അമർനാഥ് ക്ഷേത്രത്തിലേക്കുള്ള വഴികൾ 'നോ ഫ്ലൈ സോണ്‍'; നിയന്ത്രണം ജൂലൈ 1 മുതൽ ആഗസ്റ്റ് 10 വരെ

Published : Jun 18, 2025, 04:56 PM ISTUpdated : Jun 18, 2025, 05:03 PM IST
Amarnath Yatra 2024

Synopsis

ഡ്രോണുകളും ബലൂണുകളും ഉൾപ്പെടെ നിരോധിച്ചു. ജൂലൈ 1 മുതൽ ഓഗസ്റ്റ് 10 വരെയാണ് നിയന്ത്രണം.

ശ്രീനഗർ: അമർനാഥ് ക്ഷേത്രത്തിലേക്കുള്ള വഴികൾ നോ ഫ്ലൈ സോണ്‍ (പറക്കൽ നിരോധിത മേഖല) ആയി പ്രഖ്യാപിച്ച് ജമ്മു കശ്മീർ സർക്കാർ. യാത്രാ കാലയളവിൽ ഡ്രോണുകളും ബലൂണുകളും ഉൾപ്പെടെ നിരോധിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിർദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം.

"2025ലെ അമർനാഥ് യാത്രയിൽ സുരക്ഷ ഉറപ്പാക്കാൻ പഹൽഗാമും ബാൾട്ടലും ഉൾപ്പെടെയുള്ള വഴികൾ പറക്കൽ നിരോധിത മേഖലയായി പ്രഖ്യാപിക്കുന്നു. ജൂലൈ 1 മുതൽ ഓഗസ്റ്റ് 10 വരെ യുഎവികൾ, ഡ്രോണുകൾ, ബലൂണുകൾ മുതലായവ ഉൾപ്പെടെ പറക്കുന്നത് നിരോധിച്ചിരിക്കുന്നു"- ജമ്മു കശ്മീർ ആഭ്യന്തര വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.

അമർനാഥ് തീർത്ഥാടനം ഈ വർഷം ജൂലൈ 3 ന് ആരംഭിച്ച് ഓഗസ്റ്റ് 8 ന് അവസാനിക്കും. എല്ലാ വർഷവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിന് തീർത്ഥാടകർ ഹിമാലയൻ ഗുഹാക്ഷേത്രത്തിലേക്ക് എത്തുന്നു. പഹൽഗാം, സോൻമാർഗ് എന്നീ പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൂടെ ഇവിടെയെത്താം.

ലഖൻപൂർ-ജമ്മു-ഖാസികുണ്ട്-പഹൽഗാം, ലഖൻപൂർ-ജമ്മു-ഖാസികുണ്ട്-ശ്രീനഗർ-സോണാമാർഗ് എന്നീ റൂട്ടുകളെ നോ ഫ്ലൈ സോണ്‍ മേഖലകളായി പ്രഖ്യാപിക്കാനുള്ള തീരുമാനം എടുത്തത് താഴ്‌വരയിലെ നിലവിലുള്ള സുരക്ഷാ സാഹചര്യം കണക്കിലെടുത്താണ്. ഏപ്രിലിൽ 25 വിനോദസഞ്ചാരികളും ഒരു പ്രദേശവാസിയും കൊല്ലപ്പെട്ട പഹൽഗാം ഭീകരാക്രമണത്തിനുശേഷം സുരക്ഷ കർശനമാക്കിയിരിക്കുകയാണ്.

എന്നിരുന്നാലും, അടിയന്തര സാഹചര്യങ്ങളിൽ നോ ഫ്ളൈ സോണിൽ മാറ്റം വരും. മെഡിക്കൽ എമർജൻസി, ദുരന്തനിവാരണം, സുരക്ഷാ സേനയുടെ നിരീക്ഷണം എന്നിവയ്ക്ക് ഈ നിയന്ത്രണങ്ങൾ ബാധകമല്ലെന്ന് ഉത്തരവിൽ പറയുന്നു.

PREV
click me!

Recommended Stories

ഫ്രാൻസ് മുതൽ ഓസ്ട്രേലിയ വരെ നടപ്പാക്കിയ നിയമം; എന്താണ് ലോക്സഭയിൽ അവതരിപ്പിച്ച റൈറ്റ് ടു ഡിസ്കണക്റ്റ് ബിൽ?
കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്രൂരത! പൊലീസ് ഇടപെടൽ, കേസെടുത്തു