എംഎല്‍എമാര്‍ക്കുള്ള സൗജന്യ അഢംബര ശാപ്പാടും, സമ്മാനങ്ങളും നിര്‍ത്തി സ്റ്റാലിന്‍

By Web TeamFirst Published Aug 17, 2021, 9:01 AM IST
Highlights

മുന്‍കാലങ്ങളില്‍ നിയമസഭ ബഡ്ജറ്റ് സമ്മേളന ദിനങ്ങളില്‍ ഒരോ വകുപ്പുകളാണ് ഭക്ഷണം ഒരുക്കിയിരുന്നത്. എംഎല്‍എമാര്‍ക്ക് പുറമേ അവരുടെ ജീവനക്കാര്‍, പൊലീസ്, നിയമസഭ-സെക്രട്ടറിയേറ്റ് ജീവനക്കാര്‍ എന്നിവരെല്ലാം അടക്കം ഒരു ദിവസം 1000 പേര്‍ക്കാണ് ഫൈവ് സ്റ്റാര്‍ സൗജന്യ ഭക്ഷണം നല്‍കിയിരുന്നു. 

ചെന്നൈ: ബഡ്ജറ്റ് സമ്മേളന കാലത്ത് നിയമസഭയില്‍ എത്തുന്ന എംഎല്‍എമാര്‍ വലിയ സമ്മാന പൊതികളുമായി മടങ്ങുന്നത് തമിഴ്നാട് നിയമസഭയിലെ സ്ഥിരം കാഴ്ചയായിരുന്നു. എന്നാല്‍ അത് അവസാനിപ്പിക്കുകയാണ് തമിഴ്നാട് സര്‍ക്കാര്‍. ഇതിനൊപ്പം വിവിധ വകുപ്പുകള്‍ ബഡ്ജറ്റ് സമ്മേളന നാളുകളില്‍ നല്‍കിരുന്ന ആഢംബര സദ്യകളും നിര്‍ത്താന്‍ തീരുമാനിച്ചിരിക്കുകയാണ് സ്റ്റാലിന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍.

വിവിധ സര്‍ക്കാര്‍ വകുപ്പ് മേധാവികള്‍ക്കും, മന്ത്രിമാരുടെ ഓഫീസുകള്‍ക്കും മുഖ്യമന്ത്രി സ്റ്റാലിന്‍റെ ഓഫീസില്‍ നിന്നും സൗജന്യ ഭക്ഷണവും, സമ്മാനങ്ങളും നിര്‍ത്താന്‍ കര്‍ശ്ശനമായ നിര്‍ദേശം ലഭിച്ചുവെന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സഭ ചേരുന്ന സമയങ്ങളില്‍ എംഎല്‍എമാര്‍ തങ്ങളുടെ ഭക്ഷണം നിയമസഭ പാന്‍ട്രിയില്‍ നിന്ന് അടക്കം സ്വന്തം നിലയില്‍ ഉറപ്പുവരുത്തണമെന്നാണ് നിര്‍ദേശം.

മുന്‍കാലങ്ങളില്‍ നിയമസഭ ബഡ്ജറ്റ് സമ്മേളന ദിനങ്ങളില്‍ ഒരോ വകുപ്പുകളാണ് ഭക്ഷണം ഒരുക്കിയിരുന്നത്. എംഎല്‍എമാര്‍ക്ക് പുറമേ അവരുടെ ജീവനക്കാര്‍, പൊലീസ്, നിയമസഭ-സെക്രട്ടറിയേറ്റ് ജീവനക്കാര്‍ എന്നിവരെല്ലാം അടക്കം ഒരു ദിവസം 1000 പേര്‍ക്കാണ് ഫൈവ് സ്റ്റാര്‍ സൗജന്യ ഭക്ഷണം നല്‍കിയിരുന്നു. വെജിറ്റേറിയനും, നോണ്‍ വെജിറ്റേറിയനും എല്ലാം അടങ്ങുന്ന മുന്‍ നിര ഹോട്ടലില്‍ നിന്നുള്ള ഭക്ഷണമാണ് പലപ്പോഴും വിളമ്പിയിരുന്നത്.  ഇതിനായി പ്രത്യേക ബഡ്ജറ്റ് ഇല്ലെങ്കിലും, വിവിധ കണക്കുകള്‍ കാണിച്ച് ഈ പതിവ് തുടര്‍ന്നിരുന്നു. അഞ്ച് മുതല്‍ പത്ത് ലക്ഷം വരെയാണ് ഇതിന് ചില വകുപ്പുകള്‍ ഒരു ദിവസത്തേക്ക് പൊടിച്ചത്.

കഴിഞ്ഞ എഐഎഡിഎംകെ ഭരണകാലത്ത് ജയലളിതയുടെ മരണ ശേഷം ഈ പതിവ് ദൂര്‍ത്തായി തന്നെ പരിണമിച്ചെന്ന് വിമര്‍ശനമുയര്‍ന്നു. അന്നത്തെ മന്ത്രിമാര്‍ സമ്മാനം കൊടുക്കുന്നതും, ഭക്ഷണം ഏര്‍പ്പാടാക്കുന്നതും അഭിമാന പ്രശ്നമായി കരുതി അര്‍ക്കിടയില്‍ ഒരു മത്സരം പോലും ഉടലെടുത്തെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ഇതിന് പുറമേ ബഡ്ജറ്റ് സമ്മേളന കാലത്ത് വിവിധ സൗജന്യ സമ്മാനങ്ങളും എംഎല്‍എമാര്‍ക്ക് ലഭിക്കാറുണ്ടായിരുന്നു. ഇതില്‍ ബാഗുകള്‍, സ്യൂട്ട്കേസുകള്‍, ഇലക്ട്രോണിക് ഗാഡ്ജറ്റുകള്‍ മുതല്‍ സുഗന്ധദ്രവ്യങ്ങളും അഢംബര വസ്തുക്കളും വരെ ഉണ്ടായിരുന്നു. ഇവയെല്ലാം നിര്‍ത്താനാണ് ഇപ്പോള്‍ സ്റ്റാലിന്‍ സര്‍ക്കാറിന്‍റെ തീരുമാനം.

click me!