കാർഷിക സ്വർണ്ണപ്പണയ വായ്‍പക്ക് നിയന്ത്രണം: അനർഹർ ആനുകൂല്യം വാങ്ങുന്നുവെന്ന് പരാതി , കൃഷിക്കാരല്ലാത്തവർക്ക് നൽകില്ല

By Web TeamFirst Published Aug 3, 2019, 7:14 PM IST
Highlights

സ്വർണ്ണപണയത്തിന് ഒൻപത് ശതമാനമാണ് സാധാരണ പലിശ നിരക്കെങ്കിൽ കാർഷിക സ്വർണ്ണപണയ വായ്പക്ക് പലിശ നാല് ശതമാനം മാത്രമേയുളളൂ. മൂന്ന് ലക്ഷം രൂപ വരെ വായ്പയായി കിട്ടുകയും ചെയ്യും. 

ദില്ലി: കാർഷിക സ്വർണ്ണപണയ വായ്പകൾക്ക് കർശന നിയന്ത്രണം കൊണ്ടുവരാൻ കേന്ദ്ര കൃഷിമന്ത്രാലയത്തിന്‍റെ തീരുമാനം. കർഷകർ അല്ലാത്തവർക്ക് ഒക്ടോബർ ഒന്നുമുതൽ വായ്പ അനുവദിക്കേണ്ടെന്ന് മന്ത്രാലയം ബാങ്കുകൾക്ക് നിർദ്ദേശം നൽകി. ആനുകൂല്യം അനർഹർ കൈപ്പറ്റുന്നതായുളള പരാതികളെ തുടർന്നാണ് നടപടി.

സ്വർണ്ണപണയത്തിന് ഒൻപത് ശതമാനമാണ് സാധാരണ പലിശ നിരക്കെങ്കിൽ കാർഷിക സ്വർണ്ണപണയ വായ്പക്ക് പലിശ നാല് ശതമാനം മാത്രമേയുളളൂ. മൂന്ന് ലക്ഷം രൂപ വരെ വായ്പയായി കിട്ടുകയും ചെയ്യും. കുറഞ്ഞ പലിശ നിരക്കായതിനാൽ കൂടുതൽ ആവശ്യക്കാരെത്തി. വലിയ വരുമാനം കിട്ടുമെന്നതിനാൽ കർഷർക്ക് മാത്രമെന്ന മാനദണ്ഡം ബാങ്കുകളും കർശനമായി നടപ്പാക്കിയില്ല. 

അനർഹർ വായ്പയെടുക്കുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നേരത്തേ കേന്ദ്രത്തിനെ സമീപിച്ചിരുന്നു. ഇതിന്‍റെ കൂടി അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. പൊതുമേഖലാ ബാങ്ക് മേധാവികളുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് കേന്ദ്ര കൃഷിമന്ത്രാലയം തീരുമാനമറിയിച്ചത്. 

സർക്കാരിന് ഇക്കാര്യത്തിൽ ഔദ്യോഗികമായ അറിയപ്പൊന്നും കിട്ടിയിട്ടില്ല. കിസാൻ ക്രെഡിറ്റ് കാർഡ് ഉളളവർക്കും കൃഷി ഓഫീസർ സാക്ഷ്യപ്പെടുത്തിയ കത്ത് നൽകുന്നവർക്കും മാത്രമായി വായ്‍പ പരിമിതപ്പെടുത്തണമെന്നാണ് നിർദ്ദേശം. ഇനി കാർഷിക സ്വർണപ്പണയ വായ്പ നൽകേണ്ടെന്ന് വിവിധ ശാഖകൾക്ക് ബാങ്ക് അധികൃതർ നിർദ്ദേശം നൽകിക്കഴിഞ്ഞു. എന്നാൽ നിലവിൽ ഇത്തരം വായ്പയെടുത്തവരുടെ കാര്യത്തിലെ തുടർനടപടി എങ്ങനെ എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. 
 

click me!