ്രദമായി തടയാൻ സാധിച്ചു. 2020 ലും 2022 ലും ചോദ്യപേപ്പർ ചോർച്ചയുടെ ഒരു സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടെങ്കിലും 2023, 2024, 2025 വർഷങ്ങളിൽ ഒരു ചോദ്യപേപ്പർ ചോർച്ച കേസ് പോലും റിപ്പോർട്ട് ചെയ്യപ്പെട്ടില്ല, ഇത് പരീക്ഷാ പ്രക്രിയയിൽ സർക്കാരിന്റെ ശക്തമായ ഭരണപരമായ പിടിയെ പ്രതിഫലിപ്പിക്കുന്നു. ചോദ്യ പേപ്പര്‍ നേരത്തെ തുറക്കുന്നതും കര്‍ശനമായി നിരോധിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ കർശനമായ നയങ്ങളും സാങ്കേതിക ഇടപെടലുകളും ശക്തമായ നിയമ നിർവ്വഹണവും നടപ്പിലാക്കി, പരീക്ഷാ സമ്പ്രദായത്തിൽ വിപ്ലവകരമായ പരിവർത്തനം കൊണ്ടുവന്നു. ഇന്ന് യുപി ബോർഡ് പരീക്ഷകൾ സുതാര്യവും നീതിയുക്തവുമായി മാത്രമല്ല, രാജ്യത്തിനു മുഴുവൻ പരീക്ഷാ പരിഷ്കരണത്തിന്റെ ഒരു മാതൃകയായി മാറിയിരിക്കുന്നു.' എന്നും സര്‍ക്കാര്‍ കണക്കുകൾ നിരത്തി അവകാശപ്പെടുന്നു.
ഹോളിയടക്കമുള്ള ഉത്സവവേളകളിൽ തിരക്ക് നിയന്ത്രിക്കാൻ ഇന്ത്യൻ റെയിൽവേയുടെ 'മഹാകുംഭമേള മോഡൽ' പദ്ധതി
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം