
ദില്ലി: രാഷ്ട്രീയക്കാർ ചിരിച്ചുകൊണ്ട് നടത്തുന്ന പ്രസ്താവനകൾ കുറ്റകരമല്ലെന്ന് ദില്ലി ഹൈക്കടോതി (Delhi High Court). "നിങ്ങൾ പുഞ്ചിരിയോടെയാണ് എന്തെങ്കിലും പറയുന്നതെങ്കിൽ, കുറ്റകരമല്ല'' - കോടതി പറഞ്ഞു. വിദ്വേഷ പ്രസംഗത്തിന് (Hate Speech) കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിനെതിരെ (Anurag Thakur) ക്രിമിനൽ നടപടി സ്വീകരിക്കണമെന്ന ഹർജി പരിഗണിക്കവെയാണ് ബെഞ്ചിന്റെ നിരീക്ഷണം. ഹർജിയിൽ വിധി പറയുന്നത് ബെഞ്ച് മാറ്റിവച്ചു.
രാഷ്‌ട്രീയ പ്രസംഗങ്ങളിൽ എഫ്‌ഐആർ ഫയൽ ചെയ്യുന്നതിന് മുമ്പ് "ചെക്ക് ആൻഡ് ബാലൻസ്" ആവശ്യമാണെന്ന് ജസ്റ്റിസ് ചന്ദ്ര ധാരി സിംഗ് അധ്യക്ഷനായ സിംഗിൾ ബെഞ്ച് വ്യക്തമാക്കുകയായിരുന്നു. 2020ലെ ദില്ലി കലാപത്തിന് തൊട്ടുമുമ്പ് നടത്തിയ പ്രസംഗങ്ങളുടെ പേരിൽ അനുരാഗ് താക്കൂറിനും പർവേഷ് വെർമയ്ക്കുമെതിരെ നൽകിയ പരാതി വിചാരണ കോടതി തള്ളിയിരുന്നു. ഈ ഉത്തരവിനെ ചോദ്യം ചെയ്ത് സിപിഎം നേതാവ് ബൃന്ദ കാരാട്ടാണ് ഹോക്കോടതിയിൽ ഹർജി സമർപ്പിച്ചത്.
പ്രതിഷേധക്കാർക്കെതിരെ പ്രവർത്തിക്കാൻ തന്റെ അനുയായികളോട് നടത്തിയ ആഹ്വാനത്തിൽ മന്ത്രി "രാജ്യദ്രോഹികളെ വെടിവച്ചുകൊല്ലുക" ( "ദേശ് കേ ഗദ്ദാരോ കോ, ഗോലി മാരോ സാലോൻ കോ" ) എന്ന മുദ്രാവാക്യമുയർത്തിയിരുന്നു. പ്രസംഗത്തിന് 2020 ജനുവരി 29 ന് തെരഞ്ഞെടുപ്പ് കമ്മീഷൻ താക്കൂറിന് കാരണം കാണിക്കൽ നോട്ടീസും നൽകിയിരുന്നു. വിദ്വേഷ പ്രസംഗത്തിന് എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന് കാരാട്ട് വിചാരണ കോടതിയിൽ നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.
തെരഞ്ഞെടുപ്പ് പ്രസംഗവും മറ്റ് സമയങ്ങളിൽ നടത്തുന്ന പ്രസംഗങ്ങളും തമ്മിൽ വ്യത്യാസമുണ്ടെന്ന് നിരീക്ഷിച്ച ജസ്റ്റിസ് സിംഗ്, തെരഞ്ഞെടുപ്പ് സമയത്ത് എന്തെങ്കിലും പ്രസംഗം നടത്തിയാൽ അത് വ്യത്യസ്ത സന്ദർഭത്തിലാണെന്നും പറഞ്ഞു. അതേസമയം സാധാരണ സമയങ്ങളിൽ ഒരു പ്രസംഗം നടത്തുകയാണെങ്കിൽ, അത് പ്രേരണയാണെന്നുമാണ് അദ്ദേഹത്തിന്റെ നിരീക്ഷണം.
ദില്ലിയുടെ വിവിധ ഭാഗങ്ങളിൽ നടന്ന സിഎഎ വിരുദ്ധ പ്രതിഷേധത്തിനിടെ നടത്തിയ പ്രസംഗങ്ങൾ അക്രമത്തിന് പ്രേരിപ്പിച്ചതായി കാരാട്ടിന്റെ അഭിഭാഷകരായ അദിത് പൂജാരിയും താരാ നരുളയും വാദിച്ചു. 'ഈ ആളുകള്‍ നിങ്ങളുടെ വീടുകളില്‍ കയറി പെണ്‍മക്കളെ ബലാത്സംഗം ചെയ്യും' എന്നായിരുന്നു പര്‍വേഷ് വര്‍മ്മയുടെ ഒരു വിവാദ പരാമര്‍ശം. മന്ത്രി - ഈ ആളുകൾ ( യെ ലോഗ് )- എന്ന പ്രയോഗം നടത്തിയത് പ്രതിഷേധക്കാരെയും ഒരു പ്രത്യേക സമുദായത്തെയും ലക്ഷ്യം വച്ചുള്ളതാണെന്നും അവർ വാദിച്ചു.
'ഈ ആളുകള്‍' എന്ന പ്രയോഗം ഒരു പ്രത്യേക സമുദായത്തില്‍പ്പെടുന്നവരാണെന്ന് പരാതിക്കാര്‍ക്ക് എങ്ങനെ മനസ്സിലായി എന്ന് ജസ്റ്റിസ ചോദിച്ചു. ആ പ്രക്ഷോഭത്തെ ഈ രാജ്യത്തെ മറ്റെല്ലാ പൗരന്മാരും പിന്തുണയ്ക്കുന്നുവെങ്കിൽ എങ്ങനെയാണ് ആ പരാമർശം ഒരു സമുദായത്തെനിതിരെ മാത്രമാകുകയെന്നും അദ്ദേഹം ആരാഞ്ഞു. അപ്പീലിൽ വിധി പറയുന്നത് ബെഞ്ച് തൽക്കാലം മാറ്റിവച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam