'ആത്മഹത്യാ പ്രേരണക്ക് പ്രഥമദൃഷ്ട്യാ തെളിവില്ല'; അർണബ് ഗോസ്വാമിയുടെ ജാമ്യ ഉത്തരവ് പുറത്തിറക്കി

By Web TeamFirst Published Nov 27, 2020, 12:34 PM IST
Highlights

അർണബ് ഗോസ്വാമി കുറ്റക്കാരൻ എന്ന് വ്യക്തമാകുന്ന തെളിവുകൾ ഇല്ലാത്തതിനാലാണ് ജാമ്യം നൽകിയതെന്ന് സുപ്രീം കോടതി.  

ദില്ലി: അർണബ് ഗോസ്വാമി കുറ്റക്കാരൻ എന്ന് വ്യക്തമാകുന്ന തെളിവുകൾ ഇല്ലാത്തതിനാലാണ് ജാമ്യം നൽകിയതെന്ന് സുപ്രീം കോടതി. ആത്മഹത്യാ പ്രേരണക്ക് പ്രഥമദൃഷ്ട്യാ തെളിവില്ലെന്നും മഹാരാഷ്ട്ര പൊലീസ് ചുമത്തിയ കുറ്റങ്ങൾ തെളിയിക്കാനായില്ലെന്നും ജാമ്യം നൽകിയുള്ള ഉത്തരവിൽ പറയുന്നു.  കോടതി പുറത്തിറക്കിയ ജാമ്യ ഉത്തരവിന്റെ പകർപ്പിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. 

2018 ല്‍ ഇന്‍റീരിയര്‍ ഡിസൈനര്‍ അന്‍വയ് നായ്ക്  ആത്മഹത്യ ചെയ്തതിൽ പ്രേരണ കുറ്റം ചുമത്തിയാണ് അർണബിനെ അറസ്റ്റ് ചെയ്തത്. റിപ്പബ്ലിക് ടിവിയുടെ സ്റ്റുഡിയോ നിര്‍മ്മാണത്തിന് 83 ലക്ഷം രൂപ അര്‍ണബ് നല്‍കാനുണ്ടായിരുന്നുവെന്ന് നായിക്കിന്‍റെ ആത്മഹത്യ കുറിപ്പിലുണ്ടായിരുന്നു. 

തെളിവില്ലെന്ന കാരണം പറഞ്ഞ് കേസേന്വേഷണം ആലിബാഗ് പൊലീസ് നേരത്തെ  അവസാനിപ്പിച്ചിരുന്നു. എന്നാല്‍ അന്‍വയ് നായിക്കിന്‍റെ ഭാര്യ അടുത്തിടെ നൽകിയ പുതിയ പരാതിയെ തുടര്‍ന്നാണ് കേസ് വീണ്ടും പൊലീസ് പൊടി തട്ടിയെടുത്തത്. 

അർണബ് ഗോസ്വാമിയുടേത് തീവ്രവാദ കേസല്ലെന്നും സാങ്കേതിക കാര്യങ്ങൾ പറഞ്ഞ് ജാമ്യം നിഷേധിക്കാനാകില്ലെന്നും വ്യക്തമാക്കിയായിരുന്നു സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. പൗരന്മാരുടെ വ്യക്തിസ്വാതന്ത്ര്യം സംരക്ഷിക്കാൻ ഇവിടെ മേൽക്കോടതിയുണ്ടെന്ന് സുപ്രീം കോടതി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വിശദമാക്കിയിരുന്നു.  

ജാമ്യാപേക്ഷ നേരത്തെ ബോംബെ ഹൈക്കോടതി തള്ളിയിരുന്നു. വിധിക്കെതിരെ അര്‍ണബ് ഗോസ്വാമി നല്‍കിയ ഹര്‍ജിയിലായിരുന്നു സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. ജാമ്യം അനുവദിച്ചതിനെതിരെ വ്യാപകമായി വിമർശനങ്ങൾ ഉയർന്നിരുന്നു. അർണബിന് ജാമ്യം നൽകിയ വിഷയത്തിൽ സുപ്രീംകോടതിയെ പരിഹസിച്ച യുട്യൂബർ കുനാല്‍ കമ്ര കോടതിയലക്ഷ്യ നടപടികൾ നേരിടുകയാണ്.

click me!