'തല്‍ക്കാലം ചര്‍ച്ചയില്ല'; മുൻ നിർദ്ദേശം അംഗീകരിച്ചാല്‍ മാത്രം കര്‍ഷകരുമായി ചര്‍ച്ചയെന്ന് കേന്ദ്രം

By Web TeamFirst Published Jan 28, 2021, 9:11 AM IST
Highlights

ഗാസിപ്പൂരിലെ സമരവേദി ഒഴിയാന്‍ പൊലീസ് നിര്‍ദ്ദേശിച്ചെന്ന് കര്‍ഷകര്‍ പറഞ്ഞു. ഇവിടെ പൊലീസ് സന്നാഹം ശക്തമാക്കിയിരിക്കുകയാണ്. ജലപീരങ്കിയും എത്തിച്ചു.

ദില്ലി: കർഷകസംഘടനകളുമായി തല്‍ക്കാലം ചർച്ചയില്ലെന്ന് കേന്ദ്രസർക്കാർ. മുൻ നിർദ്ദേശം അംഗീകരിക്കാം എന്നറിയിച്ചാൽ മാത്രം ചർച്ചയെന്നാണ് കേന്ദ്രത്തിന്‍റെ നിലപാട്. അതിനിടെ കര്‍ഷക സമരവേദികള്‍ ഒഴിപ്പിക്കാന്‍ പൊലീസ് നീക്കം തുടങ്ങിയിരിക്കുകയാണ്. ഗാസിപ്പൂരിലെ സമരവേദി ഒഴിയാന്‍ പൊലീസ് നിര്‍ദ്ദേശിച്ചെന്ന് കര്‍ഷകര്‍ പറഞ്ഞു. ഇവിടെ പൊലീസ് സന്നാഹം ശക്തമാക്കിയിരിക്കുകയാണ്. ജലപീരങ്കിയും എത്തിച്ചു.

അതേസമയം റിപ്പബ്ലിക് ദിനത്തിലെ സംഘർഷത്തിൽ പങ്കെടുത്തവർക്കെതിരെ നടപടികൾ കടുപ്പിക്കാനാണ് ദില്ലി പൊലീസിന്‍റെ നീക്കം. സംഘർഷവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാൻ സംയുക്ത കിസാൻ മോർച്ച നേതാവ് ദർശൻ പാലിന് പൊലീസ് നോട്ടീസ് നൽകി. മൂന്ന് ദിവസത്തിനുള്ളിൽ നോട്ടീസിന് മറുപടി നൽകണം. നിയമ നടപടികൾ എടുക്കാതെയിരിക്കാൻ കാരണം അറിയിക്കാനും നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇല്ലെങ്കിൽ മറ്റ് നടപടികളിലേക്ക് കടക്കുമെന്ന് പൊലീസ് നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ നോട്ടീസ് കിട്ടിയ കാര്യം ദർശൻ പാൽ സ്ഥീകരിച്ചിട്ടില്ല. 

മേധാ പട്കർ ഉൾപ്പെടെ 37 കർഷക നേതാക്കൾക്കെതിരെയാണ് പൊലീസ് നിലവിൽ കേസെടുത്തിരിക്കുന്നത്. പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണം വിപുലീകരിക്കാനാണ് പൊലീസ് തീരുമാനം. ഇന്ന് കൂടുതൽ പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യും. കുറ്റക്കാർക്കെതിരെ രാജ്യദ്രോഹക്കുറ്റം കൂടി ചുമത്താനാണ് പൊലീസ് ആലോചന. അതേസമയം തിങ്കളാഴ്ച ആഹ്വാനം ചെയ്ത പാർലമെന്‍റ് മാർച്ച്‌ മാറ്റി വെച്ചത്‌ തിരിച്ചടി അല്ലെന്നാണ് കർഷക സംഘടനകളുടെ വിലയിരുത്തൽ. വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് സംയുക്ത സമര സമിതി വ്യക്തമാക്കി.

click me!