വിമാനത്തിൽ ഇയർഫോൺ ഉപയോഗിക്കാതെ ഉച്ചത്തിൽ പാട്ട് വെക്കുന്നവർക്കെതിരെ ശിക്ഷാനടപടി സ്വീകരിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം. മറ്റ് യാത്രക്കാർക്ക് തടസ്സമുണ്ടാക്കുന്ന ഇത്തരം പെരുമാറ്റങ്ങൾക്കെതിരെ നടപടിയെടുക്കാമെന്ന് മന്ത്രി വ്യക്തമാക്കി
ദില്ലി: വിമാനത്തിൽ ഇയർഫോൺ ഉപയോഗിക്കാതെ ഉയർന്ന ശബ്ദത്തിൽ പാട്ട് പ്ലേ ചെയ്യുന്നവർ ഇനി ശിക്ഷാനടപടി നേരിടേണ്ടി വരും. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിൻ്റേതാണ് മുന്നറിയിപ്പ്. മറ്റു യാത്രക്കാർക്ക് യാത്രാ തടസ്സമുണ്ടാക്കുന്ന രീതിയിൽ പെരുമാറിയാൽ ശിക്ഷാനടപടി നേരിടേണ്ടിവരുമെന്നാണ് പാർലമെൻ്റിൽ സിവിൽ ഏവിയേഷൻ സഹമന്ത്രി മുരളീധർ മോഹോൾ വ്യക്തമാക്കിയത്. നാമക്കൽ എംപി വി.എസ്. മാതേശ്വരന്റെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന് 1937 ലെ എയർക്രാഫ്റ്റ് റൂൾസ് പ്രകാരം തന്നെ ഇത്തരം സംഭവങ്ങളിൽ നടപടിയെടുക്കാവുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
ഉച്ചത്തിൽ പാട്ടുകൾ പ്ലേ ചെയ്യുന്നത് തടയാൻ പ്രത്യേകമായി നിയമമൊന്നുമില്ലെങ്കിലും, ജീവനക്കാർക്കും യാത്രക്കാർക്കും അസ്വസ്ഥത ഉണ്ടാക്കുകയാണെങ്കിൽ നടപടി സ്വീകരിക്കാനാവും വിമാനത്തിൽ അനുചിതമായ പെരുമാറ്റമോ സുരക്ഷാ ഭീഷണി ഉയർത്തുകയോ ചെയ്താൽ യാത്രക്കാരനെ കയറ്റാനോ ഇറക്കിവിടാനോ എയർലൈനുകൾക്ക് സാധിക്കും. വിമാനത്തിലെ സത് പെരുമാറ്റത്തിൽ വീഴ്ച വരുത്തുന്ന ആരെയും നിയന്ത്രിക്കാൻ പൈലറ്റ്-ഇൻ-കമാൻഡിന് അധികാരമുണ്ട്.
വിമാനത്തിനുള്ളിൽ വിനോദ സംവിധാനങ്ങൾ വഴി നൽകുന്ന ഉള്ളടക്കത്തെയോ ശബ്ദങ്ങളെയോ ഈ ഉത്തരവ് ബാധിക്കില്ലെന്ന് വ്യോമയാന സഹമന്ത്രി വ്യക്തമാക്കി. ഇയർഫോണുകൾ ഇല്ലാതെ ഉയർന്ന ശബ്ദത്തിൽ മൊബൈൽ ഉപകരണങ്ങളുടെയോ സ്പീക്കറുകളുടെയോ വ്യക്തിപരമായ ഉപയോഗം ക്രമരഹിതമായ പെരുമാറ്റമായി കണക്കാക്കാമെന്നും കേന്ദ്രമന്ത്രിയുടെ മറുപടിയിലുണ്ട്.


