
ദില്ലി: ആര്യന്‍ ഖാനെ മനപ്പൂർവം കുടുക്കുകയെന്ന ഉദ്ദേശത്തോടെ സമീർ വാങ്കടെ പ്രവർത്തിച്ചെന്ന് നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോയുടെ ആഭ്യന്തര അന്വേഷണ റിപ്പോർട്ട്. ചട്ടങ്ങൾ പാലിക്കാതെ നടത്തിയ കേസന്വേഷണത്തില്‍ ഗുരുതര വീഴ്ചകളുണ്ടായെന്നും എന്‍സിബി ഉന്നത ഉദ്യോഗസ്ഥർ തന്നെ സമ്മതിച്ചു. അന്വേഷണ ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടിക്ക് കേന്ദ്രം നിർദേശം നല്‍കി. അതേസമയം വിഷയം ബിജെപിക്കെതിരെ ആയുധമാക്കുകയാണ് പ്രതിപക്ഷം.
അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയയുമായി ബന്ധമുള്ള ലഹരിപാർട്ടി സംഘത്തെ പിടികൂടിയെന്ന് എന്‍സിബി വീമ്പിളക്കിയ കേസന്വേഷണം തുടക്കം മുതൽ പിഴച്ചെന്ന് കുറ്റസമ്മതം നടത്തുകയാണ് നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ. മയക്കുമരുന്നുപോലുള്ള സാധനങ്ങൾ കൊണ്ടുവരരുതെന്ന് ആര്യന്‍ ഖാന്‍ പറഞ്ഞതായി മൊഴിയുണ്ട്. മാത്രമല്ല സുഹൃത്ത് അർബാസില്‍നിന്നും പിടികൂടിയ ആറ് ഗ്രാം ചരസ് ആര്യന്‍ ഖാന് വേണ്ടി കൊണ്ടുവന്നതാണെന്ന് തെളിവും ലഭിച്ചില്ല. എന്നിട്ടും അന്വേഷണ ഉദ്യോഗസ്ഥനായ സമീർ വാങ്കടേ കേസില്‍ ആര്യന്‍ ഖാനെ എങ്ങനെയെങ്കിലും കുടുക്കുകയെന്ന ഉദ്ദേശത്തോടെയാണ് പ്രവർത്തിച്ചതെന്ന് ആഭ്യന്തര റിപ്പോർട്ടില്‍ പറയുന്നു.
മുന്‍വിധികളോടെയും വാട്സ് ആപ്പ് ചാറ്റുകൾ മാത്രം അടിസ്ഥാനമാക്കിയുമുള്ള കേസന്വേഷണത്തില്‍ പിഴവുകളുണ്ടായെന്ന് എന്‍സിബി ഡയറക്ടർ ജനറല്‍ എസ് എന്‍ പ്രധാന്‍ പറഞ്ഞു. എന്‍ഡിപിഎസ് കേസുകളില്‍ തെളിവുകളാണ് മുഖ്യം. വാട്സാപ്പില്‍ എന്തിനെകുറിച്ചും ആളുകൾക്ക് സംസാരിക്കാം. എന്നാല്‍ ഇതിനെ സാധൂകരിക്കുന്ന തെളിവുകൾ കണ്ടെത്തിയില്ലെങ്കില്‍ കേസിന് നിലനില്‍പ്പില്ല. എന്‍ഡിപിഎസ് കേസുകളില്‍ മുന്‍വിധികൾക്കും സാധ്യതകൾക്കും സ്ഥാനമില്ലെന്നും എന്‍സിബി തലവന്‍ വ്യക്തമാക്കി ദില്ലിയിലെ എൻസിപി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സഞ്ജയ് സിംഗാണ് ആഭ്യന്തര അന്വേഷണം നടത്തിയത്.
അതേസമയം എന്‍സിബിയുടെ കുറ്റസമ്മതം ബിജെപിക്കെതിരെ ആയുധമാക്കുകയാണ് പ്രതിപക്ഷം. കേന്ദ്ര ഏജന്‍സികൾ ബിജെപിയുടെ കളിപ്പാവകളാണെന്ന് തെളിഞ്ഞെന്ന് ശിവസേന കുറ്റപ്പെടുത്തി. ആര്യന്‍ ഖാന്‍ സഹിച്ച ദുരിതത്തിന് ആരാണ് ഉത്തരവാദിയെന്ന് എന്‍സിപി ചോദിച്ചു. പ്രമുഖ സിനിമാ താരങ്ങളും എന്‍സിബി നടപടിയെ സമൂഹമാധ്യമങ്ങളിലൂടെ വിമർശിച്ചു. 2021 ഒക്ടോബറിലാണ് മുംബൈയിലെ ആഡംബര കപ്പലിലെ ലഹരിപാർട്ടിക്കിടെ ആര്യന്‍ ഖാനും സുഹൃത്തുക്കളെയും പിടികൂടിയെന്ന് എന്‍സിബി അറിയിച്ചത്. ഇതില്‍ ആര്യന്‍ഖാനടക്കം ആറ് പേരെ തെളിവുകളുടെ അഭാവത്തില്‍ കേസില്‍നിന്നും ഒഴിവാക്കിയാണ് കഴിഞ്ഞ ദിവസം കുറ്റപത്രം സമർപ്പിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam