രാജ്യവ്യാപകമായി 'ലവ് ജിഹാദ്' നിയമം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്രം

By Web TeamFirst Published Feb 2, 2021, 10:35 PM IST
Highlights

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മതപരിവര്‍ത്തന നിരോധന നിയമം നടപ്പാക്കിയതിന്റെ പശ്ചാത്തലത്തിലായിരുന്നു ചോദ്യം. കേരളത്തില്‍ നിന്നുള്ള അഞ്ച് കോണ്‍ഗ്രസ് എംപിമാരാണ് ചോദ്യം ഉന്നയിച്ചത്.
 

ദില്ലി: രാജ്യവ്യാപകമായി മതപരിവര്‍ത്തന നിരോധന നിയമം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കി. പാര്‍ലമെന്റിലെ ചോദ്യോത്തര വേളയില്‍ എംപിമാരുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് സര്‍ക്കാര്‍ നയം വ്യക്തമാക്കിയത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മതപരിവര്‍ത്തന നിരോധന നിയമം നടപ്പാക്കിയതിന്റെ പശ്ചാത്തലത്തിലായിരുന്നു ചോദ്യം. കേരളത്തില്‍ നിന്നുള്ള അഞ്ച് കോണ്‍ഗ്രസ് എംപിമാരാണ് ചോദ്യം ഉന്നയിച്ചത്.

ഭരണഘടനയുടെ ഏഴാം ഷെഡ്യൂള്‍ പ്രകാരം പൊതു ഉത്തരവും പൊലീസും സംസ്ഥാനങ്ങളുടെ അധികാര പരിധിയിലാണെന്നും നിര്‍ബന്ധിത മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട തടങ്കല്‍, അന്വേഷണം, വിചാരണ എന്നിവ സംസ്ഥാന സര്‍ക്കാറുകളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും അധികാര പരിധിയിലാണെന്നും എന്തെങ്കിലും നിയമവിരുദ്ധ കാര്യങ്ങള്‍ നടന്നാല്‍ നിലനില്‍ക്കുന്ന നിയമം അനുസരിച്ച് ബന്ധപ്പെട്ടവര്‍ നടപടിയെടുക്കുമെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡ്ഡി വ്യക്തമാക്കി.

വിവിധ മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ വിവാഹം കഴിയ്ക്കുന്നതാണോ മതപരിവര്‍ത്തനം നിരോധനത്തിന് അടിസ്ഥാനം, മതപരിവര്‍ത്തനം നിരോധിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടോ എന്നായിരുന്നു എംപിമാരുടെ ചോദ്യം. യുപി, മധ്യപ്രദേശ് തുടങ്ങിയ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളാണ് നിലവില്‍ നിയമം പാസാക്കിയത്. ബിജെപി ഭരിക്കുന്ന കര്‍ണാടക, ഹരിയാന, അസം തുടങ്ങിയ സംസ്ഥാനങ്ങളും നിയമം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ലൗ ജിഹാദ് തടയാനെന്ന പേരിലാണ് സംസ്ഥാനങ്ങള്‍ നിര്‍ബന്ധിത മതപരിവര്‍ത്തന നിയമം പാസാക്കുന്നത്.
 

click me!