
മുംബൈ: ലഹരി മരുന്ന് വാങ്ങാനുള്ള പണം കണ്ടെത്താനായി മുംബൈയിൽ ദമ്പതികൾ സ്വന്തം കുട്ടികളെ വിറ്റു. ജനിച്ച് മാസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞിനെയും രണ്ട് വയസുകാരനെയുമാണ് വിറ്റത്. ദമ്പതികളടക്കം നാല് പേരെ മുംബൈ പൊലീസ് പിടികൂടി. ഒരു കുട്ടിയെ കണ്ടെത്താനും കഴിഞ്ഞു
ഷാബിർ ഖാൻ, ഭാര്യ സാനിയ. ലഹരി മരുന്നിന് അടിമകളായ ഈ ദമ്പതികളാണ് സ്വന്തം മക്കളെ വിറ്റത്. ഷബീറിന്‍റെ ബാന്ദ്രയിലുള്ള സഹോദരി റുബീനയോടൊപ്പമായിരുന്നു കുടുംബം ആദ്യം താമസിച്ചിരുന്നത്. എന്നാൽ ലഹരി മരുന്ന് ഉപയോഗത്തെ റുബീന ചോദ്യം ചെയ്തതോടെ അവിടെ നിന്ന് ആദ്യം അന്ധേരിയിലേക്കും പിന്നീട് വസായിയിലേക്കും ഇവർ താമസം മാറി. സാമ്പത്തിക പ്രതിസന്ധി കൂടി വന്നതോടെ തിരികെ ഷാബിറും ഭാര്യ സാനിയയും ബാന്ദ്രയിലേക്ക് തന്നെ എത്തി.
മൂന്ന് മക്കളിൽ രണ്ട് പേരെ കാണാനില്ലെന്ന് മനസിലായ റുബീന പ്രതികളോട് സംസാരിച്ചപ്പോഴാണ് കുട്ടികളെ വിറ്റ വിവരം അറിയുന്നത്. ഉടൻ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. രണ്ട് വയസുള്ള മകനെ അറുപതിനായിരം രൂപയ്ക്കും മാസങ്ങൾ മാത്രം പ്രായമുള്ള മകളെ പതിനാലായിരം രൂപയ്ക്കുമാണ് വിറ്റത്. ഇവർക്ക് സഹായം ചെയ്ത ഉഷ എന്ന ഇടനിലക്കാരിയെയും രണ്ട് വയസുകാരനെ വാങ്ങിയ ഷക്കീൽ മക്രാണി എന്നയാളെയും പൊലീസ് പിന്നാലെ പിടികൂടി. കുട്ടിയെ ശിശു സംരക്ഷണ കേന്ദ്രത്തിലേക്കി മാറ്റി. ഇളയ കുഞ്ഞിനെ കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്ന് അന്ധേരിയിലെ ഡിഎൻ നഗർ പൊലീസ് അറിയിച്ചു