അയോധ്യ വിധിയില്‍ തൃപ്തനല്ല, വസ്തുതകള്‍ക്ക് മുകളില്‍ വിധിയുടെ വിജയം; അസദുദ്ദീന്‍ ഒവൈസി

By Web TeamFirst Published Nov 9, 2019, 3:33 PM IST
Highlights

ഉത്തര്‍ പ്രദേശില്‍ എവിടെ വേണമെങ്കിലും അഞ്ച് ഏക്കര്‍ ഭൂമി വാങ്ങാന്‍ മുസ്ലിംകള്‍ക്ക് സാധിക്കും. പക്ഷേ, മുസ്ലിംകള്‍ അഞ്ചേക്കര്‍ ഭൂമിക്ക് വേണ്ടിയല്ല, അവരുടെ നിയമപരമായ അവകാശങ്ങള്‍ക്ക് വേണ്ടിയാണ് പോരാടിയത്.

ഹൈദരാബാദ്: അയോധ്യകേസിലെ നിര്‍ണായകമായ സുപ്രീംകോടതി വിധിയില്‍ തൃപ്തനല്ലെന്ന് ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലീമീന്‍ നേതാവും എംപിയുമായ അസദുദ്ദീന്‍ ഒവൈസി. കോടതി വിധിയില്‍ തങ്ങള്‍ ഒരു തരത്തിലും സംതൃപ്തരല്ല. ഇത് വസ്തുതകള്‍ക്ക് മുകളില്‍ വിധിയുടെ വിജയമാണ്. സുപ്രീംകോടതിയുടെ വിധിയും വാക്കും പരമോന്നതമാണ്.എന്നാല്‍ അത് ചോദ്യം ചെയ്യപ്പെടാന്‍ കഴിയാത്തതല്ലെന്നും ഒവൈസി ഹൈദരാബാദില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

അയോധ്യ കേസ് ഒരു ചെറിയ ഭൂമിയുടെ മുകലില്‍ ഉള്ള തര്‍ക്കം മാത്രമായിരുന്നില്ല. ഉത്തര്‍ പ്രദേശില്‍ എവിടെ വേണമെങ്കിലും ഒരു അഞ്ച് ഏക്കര്‍ ഭൂമി വാങ്ങാന്‍ മുസ്ലിംകള്‍ക്ക് സാധിക്കും. പക്ഷേ, മുസ്ലിംകള്‍ അഞ്ചേക്കര്‍ ഭൂമിക്ക് വേണ്ടിയല്ല, അവരുടെ നിയമപരമായ അവകാശങ്ങള്‍ക്ക് വേണ്ടിയാണ് പോരാടിയത്. ഞങ്ങള്‍ക്ക് ദാനമായി അഞ്ച് ഏക്കര്‍ ഭൂമി വേണ്ട. ഇന്ത്യന്‍ ഭരണഘടനയില്‍ ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്, എന്നാല്‍ വിധിയില്‍ ഒട്ടും തൃപ്തരല്ലെന്നും ഒവൈസി ആവര്‍ത്തിച്ച് വ്യക്തനാക്കി.

തര്‍ക്ക സ്ഥലത്ത് ഒരു ക്ഷേത്രം ഉണ്ടായിരുന്നെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് വിധി വായിക്കുന്നതിനിടെ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. പിന്നെ ഇങ്ങനെയൊരു വിധിന്യായത്തില്‍ കോടതി എങ്ങനെ എത്തിയതെന്ന് മനസ്സിലാകുന്നില്ല. കോടതി കബളിപ്പിക്കപ്പെട്ടിരിക്കുകയാണ്. അഖിലേന്ത്യാ മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡില്‍ എനിക്ക് വിശ്വാസമുണ്ട്. അവരെ പിന്തുണയ്ക്കുമെന്നും ഒവൈസി വ്യക്തമാക്കി.

click me!