കണ്ടിട്ടും മിണ്ടാതെ മോദിയും ഇംമ്രാന്‍ ഖാനും; തീവ്രവാദത്തിനെതിരെ നടപടിയില്ലാതെ ചര്‍ച്ചയില്ലെന്ന് ഇന്ത്യ

By Web TeamFirst Published Jun 14, 2019, 2:06 AM IST
Highlights

ഉച്ചകോടിക്കിടെ കശ്മീര്‍ അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാമെന്ന് ഇംമ്രാന്‍ ഖാന്‍ മോദിക്ക് കത്തെഴുതിയിരുന്നു. സൈനിക നീക്കത്തിലൂടെയല്ല, ചര്‍ച്ചയിലൂടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടതെന്ന് പാകിസ്ഥാന്‍ റേഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ ഇംമ്രാന്‍ ഖാന്‍ വ്യക്തമാക്കി.

ബിഷ്കെക്ക്: കിര്‍ഗിസ്ഥാനില്‍  നടക്കുന്ന ഷാങ്ഹായ് കോഓപറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിക്കിടെ തമ്മില്‍ കണ്ടിട്ടും ഒരക്ഷരം ഉരിയാടാതെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും പാകിസ്ഥാന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇംമ്രാന്‍ ഖാനും.  ഉച്ചകോടിക്കിടെ കിർഗിസ്ഥാൻ പ്രസിഡന്‍റ് സൂറോണ്‍ബായ് ജീന്‍ബെകോവ് നൽകിയ വിരുന്നിലാണ് ഇരുനേതാക്കളും ഒരുമിച്ച് പങ്കെടുത്തത്. എന്നാല്‍ ഇരുനേതാക്കളും സംസാരിച്ചില്ലെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.

അതേസമയം, ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ്ങുമായി മോദി കൂടിക്കാഴ്ച നടത്തി. പാകിസ്ഥാൻ ഭീകരവാദികളെ സഹായിക്കുന്ന നിലപാട് മാറ്റാതെ ചർച്ചയില്ലെന്ന് നരേന്ദ്ര മോദി അറിയിച്ചു. 40മിനിറ്റ് കൂടിക്കാഴ്ചയിൽ ഭീകരവാദം ചർച്ചയായി. ഇന്നലെ അനന്ത്നാഗിൽ നടന്ന ആക്രണം പോലും ഭീകരവാദികൾക്കുള്ള പാക് പിന്തുണ വ്യക്തമാക്കുന്നതായി മോദി വ്യക്തമാക്കി. പാകിസ്ഥാനുമായി ചർച്ചയ്ക്ക് ഇപ്പോൾ അന്തരീക്ഷമില്ലെന്നും മോദി ചൈനീസ് പ്രസിഡന്‍റിനെ അറിയിച്ചു. ചര്‍ച്ചയില്‍ ഇന്ത്യ സന്ദര്‍ശിക്കാമെന്ന് ഷി ജിന്‍പിങ് അറിയിച്ചു.  

റഷ്യൻ പ്രസിഡൻറ് വ്ളാഡിമിർ പുട്ടിനെയും മോദി കണ്ടു. റഷ്യ പരമോന്നത സിവിലിയൻ പുരസ്കാരം തനിക്ക് പ്രഖ്യാപിച്ചതിന് നന്ദി അറിയിച്ചു. റഷ്യയിലെ കിഴക്കൻ സാമ്പത്തിക ഉച്ചകോടിയിൽ മുഖ്യാതിഥിയായി പുട്ച്ചിൻ മോദിയെ ക്ഷണിച്ചു. റെയിൽവേയുടെ ആധുനികവത്ക്കരണത്തിൽ റഷ്യ സഹകരിക്കും. ഇമ്രാൻ ഖാനും പ്രധാനമന്ത്രി നരേന്ദമോദിയും ഒന്നിലധികം വേദികളിൽ കണ്ടുമുട്ടുമെങ്കിലും ഔപചാരിക ചർച്ചയുണ്ടാവില്ല. 

കഴിഞ്ഞ ദിവസം പാകിസ്ഥാന്‍റെ വ്യോമപാതയിലൂടെയുള്ള യാത്ര മോദി ഒഴിവാക്കിയിരുന്നു. മൂന്നുമണിക്കൂർ കൂടുതൽ യാത്ര ചെയ്താണ് മോദി കിർഗിസ്ഥാനിലെ ബിഷ്കെക്കിൽ എത്തിയത്. മോദിക്ക് പറക്കാൻ പ്രത്യേക അനുമതി നല്‍കാമെന്ന് പാകിസ്ഥാൻ അറിയിച്ചെങ്കിലും ഒമാൻ വഴി പോയാൽ മതിയെന്നായിരുന്നു ഇന്ത്യയുടെ തീരുമാനം. 

അതേസമയം, ഉച്ചകോടിക്കിടെ കശ്മീര്‍ അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാമെന്ന് ഇംമ്രാന്‍ ഖാന്‍ മോദിക്ക് കത്തെഴുതിയിരുന്നു. സൈനിക നീക്കത്തിലൂടെയല്ല, ചര്‍ച്ചയിലൂടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടതെന്ന് പാകിസ്ഥാന്‍ റേഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ ഇംമ്രാന്‍ ഖാന്‍ വ്യക്തമാക്കി. മധ്യസ്ഥ ശ്രമങ്ങളിലൂടെയാണ് സമാധാന നീക്കങ്ങള്‍ നടക്കുകയെങ്കില്‍ അതിനും പാകിസ്ഥാന്‍ തയാറാണ്. അഭിവൃദ്ധി സമാധാനത്തിലൂടെയാണ് രക്തചൊരിച്ചിലിലൂടെയല്ല ഉണ്ടാകുകയെന്നും ഇംമ്രാന്‍ പറഞ്ഞു.

click me!