അസം - മിസോറം അതിർത്തി സംഘർഷം : കോൺഗ്രസ് ഇടപെടലിനെതിരെ മോദിക്ക് മെമ്മോറാണ്ടം നൽകി നോർത്ത് ഈസ്റ്റ് എംപിമാർ

Published : Aug 02, 2021, 02:51 PM ISTUpdated : Aug 02, 2021, 03:06 PM IST
അസം - മിസോറം അതിർത്തി സംഘർഷം : കോൺഗ്രസ് ഇടപെടലിനെതിരെ മോദിക്ക് മെമ്മോറാണ്ടം നൽകി നോർത്ത് ഈസ്റ്റ് എംപിമാർ

Synopsis

നോർത്ത് ഈസ്റ്റിൽ അശാന്തി പടർത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് മെമ്മോറാണ്ടം ആക്ഷേപിച്ചു 

അസം - മിസോറം അതിർത്തി ഇന്ന് ഇരു സംസ്ഥാനങ്ങളുടെയും പൊലീസ് സേനയിലെ ഭടന്മാർക്കിടയിൽ നടന്ന സായുധ സംഘർഷങ്ങൾ ചിന്തിയ ചോരയാൽ കലുഷിതമാണ്. അസം പൊലീസ് സേനയിലെ ആറു ഭടന്മാരാണ് മിസോറം പൊലീസിലെ കമാണ്ടോകളുമായി നടന്ന വെടിവെപ്പിൽ കൊല്ലപ്പെട്ടത്. പരസ്പരം പോർവിളികൾ നടത്തിയ ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ ഇതിനോടകം തന്നെ കേന്ദ്ര ഇടപെടൽ വേണമെന്നുള്ള ആവശ്യവും ഉന്നയിക്കുകയുണ്ടായി. അതിനിടെയാണ് നോർത്ത് ഈസ്റ്റിൽ നിന്നുള്ള ബിജെപിയുടെ പാർലമെന്റംഗങ്ങൾ സംയുക്തമായി ഒരു മെമ്മോറാണ്ടം തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരിൽ സമർപ്പിച്ചിരിക്കുന്നത്. 

 

 

ഈ വിഷയത്തിൽ കോൺഗ്രസ് പാർട്ടി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നുണ്ട് എന്നും, അത്തരമൊരു സാഹചര്യം ഒഴിവാക്കാൻ വേണ്ടത് ചെയ്യണമെന്നുമാണ് ഈ സംയുക്ത പ്രസ്താവന ആവശ്യപ്പെടുന്നത്. ഇരു സംസ്ഥാനങ്ങളുടെയും മുഖ്യമന്ത്രിമാർ സമാധാനത്തിന്റെ പാതയിൽ ചർച്ചകൾക്കും സംഘർഷത്തിൽ അയവു വരുത്താൻ വേണ്ട നടപടികളിലേക്കും കടക്കുന്ന സാഹചര്യസാഹചര്യം നിലനിൽക്കുമ്പോഴും എരിതീയിൽ എണ്ണ പകരാൻ വേണ്ടി  കോൺഗ്രസ് പാർട്ടിയുടെ ഭാഗത്തുനിന്നുണ്ടായിക്കൊണ്ടിരിക്കുന്ന നടപടികൾ അപലപനീയമാണ് എന്നും ഈ മെമ്മോറാണ്ടം ബോധിപ്പിക്കുന്നു. 

അസം-മിസോറം വിഷയം ഉയർത്തിക്കൊണ്ടുവന്ന് ഇന്ത്യൻ മണ്ണിൽ അശാന്തി പടർത്താനുള്ള ചില തത്പര കക്ഷികളുടെ കുത്സിതബുദ്ധി വിജയിക്കില്ല എന്നും എംപിമാർ പറയുന്നു. ഉത്തര പൂർവ ഇന്ത്യയിൽ കഴിഞ്ഞ കുറെ വർഷങ്ങളായി നരേന്ദ്ര മോദി സർക്കാർ നടത്തുന്ന വികസന പ്രവർത്തനങ്ങളെയും ഈ കത്ത് ശ്ലാഘിക്കുന്നു. നോർത്ത് ഈസ്റ്റിലെ എട്ടു സംസ്ഥാനങ്ങളെ 'അഷ്ടലക്ഷ്മി' എന്ന് വിളിച്ച മോദിയുടെ സൗഹൃദപരമായ സമീപനത്തെയും മെമ്മോറാണ്ടം ശ്‌ളാഘിച്ചു. 

 

 

