'യുപിയില്‍ കാട്ടുനീതി, ആരും സുരക്ഷിതരല്ല'; യോഗി സര്‍ക്കാരിനെതിരെ പ്രിയങ്ക

By Web TeamFirst Published Jul 5, 2020, 3:20 PM IST
Highlights

യുപിയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് പ്രിയങ്കയുടെ പ്രതികരണം. ഭരണം കയ്യാളുന്ന ബിജെപിയുടെ നേതാക്കളും ക്രിമിനലുകളിലുമായി തമ്മില്‍ അവിശുദ്ധ ബന്ധങ്ങളുണ്ടെന്നും പ്രിയങ്ക ആരോപിച്ചു

ലക്നൗ: കാട്ടുനീതി നടപ്പിലുള്ള ഉത്തര്‍പ്രദേശില്‍ ആരും സുരക്ഷിതരല്ലെന്ന് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. യുപിയില്‍ പൊലീസുകാര്‍ പോലും സുരക്ഷിതരല്ലെന്ന് പ്രിയങ്ക വിമര്‍ശിച്ചു. യുപിയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് പ്രിയങ്കയുടെ പ്രതികരണം.

ഭരണം കയ്യാളുന്ന ബിജെപിയുടെ നേതാക്കളും ക്രിമിനലുകളുമായി തമ്മില്‍ അവിശുദ്ധ ബന്ധങ്ങളുണ്ടെന്നും പ്രിയങ്ക ആരോപിച്ചു. സംസ്ഥാനത്തെ ക്രമസമാധാന നില തകരുന്ന സാഹചര്യം മുന്‍നിര്‍ത്തി വിവിധ സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിച്ച് ഇ-ക്യാമ്പയിന്‍ തുടങ്ങാനാണ് കോണ്‍ഗ്രസ് തീരുമാനം.

കഴിഞ്ഞ വ്യാഴാഴ്ച നടന്ന ഏറ്റുമുട്ടലില്‍ ഡിഎസ്പി അടക്കം എട്ട് പൊലീസുകാരാണ് കൊല്ലപ്പെട്ടത്. ഏഴ് പൊലീസുകാര്‍ക്കും പരിക്കുമേറ്റിരുന്നു. ഈ സംഭവം മുന്‍നിര്‍ത്തിയാണ് യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ പ്രിയങ്ക വിമര്‍ശനം ഉന്നയിച്ചത്. അതേസമയം, കാണ്‍പൂരില്‍ എട്ട് പൊലീസുകാരെ കൊലപ്പെടുത്തിയ മാഫിയ തലവന്‍ വികാസ് ദുബെ നേപ്പാളിലേക്ക് കടക്കാൻ ശ്രമിക്കുന്നതായാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം. വികാസ് ദുബെക്കായുള്ള തെരച്ചിൽ അതിർത്തി ഗ്രാമത്തിലേക്കും വ്യാപിച്ചിട്ടുണ്ട്.

അതിർത്തികളിൽ ദുബൈയുടെ ഫോട്ടോ പോസ്റ്ററുകൾ പതിച്ചു. അതേസമയം, വികാസ് ദുബെയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചു. ഇതിനിടയിൽ, സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ദുബെ ഉപയോഗിച്ച കാർ പൊലീസ് കണ്ടെത്തി. ദുബെയുടെ കൂട്ടാളി ദയാശങ്കർ അഗ്നിഹോത്രിയെ പൊലീസ് പിടികൂടിയിട്ടുണ്ട്.

click me!