
ബെംഗളൂരു: ബെംഗളൂരുവിലെ ഐടി കമ്പനികൾ കന്നഡ സംസാരിക്കുന്ന ഉദ്യോഗാർത്ഥികളെ ബോധപൂർവ്വം മാറ്റിനിർത്തുന്നുവെന്ന ഗുരുതരമായ ആരോപണത്തിൽ കടുത്ത പ്രതിഷേധവുമായി കർണാടക. റെസ്യൂമേകളിൽ കന്നഡ മാതൃഭാഷയായി രേഖപ്പെടുത്തിയാൽ തഴയപ്പെടുന്നു എന്ന് സാമൂഹ്യ മാധ്യമങ്ങളിൽ കുറിപ്പും വീഡിയോയും വൈറലായതോടെയാണ് കടുത്ത നിലപാടുമായി സർക്കാർ രംഗത്തെത്തിയത്. കന്നഡികരെ തഴഞ്ഞാൽ സ്വകാര്യ കമ്പനികൾ ശക്തമായ നടപടി നേരിടേണ്ടി വരുമെന്ന് മുഖ്യമന്ത്രി ഡി.കെ.ശിവകുമാർ തന്നെ മുന്നറിയിപ്പ് നൽകി. കന്നഡിഗർ ജോലിക്കായി അപേക്ഷിച്ചാൽ 100ൽ മൂന്നോ നാലോ പേർക്ക് മാത്രമാണ് ജോലി ലഭിക്കുന്നത്.
ഐടി തൊഴിൽ ആഗ്രഹിക്കുന്നവരുടെ സ്വപ്ന ഭൂമിയാണ് ബെംഗളൂരു എന്ന ഇന്ത്യയുടെ സിലിക്കൺ വാലി. രാജ്യത്തിന്റെ ഈ സാങ്കേതിക തലസ്ഥാന നഗരിയിൽ കന്നഡികർ വിവേചനം നേരിടുന്നു എന്ന ആരോപണമാണ് വലിയ സോഷ്യൽ മീഡിയ ഡിബേറ്റിന് വഴിയൊരുക്കിയിരിക്കുന്നത്. റെസ്യൂമെയിൽ മാതൃഭാഷ കന്നഡയെന്ന് രേഖപ്പെടുത്തുന്നവരെ ചില ഐടി കമ്പനികൾ അഭിമുഖത്തിലേക്ക് പോലും പരിഗണിക്കുന്നില്ലെന്ന എക്സിലെ പോസ്റ്റാണ് വലിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുന്നത്.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
ബെംഗളൂരുവിലെ ഇസ്‌തെനോസ് ടെക്നോളജീസ് എന്ന സ്ഥാപനം ക്വാളിറ്റി അനലിസ്റ്റ് തസ്തികയിലേക്ക് തമിഴ്, തെലുങ്ക് ഭാഷാ പരിജ്ഞാനം നിർബന്ധമാക്കിയ പരസ്യം സാമൂഹിക മാധ്യമത്തിൽ പങ്കുവച്ച യുവതിയും ചർച്ചകൾക്ക് ആക്കം കൂട്ടി. സാമൂഹിക മാധ്യമങ്ങളിൽ പ്രതിഷേധം ശക്തമായതോടെ കന്നഡ അനുകൂല സംഘടനകളും പ്രവർത്തകരും വിഷയത്തിൽ ഇടപെടണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് ഐടി കന്പനികൾക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി ഡി.കെ.ശിവകുമാർ തന്നെ രംഗത്തെത്തിയിരിക്കുന്നത്. കന്നഡികരുടെ അവകാശങ്ങളും അഭിമാനവും തൊഴിൽ അവസരങ്ങളും അവഗണിക്കാൻ അനുവദിക്കില്ലെന്നും ഏതെങ്കിലും സ്വകാര്യ സ്ഥാപനം മനഃപൂർവം കന്നഡികരെ മാറ്റിനിർത്തുന്നതായി കണ്ടെത്തിയാൽ ഉചിതമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി എക്സിൽ കുറിച്ചു.
ഈ വിവാദം നേരത്തെ ഉയർന്നപ്പോൾ 2024ൽ സ്വകാര്യ മേഖലയിലെ തൊഴിലുകളിൽ കന്നഡികർക്ക് സംവരണം ഉറപ്പാക്കാനുള്ള ബിൽ കർണാടക മന്ത്രിസഭ അംഗീകരിച്ചിരുന്നു. വ്യവസായ മേഖലയുടെ എതിർപ്പിനെത്തുടർന്നാണ് പിന്നീട് ഈ ബില്ലിൽ നിന്ന് പിന്നോട്ടുപോയത്. പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഈ ബില്ലുമായി സർക്കാർ മുന്നോട്ടുപോകണമെന്ന ആവശ്യം തീവ്ര കന്നഡ സംഘടനകൾ ഉയർത്തുമ്പോൾ ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ ആകെ ആക്ഷേപിക്കപ്പെടുന്നതിൽ ഐടി മേഖലയും അസ്വസ്ഥമാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam