ദില്ലി: ലോക്ക് ഡൗണില്‍ മദ്യവില്‍പന പുനരാരംഭിക്കാനുള്ള അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിരുന്നു. ഇതേ ആവശ്യവുമായി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ് മദ്യ നിര്‍മ്മാതാക്കളുടെ സംഘടനയും. കൊവിഡ് 19 വ്യാപനമില്ലാത്തയിടങ്ങളില്‍ മദ്യ വില്‍പനയ്ക്ക് അനുമതി നല്‍കണം എന്നാണ് ഇവരുടെ ആവശ്യം. 

മദ്യ വില്‍പന അനുവദിക്കാന്‍ സംസ്ഥാനങ്ങള്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചൊലുത്തണമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ആല്‍ക്കഹോളിക്ക് ബിവറേജ് കമ്പനീസ്(സിഐഎബിസി) ആവശ്യപ്പെട്ടു. ഭരണഘടനാപരമായി മദ്യവില്‍പന സംസ്ഥാനങ്ങളുടെ അധികാര പരിധിയില്‍ വരുന്ന കാര്യമാണ്. അതിനാല്‍ മദ്യ വില്‍പന അനുവദിക്കണോ വേണ്ടയോ എന്നത് സംസ്ഥാനങ്ങളുടെ മാത്രം തീരുമാനമാണ് എന്ന് കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. 

Read more: സാമ്പത്തിക പ്രതിസന്ധി: മദ്യ വില്‍പന അനുവദിക്കണം, ഇടക്കാല സഹായവും വേണം; കേന്ദ്രത്തിന് കത്തെഴുതി പഞ്ചാബ്

ലോക്ക് ഡൗണ്‍ ഇതിനകം 20,000 കോടിയുടെ സാമ്പത്തിക നഷ്ടമുണ്ടാക്കി എന്നാണ് സിഐഎബിസിയുടെ വാദം. എന്നാല്‍ മദ്യശാലകള്‍ വീണ്ടും തുറക്കുമ്പോള്‍ സാമൂഹിക അകലം ഉറപ്പുവരുത്തണമെന്നും സിഐഎബിസി പറയുന്നു. ഓണ്‍ലൈനായി മദ്യവില്‍പന അനുവദിക്കണം എന്നതാണ് സിഐഎബിസി മുന്നോട്ടുവെക്കുന്ന മറ്റൊരു ആവശ്യം. എന്നാല്‍ മദ്യ നിര്‍മ്മാതാക്കളുടെ ആവശ്യങ്ങളില്‍ സംസ്ഥാനങ്ങള്‍ പ്രതികരണം അറിയിച്ചിട്ടില്ല.