
ഹൈദരാബാദ്: ദേശീയ പൗരത്വ പട്ടിക നടപ്പാക്കില്ലെന്ന് തെലങ്കാന. ന്യൂനപക്ഷങ്ങളുടെ താല്‍പ്പര്യം സംരക്ഷിക്കുമെന്നും നിലപാട് കേന്ദ്ര സർക്കാരിനെ അറിയിച്ചതായും ആഭ്യന്തര മന്ത്രി മെഹമൂദ് അലി പറഞ്ഞു. മറ്റ് രാജ്യങ്ങളിൽ ഉള്ളവർക്ക് വേണ്ടി ഇന്ത്യയിലുള്ള മുസ്ലിങ്ങളെ ഭീതിയിലാക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഇതാദ്യമായാണ് പൗരത്വ പട്ടികയിൽ തെലങ്കാന സർക്കാർ നിലപാട് വ്യക്തമാക്കുന്നത്. പൗരത്വ നിയമ ഭേദഗതിയെ പാർലമെന്‍റില്‍ എതിർത്തെങ്കിലും പട്ടികയുടെ കാര്യത്തിൽ മുഖ്യമന്ത്രി ചന്ദ്രശേഖര റാവു മൗനത്തിലായിരുന്നു.
എൻആർസി നടപ്പാക്കരുതെന്ന് മജ്‌ലിസ് പാർട്ടി നേതാവ് അസദുദീൻ ഒവൈസി റാവുവിനോട് ആവശ്യപ്പെട്ടിരുന്നു. പൗരത്വ പട്ടികയില്‍ ചന്ദ്രശേഖര റാവു മികച്ച തീരുമാനമെടുക്കും, കേരളത്തെ പോലെ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ തെലങ്കാന സര്‍ക്കാര്‍ സ്റ്റേ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും ഒവൈസി നേരത്തെ പറഞ്ഞിരുന്നു. മറ്റ് രാജ്യങ്ങളില്‍ പീഡനം അനുഭവിക്കുന്ന ഹിന്ദുക്കള്‍ക്ക് ഇന്ത്യയില്‍ പൗരത്വം കൊടുക്കുന്നതില്‍ തെറ്റില്ല എന്നാല്‍ സ്വന്തം രാജ്യത്തെ പൗരന്മാരോട് പൗരത്വം തെളിയിക്കാന്‍ ആവശ്യപ്പെട്ട് ബുദ്ധിമുട്ടിലാക്കരുതെന്നും മെഹ്മൂദ് അലി പറഞ്ഞു. ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേയായിരുന്നു മന്ത്രിയുടെ പ്രതികരണം.
"മറ്റ് രാജ്യങ്ങളില്‍ ഹിന്ദുക്കള്‍ പീഡനം അനുഭവിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് ഇന്ത്യയില്‍ പൗരത്വം നല്‍കാം. എന്നാല്‍ ഈ രാജ്യത്തെ ജനങ്ങളെ എന്തിനാണ് ലക്ഷ്യംവെക്കുന്നത്? അവരെ ബുദ്ധിമുട്ടിലാക്കുന്നത്? രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ ആവശ്യമില്ലാത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. എന്തെങ്കിലും തെളിയിക്കുന്നതിന് വേണ്ടി ജനന സര്‍ട്ടിഫിക്കിറ്റ് ജനങ്ങള്‍ സൂക്ഷിച്ച് വെക്കാറില്ല". തെലങ്കാനയില്‍ എന്‍ആര്‍സി നടപ്പാക്കില്ലെന്ന് നിങ്ങള്‍ക്ക് ഞാന്‍ വാഗ്ദാനം നല്‍കുന്നെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. കേരളം, ബീഹാര്‍, പശ്ചിമ ബംഗാള്‍, ഒഡീഷ, പഞ്ചാബ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങള്‍ എന്‍ആര്‍സി നടപ്പിലാക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam