
ഹൈദരാബാദ്: ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ കോൺഗ്രസ് ദേശീയ അദ്ധ്യക്ഷ സ്ഥാനം രാജിവയ്ക്കാനുള്ള രാഹുൽ ഗാന്ധിയുടെ തീരുമാനത്തെ കുറിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് എം വീരപ്പ മൊയ്‌ലിയുടെ പ്രതികരണം. തന്റെ തീരുമാനത്തിൽ നിന്ന് രാഹുൽ ഗാന്ധി പിന്നോട്ട് പോകാൻ ഒരു ശതമാനം പോലും സാധ്യതയില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.
രാഹുൽ ഗാന്ധിയുടെ രാജി തീരുമാനം കടുത്തതായതിനാൽ അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റിയുടെ പ്രവർത്തക സമിതി യോഗം ഉടൻ ചേരുമെന്നും അദ്ദേഹം പറഞ്ഞു. എന്താണ് സംഭവിക്കുകയെന്ന് പറയാൻ കഴിയില്ലെന്നും എന്നാൽ രാഹുൽ ഗാന്ധി തന്റെ തീരുമാനം മാറ്റുമെന്ന് ഒരു ശതമാനം പോലും താൻ കരുതുന്നില്ലെന്നും വീരപ്പ മൊയ്‌ലി പിടിഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
"മറ്റൊരു പേര് ആലോചിക്കുന്നതിന് മുൻപ് പ്രവർത്തക സമിതി വീണ്ടും ഒരു യോഗം ചേരും. "അദ്ദേഹത്തിന്റെ രാജി പ്രവർത്തക സമിതി അംഗീകരിച്ചില്ലെങ്കിൽ, ഊഹാപോഹങ്ങൾ ഉണ്ടാവും, അദ്ദേഹം തന്റെ വാദങ്ങളിൽ ഉറച്ചുനിൽക്കും," വീരപ്പമൊയ്‌ലി പറഞ്ഞു.
രാഹുൽ ഗാന്ധി ദേശീയ അദ്ധ്യക്ഷ സ്ഥാനത്ത് തുടരുമോ ഇല്ലേയെന്നുള്ള ചോദ്യം നാളുകളായി ദേശീയ രാഷ്ട്രീയത്തിൽ ഉയർന്നു നിൽക്കുന്നുണ്ട്. എന്നാൽ രാജ്യമൊട്ടാകെയുള്ള വിവിധ രാഷ്ട്രീയ നേതാക്കളെ അദ്ദേഹം ഇപ്പോഴും കാണുന്നും ചർച്ച ചെയ്യുന്നുമുണ്ട്. ഹരിയാനയിലെ കോൺഗ്രസിന്റെ ശക്തിപ്പെടുത്താനും വിവിധ സംസ്ഥാനങ്ങളിലെ കോൺഗ്രസിനെ പുനസംഘടിപ്പിക്കാനും സജീവമായി തന്നെ അദ്ദേഹം രംഗത്തുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam