'സവര്‍ക്കര്‍ക്ക് അല്ല, ഭാരത രത്ന നല്‍കേണ്ടത് ഗോഡ്സെക്ക്'; ബിജെപിക്കെതിരെ കോണ്‍ഗ്രസ് നേതാവ്

By Web TeamFirst Published Oct 17, 2019, 9:32 AM IST
Highlights

'മഹാത്മാഗാന്ധിയെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയെന്നതില്‍ പ്രതിമാത്രമാണ് സവര്‍ക്കര്‍. നാഥൂറാം ഗോഡ്സെയാണ് ഗാന്ധിയുടെ ഘാതകന്‍...''

മുംബൈ: മഹരാഷ്ട്രയിലെ ബിജെപി തെരഞ്ഞെടുപ്പ് പത്രികയില്‍ സവര്‍ക്കര്‍ക്ക് ഭാരത രത്ന നല്‍കുമെന്ന് വാഗ്ദാനം നല്‍കിയതിനെതിരെ കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി.  നാഥൂറാം ഗോഡ്സെക്കാണ് രാജ്യത്തിന്‍റെ പരമോന്നത ബഹുമതി നല്‍കി പാര്‍ട്ടി ആദരിക്കേണ്ടതെന്ന് തിവാരി പരിഹസിച്ചു. 

''മഹാത്മാഗാന്ധിയെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയെന്നതില്‍ പ്രതിമാത്രമാണ് സവര്‍ക്കര്‍. നാഥൂറാം ഗോഡ്സെയാണ് ഗാന്ധിയുടെ ഘാതകന്‍. ഈ വര്‍ഷം നമ്മള്‍ ഗാന്ധിജിയുടെ 150ാം ജന്മദിനം ആഘോഷിക്കുകയാണ്. ഈ അവസരത്തില്‍ സവര്‍ക്കറിനുപകരം എന്‍ഡിഎ സര്‍ക്കാര്‍ നിര്‍ബന്ധമായും ഭാരത് രത്ന ഗോഡ്സെക്ക് നല്‍കണം'' - മനിഷ് തിവാരി പറഞ്ഞു. 

നഗ്പൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബുധനാഴ്ച കോണ്‍ഗ്രസ് നേതാവ് റാഷിദ് അല്‍വിയും ബിജെപിയുടെ തെരഞ്ഞെടുപ്പ് പത്രികയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. 

''എല്ലാവര്‍ക്കും സവര്‍ക്കറുടെ ചരിത്രമറിയാം. അയാള്‍ ഗാന്ധിയെ കൊന്ന കേസില്‍ പ്രതിയാണ്. തെളിവുകളുടെ അഭാവത്തില്‍ മാത്രമാണ് അയാളെ  വെറുതെ വിട്ടത്. ഇന്ന് സര്‍ക്കാര്‍ പറയുന്നു സവര്‍ക്കര്‍ക്ക് ഭാരത രത്ന നല്‍കുമെന്ന്.അടുത്തത് ഗോഡ്സെക്ക് ആയിരിക്കുമോ എന്ന്  എനിക്ക് ഭയമുണ്ട്. '' - റാഷിദ് അല്‍വി പറഞ്ഞു. 

സാമൂഹ്യപരിഷ്കര്‍ത്താക്കളായ ജ്യോതിറാവു ഫൂലെ, സാവിത്രി ഫൂലെ എന്നിവര്‍കര്‍ക്കൊപ്പാണ് സവര്‍ക്കറെയും ഉള്‍പ്പെടുത്തുമെന്ന് പത്രികയില്‍ വ്യക്തമാക്കുന്നത്. സവര്‍ക്കറായിരുന്നു അന്ന് ഇന്ത്യയുടെ പ്രധാനമന്ത്രിയെങ്കില്‍ പാക്കിസ്ഥാന്‍ ഉണ്ടാകുമായിരുന്നില്ലെന്ന് നേരത്തേ ശിവസേന തലവന്‍ ഉദ്ദവ് താക്കറെ പറഞ്ഞിരുന്നു. ഒപ്പം സവര്‍ക്കര്‍ക്ക് ഭാരത രത്ന നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. 
 

click me!