ലാത്തിച്ചാർജ്, കണ്ണീർവാതകം, കല്ലേറ്, അതിർത്തിയിൽ നിലയുറപ്പിച്ച് കേന്ദ്രസേനകൾ;പിൻമാറില്ലെന്ന് കരളുറപ്പോടെ കർഷകർ

By Athira PNFirst Published Nov 27, 2020, 12:19 PM IST
Highlights

ദില്ലി പൊലീസിന് പുറമെ സായുധരായ ബിഎസ്എഫിനെയും സിആര്‍പിഎഫ്, സിഐഎസ് എഫ് അടക്കമുളള കേന്ദ്ര സേനയെ വിന്യസിച്ചിട്ടുണ്ട്

ദില്ലി: കർഷക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് രാജ്യതലസ്ഥാനത്തേക്ക് കർഷകർ നടത്തുന്ന ദില്ലി ചലോ മാർച്ചിൽ സംഘർഷം. കർഷകർ ദില്ലി-ഹരിയാന അതിർത്തിയിൽ തുടരുകയാണ്. കർഷകരെ ദില്ലിയിലേക്ക് കടത്തിവിടാതെ അതിർത്തികളിൽ മാർച്ച് തടയാൻ ശ്രമിക്കുന്ന പൊലീസ് കർശന നടപടികളിലേക്ക് കടന്നു. എന്നാൽ ബാരിക്കേഡുകളെയും ലാത്തിച്ചാർജിനെയും മറികടന്ന് മുന്നോട്ടെന്ന നിലപാടിൽ പതിനായിരക്കണക്കിന് കർഷകർ ഉറച്ചു നിൽക്കുകയാണ്. അതിർത്തിയിൽ പൊലീസിന് നേരെയും പൊലീസ് തിരിച്ചും കല്ലെറിഞ്ഞു. നിരവധിപ്പേർക്ക് പരിക്കേറ്റതായാണ് വിവരം. പഞ്ചാബിൽ നിന്നടക്കം കൂടുതൽ കർഷകർ അതിർത്തിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. പൊലീസ് വ്യാപകമായി കണ്ണീർ വാതകം പ്രയോഗിക്കുന്നു. ലാത്തിച്ചാർജും നടന്നു. 

കോണ്‍ക്രീറ്റ് പാളികൾ കൊണ്ടും ട്രക്കുകളിൽ മണ്ണ് തട്ടിയും അതിര്‍ത്തി റോഡുകൾ പൊലീസ് അടച്ചിരിക്കുകയാണ്. റോഡിന് കുറുകെ മുള്ളുവേലിയും സ്ഥാപിച്ചിട്ടുണ്ട്. ദില്ലി പൊലീസിന് പുറമെ സായുധരായ ബിഎസ്എഫിനെയും സിആര്‍പിഎഫ്, സിഐഎസ് എഫ് അടക്കമുളള കേന്ദ്ര സേനയെ വിന്യസിച്ചിട്ടുണ്ട്. ഡ്രോൺ ക്യാമറ നിരീക്ഷണവും നടത്തുന്നുണ്ട്. ഏത് വിധേനെയും കർഷകരെ തടയാനാണ് പൊലീസ് ശ്രമിക്കുന്നത്.

എന്നാൽ ബാരിക്കേഡുകൾ തകർത്ത് മുന്നോട്ട് പോകുമെന്ന നിലപാടിലാണ് കർഷകർ. ദില്ലിയിൽ പാർലമെന്റ് മാർച്ച് നടത്തുമെന്നാണ് കർഷകരുടെ പ്രഖ്യാപനം. ഒരു മാസത്തേക്കുള്ള ഭക്ഷണസാധനങ്ങളടക്കം ഇവർ ശേഖരിച്ചിട്ടുണ്ട്. പൊലീസ് നടപടികൾക്കിടെ വാഹനങ്ങളിൽ ഇവർക്ക് ദില്ലിയിലേക്ക് കടക്കാൻ കഴിയില്ലെന്ന് വ്യക്തമാണ്. പിരിഞ്ഞ് ചെറിയ കൂട്ടങ്ങളായി ദില്ലിയിലേക്ക് കടക്കാനാകും ഇവർ ഇനി ശ്രമിക്കുക. ഇവരെ തടയുകയെന്നത് പൊലീസിന് ശ്രമകരമാണ്. 

ബാരിക്കേഡുകൾ പിന്നിട്ട് കര്‍ഷകർ ദില്ലിയിലേക്ക്; നേരിടാന്‍ കേന്ദ്രം

അതിനിടെ ജന്ധർമന്തറിൽ പൊലീസ് പരിശോധന കർശനമാക്കി. റോഡിൽ നാല് ഇടത്ത് പരിശോധന നടക്കുന്നുണ്ട്. കൂട്ടം തിരിഞ്ഞ് സമരക്കാർ ജന്തർമന്തറിൽ എത്തുമെന്ന് പൊലീസ് റിപോർട്ടിനെ തുടർന്നാണ് കർശന പരിശോധന. ദില്ലിയിൽ ഒമ്പത് സ്റ്റേഡിയങ്ങൾ താൽകാലിക ജയിലുകളാക്കാൻ ദില്ലി പൊലീസ് ദില്ലി സർക്കാരിനോട് അനുമതി തേടിയിട്ടുണ്ട്. എന്നാൽ പൊലീസിന് ദില്ലി സർക്കാർ സ്റ്റേഡിയങ്ങൾ വിട്ടുനൽകില്ലെന്നാണ് ദില്ലി സർക്കാരിന്റെ നിലപാട്. കർഷകരെ ദ്രോഹിക്കുന്ന കേന്ദ്ര സർക്കാർ നടപടിക്കൊപ്പം നിൽക്കരുത്. കർഷകർ തീവ്രവാദികൾ അല്ലെന്നുമാണ് രാഘവ് ഛന്ദ എംഎൽഎ ഇക്കാര്യത്തിൽ പ്രതികരിച്ചത്. 

click me!