അവകാശവാദം ഉന്നയിക്കില്ലെന്ന് നിതീഷ് കുമാർ; ബിഹാറിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ എൻഡിഎ യോഗം ഇന്ന്

By Web TeamFirst Published Nov 13, 2020, 7:26 AM IST
Highlights

ബിഹാറിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ എൻഡിഎ യോഗം ഇന്ന്. അവകാശവാദം ഉന്നയിക്കില്ലെന്ന് നിതീഷ് കുമാർ. സർക്കാർ രൂപീകരണ ചർച്ചകളും നടക്കും.

പാറ്റ്ന: തെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ എൻഡിഎ യോഗം ഇന്ന് ബിഹാറിൽ നടക്കും. തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാൻ ചേരുന്ന യോഗം മുഖ്യമന്ത്രിയെ തീരുമാനിക്കും. മുഖ്യമന്ത്രി നിതീഷ് കുമാർ തന്നെയെന്ന് പ്രധാനമന്ത്രിയടക്കം വ്യക്തമാക്കിയിരുന്നു. എന്നാൽ അവകാശവാദം ഉന്നയിക്കില്ലെന്നും എൻഡിഎ തീരുമാനിക്കട്ടേയെന്നുമാണ് നിതീഷ് കുമാറിന്‍റെ നിലപാട്. സർക്കാർ രൂപീകരണ ചർച്ചകളും യോഗത്തിലുണ്ടാകും. ബിജെപിയും ജെഡിയുവും കൂടാതെ ഹിന്ദുസ്ഥാനി അവാം മോർച്ച, വികാസ് ശീൽ ഇൻസാൻ പാർട്ടികളും യോഗത്തിൽ പങ്കെടുക്കും. തെരഞ്ഞെടുപ്പിൽ ഇരു പാർട്ടികൾക്കും നാല് സീറ്റ് വീതം കിട്ടിയിരുന്നു.

പുതിയ മുഖ്യമന്ത്രിയെ എന്‍ഡിഎ തീരുമാനിക്കുമെന്ന് നിതീഷ് കുമാര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് മൂന്ന് ദിവസങ്ങള്‍ക്കിപ്പുറമാണ് നിതീഷ് കുമാര്‍ മൗനം വെടിഞ്ഞത്. വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദം ഉന്നയിക്കില്ലെന്ന് നിതീഷ് നിലപാട് സ്വീകരിച്ചത്. തീരുമാനം സംഖ്യം എടുക്കട്ടെ എന്നാണ് നിതീഷിന്‍റെ നിലപാട്. അതേസമയം, ആഭ്യന്തരം, ധനം, വിദ്യാഭ്യാസമടക്കമുള്ള സുപ്രധാന വകുപ്പുകള്‍ കൈയാളാനുള്ള നീക്കം ബിജെപി തുടങ്ങി. 

ഇതിനിടെ, മഹാസഖ്യത്തിൽ കടുത്ത അതൃപ്തിയുമായി സിപിഐ എം എൽ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ രംഗത്തെത്തി. കോൺഗ്രസിന് 70 സീറ്റ് നൽകിയത് തിരിച്ചടിയായിയെന്ന് ദീപാങ്കർ ഭട്ടാചാര്യ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അടിത്തറ നഷ്ടപ്പെട്ട പാർട്ടിയാണ് കോൺഗ്രസ്. കോൺഗ്രസിൻ്റെ സാമൂഹിക രാഷ്ട്രീയ പ്രസക്തി നഷ്ടപ്പെട്ടു. ബിഹാർ തെരഞ്ഞെടുപ്പിനെ ദേശീയ നേതൃത്വം ഗൗരവമായി കണ്ടില്ലെന്നും ദീപാങ്കർ ഭട്ടാചാര്യ വിമര്‍ശിച്ചു. 

click me!