'ആ അസ്ഥികൂടം കുട്ടികളുടേതല്ല', മുസഫർപൂർ ഷെൽട്ടർ ഹോമിൽ കുട്ടികളെ കൊന്നുവെന്ന് തെളിവില്ല: സിബിഐ

By Web TeamFirst Published Jan 8, 2020, 2:57 PM IST
Highlights

കൊല്ലപ്പെട്ടെന്ന് ആരോപിച്ചിരുന്ന കുട്ടികളെ പിന്നീട് ജീവനോടെ കണ്ടെത്തിയെന്ന് സിബിഐ. ഷെൽട്ടർ ഹോമിൽ കണ്ടെത്തിയ അസ്ഥികൂടം അവിടെ താമസിച്ച കുട്ടിയുടെതല്ലെന്നും സിബിഐ.

മുസാഫർപൂർ: ബിഹാർ മുസാഫർപൂരിലെ ഷെൽട്ടർ ഹോമിൽ കുട്ടികൾ ലൈംഗിക അതിക്രമത്തിനിരയായ കേസിൽ സിബിഐ സുപ്രീംകോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. എന്നാൽ കുട്ടികൾ കൊല്ലപ്പെട്ടതിന് തെളിവില്ലെന്ന് സിബിഐ ചൂണ്ടിക്കാട്ടി. കൊല്ലപ്പെട്ടെന്ന് പരാതി ഉയർന്ന കുട്ടികളെ പിന്നീട് ജീവനോടെ കണ്ടെത്തി എന്നാണ് സിബിഐ കോടതിയെ അറിയിച്ചത്. ഷെൽട്ടർ ഹോമിൽ കണ്ടെത്തിയ അസ്ഥികൂടം പ്രായപൂർത്തിയാകാത്ത കുട്ടികളുടേതല്ലെന്നും സിബിഐ വ്യക്തമാക്കി. 

2018 മെയ് മാസത്തിൽ രജിസ്റ്റർ ചെയ്ത കേസിലാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. മുസഫർപൂരിലെ സേവ സങ്കൽപ് വികാസ് സമിതി എന്ന എൻജിഒയുടെ കീഴിൽ പ്രവർത്തിച്ചിരുന്ന ഷെൽട്ടർ ഹോമിലെ 34 കുട്ടികൾ ലൈംഗിക അതിക്രമത്തിനിരയായി എന്നായിരുന്നു കേസ്. പതിനെട്ട് കുട്ടികൾ കൊല്ലപ്പെട്ടെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. 2018 ഓഗസ്റ്റിൽ ഈ കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതി സ്വമേധയാ കേസെടുത്തു. അതേസമയം ബിഹാറിൽ മറ്റ്  പതിനേഴ് ഷെൽട്ടർ ഹോമുകളുമായി ബന്ധപ്പപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകളുടെ അന്വേഷണം പൂർത്തിയായതായി അറ്റോ‌ർണി ജനറൽ സുപ്രീംകോടതിയെ അറിയിച്ചു. 

നേരത്തെ, പ്രായപൂർത്തിയാവാത്ത 34 പെൺകുട്ടികൾ അഭയകേന്ദ്രങ്ങളിൽ വെച്ച് ലൈംഗിക പീഡനത്തിന് ഇരയായ കേസിൽ മുൻ ബിഹാർ മന്ത്രി മഞ്ജു വർമ്മയുടെ ഭർത്താവ് ചന്ദ്രശേഖർ വർമ്മക്ക് അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് മന്ത്രിയുടെ വസതിയില്‍ നടത്തിയ റെയ്ഡില്‍ വന്‍ തോതില്‍ ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെത്തി. തുടര്‍ന്ന് ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. 

click me!