അതേസമയം, നോർത്ത് ഈസ്റ്റിന്റെ കാര്യത്തിൽ കോൺഗ്രസ് പാർട്ടി വെച്ചുപുലർത്തുന്നത് തികച്ചും പിന്തിരിപ്പൻ മനോഭാവമാണ് എന്നും, ഇന്ദിര ഗാന്ധിയുടെയും നെഹ്‌റുവിന്റെയും കാലം തൊട്ടു തന്നെ കോൺഗ്രസ്, നാഗാ മിസോ സമൂഹങ്ങളുടെ താത്പര്യങ്ങളോട് മുഖം തിരിച്ചു നിൽക്കുക മാത്രമാണ് ചെയ്തിട്ടുള്ളത് എന്നും ഈ പാർലമെന്റംഗങ്ങൾ ആക്ഷേപിക്കുന്നു. കൊട്ടിഘോഷിച്ച മിസോ അക്കോർഡിനു മുൻകൈ എടുത്ത കോൺഗ്രസ് പാർട്ടി, ആ ധാരണയ്ക്ക് രണ്ടു വർഷം തികയും മുമ്പാണ് മുൻ മിസോറം മുഖ്യമന്ത്രി ലാൽഡെങ്കയെ പുറത്താക്കുന്നത്. സംസ്ഥാനത്ത് കോൺഗ്രസ്  ഭരണം വരാൻ വേണ്ടി മാത്രമായിരുന്നു ആ നടപടിയെന്നാണ് കത്ത് ആരോപിക്കുന്നത്. ചൈനയുടെ കാര്യത്തിൽ കേന്ദ്രം കോൺഗ്രസ് ഭരണകാലത്ത് സ്വീകരിച്ച മൃദു സമീപനമാണ് പ്രദേശത്ത് സമാധാനം ഇല്ലാതാക്കിയത് എന്നും പ്രവിശ്യയിൽ സമാധാനം ഉണ്ടായിക്കാണാൻ കോൺഗ്രസിന് താത്പര്യമില്ല എന്നും ഈ കത്തിൽ എംപിമാർ പറയുന്നു. 

കോൺഗ്രസ് ഭരണകാലത്ത് നോർത്ത് ഈസ്റ്റിൽ ഒരു മുന്നേറ്റവും ഉണ്ടായിരുന്നില്ല എന്നും, 2014 -ൽ നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്ന ശേഷം മാത്രമാണ് വികസനം ലക്‌ഷ്യം വെച്ചുള്ള പ്രവർത്തനങ്ങൾ ഉണ്ടായിട്ടുള്ളത് എന്നുമാണ് ഈ മെമ്മോറാണ്ടം പറഞ്ഞുവെക്കുന്നത്. ഇക്കാലത്ത് നോർത്ത് ഈസ്റ്റേൺ സംസ്ഥാനങ്ങളുടെ വികസനത്തിനുള്ള ബജറ്റിൽ 65 ശതമാനം വളർച്ചയുണ്ടായി എന്നും ഇതിൽ പറയുന്നു. 

 

 

കഴിഞ്ഞ ഏഴുവർഷത്തിനിടെ രണ്ടു ലക്ഷം കോടിയുടെ നിക്ഷേപങ്ങളാണ്അടിസ്ഥാന സൗകര്യ വികസന രംഗത്തുതന്നെ ഉണ്ടായിട്ടുള്ളത്, ഇക്കാലത്ത് തന്നെയാണ് ഇങ്ങോട്ടുള്ള റെയിൽ, വിമാന യാത്രാ ബന്ധങ്ങളും മെച്ചപ്പെടുന്നത്, നോർത്ത് ഈസ്റ്റിലെ ജനങ്ങളുടെ ക്ഷേമം ലക്ഷ്യമിട്ടുകൊണ്ട് നരേന്ദ്ര മോദി സർക്കാർ സ്ഥാപിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളും, ആശുപത്രികളും ഒക്കെയാണ് പ്രദേശത്തെ അഭിവൃദ്ധിയിലേക്ക് നയിച്ചത് എന്നുമൊക്കെ മെമ്മോറാണ്ടം പറയുന്നു. 

ഇതോടൊപ്പം അതിർത്തി രാജ്യങ്ങളുമായുള്ള സമാധാനത്തിലും മോദി സർക്കാർ അധികാരത്തിൽ വന്ന ശേഷമാണ് പുരോഗതി ഉണ്ടായത് എന്നും ഈ കത്തിൽ പറയുന്നുണ്ട്. തുടർന്നങ്ങോട്ടുള്ള വികസന പ്രവർത്തനങ്ങളിലും, സമാധാന ശ്രമങ്ങളിലും പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് തങ്ങളുടെ ഭാഗത്തുനിന്നുള്ള സമ്പൂർണ പിന്തുണ ഉണ്ടായിരിക്കും എന്ന് ഉറപ്പുനൽകുന്ന ഈ മെമ്മോറാണ്ടത്തിൽ നോർത്ത് ഈസ്റ്റിൽ നിന്നുള്ള ബിജെപി എംപിമാരായ സർബാനന്ദ സോനോവാൾ, ദിലീപ് സൈകിയ, കിരൺ റിജിജു, കാമാഖ്യ പ്രസാദ് ടാസ, പ്രൊതിമ ഭൗമിക്, തപൻ കുമാർ ഗോഗോയ്, പല്ലഭ് ലോചൻ ദാസ്‌, തപീർ ഗാവോ, പ്രധാൻ ബറുവ, ദോ. രാജ്ദീപ് രാജ്, ഡോ. രാജ് കുമാർ രഞ്ജൻ എന്നീ എംപിമാരാണ് ഒപ്പിട്ടിട്ടുള്ളത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ജർമ്മൻ ദമ്പതികളടക്കം ക്രിസ്ത്യൻ പ്രാർത്ഥനാസംഘം കസ്റ്റഡിയിൽ; നിർബന്ധിത മതപരിവർത്തന പ്രവർത്തനം നടത്തിയെന്ന് രാജസ്ഥാൻ പൊലീസ്
ട്രെയിൻ യാത്ര ദുരന്തമായി; നവദമ്പതികൾക്ക് ദാരുണാന്ത്യം; ബന്ധുവീട്ടിലേക്ക് പോകുംവഴി ആന്ധ്രപ്രദേശിൽ വച്ച് അപകടം