
ചെന്നൈ: ലൈംഗികാതിക്രമം (Sexual Assault) നേരിടുന്നുവെന്ന് പൊലീസിൽ (Police) പരാതിപ്പെട്ടിട്ടും തനിക്കും കുടുംബത്തിനും നേരിടേണ്ടി വരുന്ന ആക്രമണങ്ങളിലും ഭ്രഷ്ടിലും പരിഹാരം ലഭിക്കാതെ വന്നതോടെ മുഖ്യമന്ത്രി സ്റ്റാലിനോട് (CM Stalin) സഹായം തേടി പെൺകുട്ടി. 17 കാരിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി മണിക്കൂറുകൾക്കുള്ളിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്ത് പൊലീസ്.
ചെങ്കൽപ്പേട്ട് കൽപാക്കം സ്വദേശിയായ പെൺകുട്ടിയാണ് ബന്ധുക്കളിൽ നിന്നുള്ള അക്രമം സഹിക്കാനാകാതെ പൊലീസിൽ പരാതിപ്പെട്ടിട്ടും നടപടി ആകാതെ ഒടുവിൽ നീതി തേടി മുഖ്യമന്ത്രിയെ സമീപിച്ചത്. പെൺകുട്ടിയുടെ കുടുംബത്തെ ഉപദ്രവിച്ച രാഷ്ട്രീയകക്ഷിയുടെ നേതാവ് അടക്കം മൂന്ന് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
പൊലീസിൽ പരാതിപ്പെട്ടതോടെ ഗ്രാമവാസികൾ കുടുംബത്തിന് ഭ്രഷ്ട് കൽപ്പിച്ചെന്നും പെൺകുട്ടി വീഡിയോയിൽ പറഞ്ഞിരുന്നു. അറസ്റ്റ് ചെയ്ത മൂന്ന് പേർക്കെതിരെ പോക്സോ കേസ് ചുമത്തി. ഒരു വനിതാ പൊലീസിനെതിരെയും പെൺകുട്ടി പരാതി പറഞ്ഞിരുന്നു. അമ്മയും അനുജത്തിയുമൊത്ത് കഴിയുന്ന വീട്ടിൽ കയറിയാണ് മൂന്ന് പേരും നിരന്തരം ഇവരെ ഉപദ്രവിച്ചിരുന്നത്.