
പൂനെ: പണം കെട്ടിവയ്ക്കാതെ പ്രസവം എടുക്കില്ലെന്ന് ഡോക്ടറുടെ നിലപാടിൽ പൂർണഗർഭിണിക്ക് ദാരുണാന്ത്യം. കൃത്യസമയത്ത് ചികിത്സ ലഭിക്കാതെ ഇരട്ട കുട്ടികളെ ഗർഭം ധരിച്ചിരുന്ന യുവതിയാണ് രക്തസ്രാവത്തേ തുടർന്ന് മരിച്ചത്. സംഭവത്തിൽ മഹാരാഷ്ട്രയിലെ പൂനെയിലെ ദീനാനാഥ് മംഗേഷ്കർ ആശുപത്രിയിലെ പുരുഷ ഗൈനക്കോളജിസ്റ്റിനെതിരെ കേസ് എടുത്തിരിക്കുകയാണ്. തനിഷ്ക ഭിസേ എന്ന യുവതിയുടെ മരണത്തിന് പിന്നാലെയാണ് ഡോ. സുഷ്റുത്ത് ഖൈസാസിനെതിരെ പൊലീസ് കേസെടുത്തത്.
യുവതിയെ അഡ്മിറ്റ് ചെയ്യണമെങ്കിൽ പത്ത് ലക്ഷം രൂപ മുൻകൂറായി കെട്ടിവയ്ക്കണമെന്നായിരുന്നു ഗൈനക്കോളജിസ്റ്റ് ആവശ്യപ്പെട്ടത്. കൃത്യസമയത്ത് ചികിത്സ ലഭിക്കുന്നതിലുണ്ടായ പിഴവ് മൂലം യുവതി ഗുരുതരാവസ്ഥയിലാവുകയും മരണപ്പെടുകയുമായിരുന്നു. അഞ്ച് മണിക്കൂറിലേറെ വൈകിയാണ് യുവതിക്ക് വൈദ്യ സഹായം നൽകാൻ സാധിച്ചത്. ഇത് യുവതിയെ മറ്റൊരു ഹോസ്പിറ്റലിൽ എത്തിച്ച ശേഷമായിരുന്നു. ഇരട്ട പെൺകുട്ടികൾക്കാണ് യുവതി ജന്മം നൽകിയതെങ്കിലും രക്തസ്രാവം നിലയ്ക്കാതെ യുവതി മരണത്തിന് കീഴടങ്ങുകയായിരുന്നു. പണം അടയ്ക്കാൻ സാധിക്കാതെ വന്നതോടെയാണ് ബന്ധുക്കൾ യുവതിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയത്. എങ്കിലും യുവതിയുടെ ജീവൻ രക്ഷിക്കാനായിരുന്നില്ല.
സംഭവത്തിൽ സാസൂൺ ആശുപത്രിയിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ യുവതിക്ക് ചികിത്സ നിഷേധിക്കപ്പെട്ടതായി കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുരുഷ ഗൈനക്കോളജിസ്റ്റിനെതിരെ കേസ് എടുത്തത്. ഇതിന് പിന്നാലെയാണ് ഡോക്ടർക്കെതിരെ കേസ് എടുത്തത്. യുവതിയുടെ ഗർഭം സംബന്ധിയായ എല്ലാ വിവരങ്ങൾ ലഭ്യമായിരുന്നിട്ടും ഡോക്ടറും സംഘവും ചികിത്സ ലഭ്യമാക്കിയില്ലെന്നും അടിയന്തര ചികിത്സ നൽകിയില്ലെന്നുമാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്.
യുവതി പ്രസവിച്ച സാസൂണ്‍ ആശുപത്രിയാണ് സംഭവത്തെക്കുറിച്ചുള്ള വിശദറിപ്പോര്‍ട്ട് പൊലീസിന് കൈമാറിയത്. ചികിത്സ നല്‍കാന്‍ വൈകി എന്നതാണ് മരണകാരണമായി പറഞ്ഞിരിക്കുന്നത്. സംഭവം അതീവ ഗൗരവമാണെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട് ഇതിനോടകം നാട്ടുകാരും രാഷ്ട്രീയ പാര്‍ട്ടികളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam