നാസിക്കിലെ ആശുപത്രികളിൽ ഓക്സിജൻ ഇല്ല, ദുരിതത്തിലായി കൊവിഡ് രോ​ഗികൾ

By Web TeamFirst Published Apr 8, 2021, 5:14 PM IST
Highlights

നാസിക്കിലെ എല്ലാ ആശുപത്രികളെയും സമീപിച്ചെങ്കിലും പുതിയൊരു രോ​ഗിയെ പ്രവേശപ്പിക്കാൻ ആരും തയ്യാറായില്ല. ഓക്സിജൻ കിട്ടിയില്ലെങ്കിൽ തന്റെ അമ്മയുടെ ജീവൻ അപകടത്തിലാകുമെന്ന് അർച്ചന പറഞ്ഞു. 

മുംബൈ:  നാസിക്കിലെ ആശുപത്രികളിലെ ഓക്സിജൻ ദൗർലഭ്യത്തെ തുടർന്ന് രോ​ഗികളെ ആശുപത്രിയിൽ നിന്ന് മാറ്റാൻ അധികൃതർ ആവശ്യപ്പെട്ടതായി ബന്ധുക്കൾ. കുറഞ്ഞ മണിക്കൂറുകളിലേക്കുള്ള ഓക്സിജൻ മാത്രമേ ബാക്കിയുള്ളുവെന്ന് അറിയിച്ചും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടും ആശുപത്രി അധികൃതർ ബന്ധപ്പെട്ട് കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കുന്ന സ്ത്രീയുടെ ബന്ധുക്കൾ എൻഡിടിവിയോട് പറഞ്ഞു. 

മഹാരാഷ്ട്രയിൽ കൊവി‍ഡ് രോ​ഗികളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് ആശുപത്രികളിൽ ഓക്സിജന്റെ അളവ് കുറയുന്നത്. കൊവിഡ് ബാധിച്ച് 17 ദിവസമായി  ചികിത്സയിൽ കഴിയുന്ന 73 കാരി സുമന്ദ് കസ്തൂറിന്റെ രോ​ഗം ഭേദപ്പെട്ടിരുന്നെങ്കിലും കഴിഞ്ഞ ദിവസം വീണ്ടും ആരോ​ഗ്യം മോശമാകുകയായിരുന്നു. 

സുമന്ദിന്റെ മകൾ അർച്ചനാ വ്യവഹാരെയെ വിളിച്ചാണ്  അധികൃതർ മതിയായ ഓക്സിജൻ ഇല്ലെന്ന് അറിയിച്ചത്. എന്നാൽ നാസിക്കിലെ എല്ലാ ആശുപത്രികളെയും സമീപിച്ചെങ്കിലും പുതിയൊരു രോ​ഗിയെ പ്രവേശപ്പിക്കാൻ ആരും തയ്യാറായില്ല. ഓക്സിജൻ കിട്ടിയില്ലെങ്കിൽ തന്റെ അമ്മയുടെ ജീവൻ അപകടത്തിലാകുമെന്ന് അവർ പറഞ്ഞു. കൊവിഡ് രോ​ഗികൾ‌ക്ക് ഏറ്റവും അത്യാവശ്യം വേണ്ടത് ഓക്സിജനാണ്. അത് ഇല്ല എന്നാൽ മരണം 100 ശതമാനം ഉറപ്പാണെന്നും സുവിചാ‍ർ ആശുപത്രിയിലെ ഡോക്ടർ ശ്യാം പട്ടീൽ പറഞ്ഞു. 

നാസിക്കിലെ സ്വകാര്യ ആശുപത്രികളും സർക്കാർ ആശുപത്രികളും സമാനസാഹചര്യത്തിലാണെന്നും അ​ദ്ദേഹം പറഞ്ഞു. ജില്ലാ അധികൃതരുമായി ബന്ധപ്പെട്ടെന്നും എന്നാൽ ഓക്സിജൻ സിലിണ്ടറുകൾ ലഭിക്കുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ലെന്നും പട്ടീൽ വ്യക്തമാക്കി. ആഴ്ചകളായി ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൊവ‍ി‍ഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. ബുധനാഴ്ചയിലെ റിപ്പോർട്ട് പ്രകാരംല24 മണിക്കൂറിനുള്ളിൽ 59907 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 322 പേർ രോ​ഗം ബാധിച്ച് മരിച്ചു. 

click me!