ആക്രമണങ്ങള്‍ വേദനിപ്പിക്കുന്നു, ഇതല്ല രാജ്യത്തിന്‍റെ അടിത്തറ: ജെഎന്‍യു സന്ദര്‍ശനത്തിന് ശേഷം ദീപിക പദുക്കോണ്‍

By Web TeamFirst Published Jan 8, 2020, 2:21 PM IST
Highlights

പൗരത്വ നിയമ ഭേദഗതിയിലും കഴിഞ്ഞ ഞായറാഴ്‌ച രാത്രി ജെഎന്‍യു ക്യാമ്പസില്‍ നടന്ന മുഖംമൂടി ആക്രമണങ്ങളിലും പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികളെ സന്ദര്‍ശിച്ച ആദ്യ ബോളിവുഡ് താരമാണ് ദീപിക.

ദില്ലി: രാജ്യത്ത് വിദ്യാര്‍ഥികള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ വേദനിപ്പിക്കുന്നതായി ബോളിവുഡ് സൂപ്പര്‍ താരം ദീപിക പദുക്കോണ്‍. പൗരത്വ നിയമ ഭേദഗതിയിലും കഴിഞ്ഞ ഞായറാഴ്‌ച രാത്രി ക്യാമ്പസില്‍ നടന്ന മുഖംമൂടി ആക്രമണത്തിലും പ്രതിഷേധിക്കുന്ന ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്‍റ്  ഐഷി ഷോഘ് ഉള്‍പ്പടെയുള്ള വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ക്യാമ്പസിലെത്തിയ ശേഷം 'ഇന്ത്യ ടുഡേ'യോടാണ് ദീപിക പദുക്കോണിന്‍റെ പ്രതികരണം. മുഖംമൂടി ആക്രമണത്തില്‍ ഐഷി ഷോഘ് ഉള്‍പ്പെടെയുള്ളവര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. 

"രണ്ട് വര്‍ഷം മുന്‍പ് പദ്‌മാവത് സിനിമ പുറത്തിറങ്ങിയപ്പോള്‍ ഞാനിക്കാര്യം പറഞ്ഞതാണ്. ജെഎന്‍യു അടക്കമുള്ള ക്യാമ്പസുകളിലെ വിദ്യാര്‍ഥികള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ വേദനിപ്പിക്കുന്നു. ആര്‍ക്കും എന്തും പറയാമെന്നും അതില്‍ നിന്ന് രക്ഷപെടാനും കഴിയുന്ന സ്വാഭാവിക പ്രക്രിയയായി ഇത് മാറില്ലെന്ന് പ്രതീക്ഷിക്കുന്നു. ഞാന്‍ ഭീതിയിലും ദുഖിതയുമാണ്. ഇത് അല്ല ഈ രാജ്യത്തിന്‍റെ അടിത്തറ. ജെഎന്‍യുവില്‍ നടക്കുന്നത് വളരെ ദുഖിപ്പിക്കുന്നു. അക്രമികള്‍ക്കെതിരെ ഒരു നടപടിയും എടുക്കാത്തതാണ് ഏറെ ദൗര്‍ഭാഗ്യകരം"-ദീപിക പദുക്കോണ്‍ പറഞ്ഞു.

വിദ്യാര്‍ഥികള്‍ക്ക് ആവേശം പകര്‍ന്ന് ദീപിക പദുക്കോണ്‍ ജെഎന്‍യുവില്‍ 

കേന്ദ്രസ‍ര്‍ക്കാരിനും സര്‍വകലാശാല മാനേജ്‌മെന്‍റിനുമെതിരെ ശക്തമായ പ്രതിഷേധം നടക്കുന്ന ജെഎൻയു ക്യാംപസിൽ ബോളിവുഡ് നടി ദീപിക പദുകോൺ ചൊവ്വാഴ്‌ച രാത്രിയോടെയാണ് എത്തിയത്. സമരം നടക്കുന്ന സബ‍ര്‍മതി ധാബയിലെത്തി വിദ്യാര്‍ത്ഥികളെ കണ്ട ശേഷമാണ് ദീപിക പദുകോൺ മടങ്ങിയത്. പതിനഞ്ച് മിനിറ്റോളം വിദ്യാര്‍ഥികള്‍ക്കൊപ്പം ചെലവഴിച്ച ദീപിക പദുകോൺ, വിദ്യാര്‍ഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ്, മുൻ പ്രസിഡന്റും സിപിഐ നേതാവുമായ കനയ്യ കുമാര്‍ എന്നിവരോട് സംസാരിച്ച ശേഷമാണ് മടങ്ങിയത്.

ഞായറാഴ്ച രാത്രിയാണ് ജവഹർലാൽ നെഹ്‌റു സർവകലാശാല ക്യാമ്പസിനുള്ളിൽ മുഖംമൂടി അക്രമം നടന്നത്. ഇരുമ്പ് വടികൾ, ഹോക്കി സ്റ്റിക്കുകൾ, മുളങ്കമ്പുകൾ, ചുറ്റിക തുടങ്ങിയ മാരകായുധങ്ങളുമേന്തി ക്യാമ്പസിനുള്ളിലേക്ക് അതിക്രമിച്ചു കടന്ന ഒരു സംഘമാളുകൾ യാതൊരു പ്രകോപനവും കൂടാതെ വിദ്യാർഥികളെയും അധ്യാപകരെയും ആക്രമിക്കുകയായിരുന്നു.

വിദ്യാര്‍ഥി യൂണിയൻ പ്രസിഡന്‍റും എസ്എഫ്ഐ നേതാവുമായ ഐഷി ഘോഷ്, സര്‍വകലാശാലയിലെ സെന്റ‍ര്‍ ഓഫ് സ്റ്റഡി ഓഫ് റീജണൽ ഡെവലപ്മെന്‍റിലെ അധ്യാപിക പ്രൊഫ. സുചിത്ര സെന്‍ അടക്കമുള്ളവര്‍ക്ക് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. എന്നാല്‍ സംഭവത്തില്‍ ദില്ലി പൊലീസ് ഇപ്പോഴും ഇരുട്ടില്‍ തപ്പുകയാണ്. ഇതിനിടെ ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഹിന്ദു രക്ഷാദള്‍ എന്ന സംഘടന രംഗത്തെത്തിയിരുന്നു. 

click me!