അസദുദ്ദീന്‍ ഉവൈസിയും ബാഗ്ദാദിയും തമ്മില്‍ വ്യത്യാസമില്ലെന്ന് ഷിയ വഖഫ് ബോര്‍ഡ് തലവന്‍

By Web TeamFirst Published Nov 17, 2019, 2:27 PM IST
Highlights

''ഭീകരവാദം പ്രചരിപ്പിക്കാന്‍ ബാഗ്ദാദിയുടെ കയ്യില്‍ ഉള്ളത് സൈന്യവും ആയുധങ്ങളും വെടിമരുന്നുകളുമാണ്. ഉവൈസി തന്‍റെ പ്രസംഗങ്ങളിലൂടെ ഭീകരത ഉണ്ടാക്കുന്നു''

ദില്ലി: കൊല്ലപ്പെട്ട ഐസിസ് തലവന്‍ അബു ബക്കര്‍ അല്‍ ബാഗ്ദാദിയും ആള്‍ ഇന്ത്യ മജ്‍ലിസ് ഇ ഇത്തിഹാദുല്‍ മുസ്ലിമീന്‍ എം പി അസദുദ്ദീന്‍ ഒവൈസിയും തമ്മില്‍ വ്യത്യാസമില്ലെന്ന് ഷിയ വഖഫ് ബോര്‍ഡ് തലവന്‍ വസീം റിസ്വി. 

'' അബു ബക്കര്‍ അല്‍ ബാഗ്ദാദിയും അസദുദ്ദീന്‍ ഒവൈസിയും തമ്മില്‍ ഒരു വ്യത്യാസവുമില്ല. ഭീകരവാദം പ്രചരിപ്പിക്കാന്‍ ബാഗ്ദാദിയുടെ കയ്യില്‍ ഉള്ളത് സൈന്യവും ആയുധങ്ങളും വെടിമരുന്നുകളുമാണ്. ഉവൈസി തന്‍റെ പ്രസംഗങ്ങളിലൂടെ ഭീകരത ഉണ്ടാക്കുന്നു. അദ്ദേഹം രക്തച്ചൊരിച്ചിലിലേക്കും ഭീകരതയിലേക്കും മുസ്ലീംകളെ തള്ളിവിടുന്നു. അദ്ദേഹത്തെയും മുസ്ലീം വ്യക്തിനിയമ ബോര്‍ഡിനെയും നിരോധിക്കേണ്ട സമയമാണ് ഇത്. '' - റിസ്വി ന്യൂസ് ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. 

റിസ്വി മാത്രമല്ല, നേരത്തേ ബിജെപി നേതാവ് ബാബുല്‍ സുപ്രീയോയും ഒവൈസിക്കെതിരെ രംഗത്തെത്തിയിരുന്നു. വിവാദ മുസ്ലീം വൈദികന്‍ സാക്കിര്‍ നായിക്കിനോടാണ് ബാബുല്‍ സുപ്രീയോ ഒവൈസിയെ ഉപമിച്ചത്. 

 രാം ജന്മഭൂമി - ബാബറി മസ്ജിദ് തര്‍ക്കത്തില്‍ സുപ്രീം കോടതി വിധി വന്നതിനുപിന്നാലെ ഉവൈസി നടത്തിയ പ്രസംഗങ്ങളുടെ പശ്ചാത്തലത്തിലാണ് റിസ്വിയുടെ വിമര്‍ശനം. സുപ്രീം കോടതി വിധിക്കെതിരെ പ്രസ്താവന നടത്തിയതിന് നവംബര്‍ 11 ന് ഉവൈസിക്കെതിരെ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. വിധി വന്നതിനുപിന്നാലെ ''പരമാധികാരം സുപ്രീംകോടതിക്കാണെന്നത് തീര്‍ച്ചയാണ്. എന്നാല്‍ തെറ്റുപറ്റാം'' എന്നായിരുന്നുഒവൈസിയുടെ വാക്കുകള്‍. 

''സുപ്രീം കോടതി വിധിയില്‍ ഞാന്‍ തൃപ്തനല്ല. ഞങ്ങള്‍ക്ക് ഭരണഘടനയില്‍ പൂര്‍ണ്ണ വിശ്വാസമുണ്ട്. ഞങ്ങള്‍ നിയമാവകാശത്തിനായി പോരാടുകയായിരുന്നു. ദാനം പോലെ അഞ്ചേക്കര്‍ ഭൂമി ഞങ്ങള്‍ക്ക് ആവശ്യമില്ല'' - ഉവൈസി പറഞ്ഞു.

ഇന്ത്യന്‍ ഭരണഘടനയ്ക്കും ബഹുസ്വരതയ്ക്കും എതിരായ എന്തിനെയും താന്‍ എതിര്‍ക്കുമെന്ന് ഔട്ട് ലുക്ക് മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ഉവൈസി വ്യക്തമാക്കി. '' ഒരു തുണ്ട് ഭൂമിക്ക് വേണ്ടിയല്ല, ഞങ്ങളുടെ പോരാട്ടം. അത് എന്‍റെ നിയമാവകാശം ഉറപ്പുവരുത്താനായിരുന്നു. 
ഒരു പള്ളി നിര്‍മ്മിക്കാന്‍ അമ്പലം തകര്‍ത്തിട്ടില്ലെന്ന് സുപ്രീംകോടതി സ്‌പഷ്‌ടമായി പറഞ്ഞിട്ടുണ്ട്.  എനിക്ക് എന്‍റെ പള്ളി തിരിച്ചുവേണം'' - ഉവൈസി കൂട്ടിച്ചേര്‍ത്തു

അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നതിലേക്കായി 51000 രൂപയാണ് റിസ്വി നംവബര്‍ 15ന് രാം ജന്മഭൂമി ന്യാസിന് കൈമാറിയത്. അയോധ്യയിലെ തര്‍ക്കഭൂമി രാമക്ഷേത്രം പണിയാന്‍ വിട്ടുനല്‍കണമെന്ന് സുപ്രീംകോടതി നവംബര്‍ 9ന് കേന്ദ്രസര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു. പുതിയ പള്ളി നിര്‍മ്മിക്കാന്‍ അനുയോജ്യമായ അഞ്ച് ഏക്കര്‍ ഭൂമി സുന്നി വഖഫ് ബോര്‍ഡ‍ിന് നല്‍കണമെന്നും സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു. 

click me!