മസ്കിനോടോ ആൾട്ട്മാനോടോ മത്സരിക്കാനല്ല, എഐയെ ജനക്ഷേമത്തിനുപയോഗിക്കുകയാണ് ലക്ഷ്യം: രാജീവ് ചന്ദ്രശേഖർ

Published : Dec 06, 2023, 04:03 PM ISTUpdated : Dec 06, 2023, 04:06 PM IST
മസ്കിനോടോ ആൾട്ട്മാനോടോ മത്സരിക്കാനല്ല, എഐയെ ജനക്ഷേമത്തിനുപയോഗിക്കുകയാണ് ലക്ഷ്യം: രാജീവ് ചന്ദ്രശേഖർ

Synopsis

എഐയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുക, അതേസമയം സുരക്ഷിതത്വവും ഉത്തരവാദിത്വവും ഉറപ്പാക്കുക എന്നതാണ് ചെയ്യേണ്ടതെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍

ദില്ലി: ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ നല്ല വശങ്ങളെ പ്രയോജനപ്പെടുത്തുക എന്നതാണ് രാജ്യത്തിന്‍റെ നിലപാടെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. വരാനിരിക്കുന്ന വര്‍ഷങ്ങളില്‍ ഇന്ത്യയുടെ ആരോഗ്യ സംരക്ഷണ രംഗത്തും വിദ്യാഭ്യാസ മേഖലയിലുമെല്ലാം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വലിയ പങ്ക് വഹിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഗ്ലോബൽ ടെക്‌നോളജി ഉച്ചകോടിയില്‍ സംസാരിക്കവേയാണ് മന്ത്രി എഐ സംബന്ധിച്ച  ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്.

ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിനെ അമിതമായി വെറുക്കരുതെന്നാണ് രാജ്യത്തിന്‍റെ നിലപാടെന്ന് മന്ത്രി രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി. സര്‍ക്കാരുകള്‍ക്ക് പ്രതികരിക്കേണ്ടി വരുന്നുണ്ട്. പക്ഷേ സ്വകാര്യതയുടെയും വിശ്വാസത്തിന്റെയും മാത്രം തലത്തില്‍ നിന്ന് ഇത് നോക്കിക്കാണരുത്. എഐ നമ്മുടെ കാലത്തെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ കണ്ടുപിടിത്തമാണ്. ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിനെയും സമ്പദ്‌വ്യവസ്ഥയെയും ചലനാത്മകമാക്കുന്ന കണ്ടുപിടിത്തമാണിത്. എഐയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുക, അതേസമയം സുരക്ഷിതത്വവും ഉത്തരവാദിത്വവും ഉറപ്പാക്കുക എന്നതാണ് ചെയ്യേണ്ടതെന്നും രാജീവ് ചന്ദ്രശേഖര്‍ വിശദമാക്കി. 

ദൈനംദിന ജീവിതത്തില്‍ എഐയെ ഉപയോഗപ്പെടുത്തുന്നതിലാണ് രാജ്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വാര്‍ത്തകളില്‍ ഇടം പിടിക്കാനോ സാം ആൾട്ട്മാനുമായോ ഇലോണ്‍ മസ്കുമായോ മത്സരിക്കാനോ അടുത്ത നൊബേൽ സമ്മാനം നേടാനോ അല്ല. സാങ്കേതികവിദ്യയ്ക്ക് ജീവിതത്തെ മാറ്റിമറിക്കാൻ കഴിയുമെന്ന് നമ്മുടെ പ്രധാനമന്ത്രി ഉറച്ച് വിശ്വസിക്കുന്നു. ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുക, സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുക തുടങ്ങിയ കാര്യങ്ങള്‍ക്കായി എഐ ഉപയോഗപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ഡീപ്പ് ഫേക്ക്, തെറ്റായ വിവരങ്ങള്‍ തുടങ്ങിയവയെയാണ് ഇന്ന് നേരിടുന്നത്. നിയമങ്ങൾ കടന്നുചെല്ലാത്തതും ഉത്തരവാദിത്തം നിലനിൽക്കാത്തതുമായ സ്ഥലമാണ് സൈബറിടം. സൈബറിടത്തില്‍ എഐ അല്ലെങ്കിൽ മറ്റേതെങ്കിലും പ്ലാറ്റ്ഫോമുകൾ വഴിയുള്ള അപകടങ്ങളെ നിയമത്തിലൂടെ നേരിടണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

രാജ്യത്തെ സാങ്കേതികവിദ്യയിൽ അധിഷ്‌ഠിതമായ വിജ്ഞാന സമ്പദ്‌വ്യവസ്ഥയാക്കി മാറ്റുകയാണ് ലക്ഷ്യം: രാജ്നാഥ് സിങ്

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ സാങ്കേതികവിദ്യയിൽ അധിഷ്‌ഠിതമായ വിജ്ഞാന സമ്പദ്‌വ്യവസ്ഥയാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് നേരത്തെ കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പറയുകയുണ്ടായി. ‌പൊതുമേഖലയും സ്വകാര്യ മേഖലയും ചേർന്ന്  ഗവേഷണത്തിനും വികസനത്തിനുമുള്ള നിക്ഷേപങ്ങൾ നടത്തിയാൽ അത് വൻ മുന്നേറ്റത്തിന് കാരണമാകും. സിവിലിയൻ സാങ്കേതികവിദ്യയ്ക്കായാലും പ്രതിരോധ സാങ്കേതികവിദ്യയ്ക്കായാലും അത് ഗുണം ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഗ്ലോബൽ ടെക്നോളജി സമ്മിറ്റിൽ ഓൺലൈനായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരുമിച്ച് മുന്നോട്ട് പോയാൽ ഒരുപാട് കാലം മുന്നോട്ട് പോകാനാകും. ഒന്നിച്ചുപോകാൻ സഹകരണം ആവശ്യമാണ്.  ശാസ്ത്രജ്ഞർ, അക്കാദമിക്, കോർപ്പറേറ്റ് മേഖല, ഗവൺമെന്റിന്റെ ഇൻ-ഹൗസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ലാബുകൾ എന്നിവയ്‌ക്കിടയിൽ സഹകരണം നടപ്പാക്കണം. കൂടാതെ ഗവേഷണത്തിനും വികസനത്തിനും ഒപ്പം അറിവ് പങ്കിടൽ, ബൗദ്ധിക സ്വത്തവകാശ സംരക്ഷണം എന്നിവയിലേക്കും നമ്മള്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്ന് പ്രതിരോധ മന്ത്രി പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രാഷ്ട്രപതിയുടെ സൈനിക മെഡലുകൾ പ്രഖ്യാപിച്ചു; ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ലയ്ക്ക് അശോക ചക്ര; പ്രശാന്ത് നായർക്ക് കീർത്തി ചക്ര
മുൻ കാമുകന്റെ ഭാര്യയെ റോഡ് അപകടത്തിൽപ്പെടുത്തി സഹായിക്കാനെത്തി കുത്തിവച്ചത് എച്ച്ഐവി, യുവതി അടക്കം 4 പേർ പിടിയിൽ