Asianet News MalayalamAsianet News Malayalam

രാജ്യത്തെ സാങ്കേതികവിദ്യയിൽ അധിഷ്‌ഠിതമായ വിജ്ഞാന സമ്പദ്‌വ്യവസ്ഥയാക്കി മാറ്റുകയാണ് ലക്ഷ്യം: രാജ്നാഥ് സിങ്

പൊതുമേഖലയും സ്വകാര്യ മേഖലയും ചേർന്ന്  ഗവേഷണത്തിനും വികസനത്തിനുമുള്ള നിക്ഷേപങ്ങൾ നടത്തിയാൽ വൻ മുന്നേറ്റത്തിന് കാരണമാകുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ഗ്ലോബൽ ടെക്നോളജി സമ്മിറ്റിൽ ഓൺലൈനായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

global technology summit 2023 defence minister rajnath singh speech SSM
Author
First Published Dec 6, 2023, 8:54 AM IST

ദില്ലി: ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ സാങ്കേതികവിദ്യയിൽ അധിഷ്‌ഠിതമായ വിജ്ഞാന സമ്പദ്‌വ്യവസ്ഥയാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ‌പൊതുമേഖലയും സ്വകാര്യ മേഖലയും ചേർന്ന്  ഗവേഷണത്തിനും വികസനത്തിനുമുള്ള നിക്ഷേപങ്ങൾ നടത്തിയാൽ അത് വൻ മുന്നേറ്റത്തിന് കാരണമാകും. സിവിലിയൻ സാങ്കേതികവിദ്യയ്ക്കായാലും പ്രതിരോധ സാങ്കേതികവിദ്യയ്ക്കായാലും അത് ഗുണം ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഗ്ലോബൽ ടെക്നോളജി സമ്മിറ്റിൽ ഓൺലൈനായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഒരുമിച്ച് മുന്നോട്ട് പോയാൽ ഒരുപാട് കാലം മുന്നോട്ട് പോകാനാകും. ഒന്നിച്ചുപോകാൻ സഹകരണം ആവശ്യമാണ്.  ശാസ്ത്രജ്ഞർ, അക്കാദമിക്, കോർപ്പറേറ്റ് മേഖല, ഗവൺമെന്റിന്റെ ഇൻ-ഹൗസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ലാബുകൾ എന്നിവയ്‌ക്കിടയിൽ സഹകരണം നടപ്പാക്കണം. കൂടാതെ ഗവേഷണത്തിനും വികസനത്തിനും ഒപ്പം അറിവ് പങ്കിടൽ, ബൗദ്ധിക സ്വത്തവകാശ സംരക്ഷണം എന്നിവയിലേക്കും നമ്മള്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്.  വികസിപ്പിക്കുന്ന സാങ്കേതികവിദ്യയെ കുറിച്ചുള്ള വിവരങ്ങൾ എങ്ങനെ പങ്കുവെയ്ക്കാം, അറിവ് പങ്കുവെക്കലും ബൗദ്ധിക സ്വത്തവകാശ സംരക്ഷണവും എങ്ങനെ നടപ്പാക്കണം, വിവരങ്ങൾ എങ്ങനെ കൈമാറും, ജേണലുകൾ പ്രസിദ്ധീകരിക്കുന്നത്, പേറ്റന്റുകൾ ഫയൽ ചെയ്യുന്നത്, പേറ്റന്റുകൾ ലഭിക്കുമ്പോൾ, ആ പേറ്റന്റുകൾ എങ്ങനെ സംരക്ഷിക്കപ്പെടും എന്നിവയെക്കുറിച്ചും അറിയേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ന് സാങ്കേതികവിദ്യ കടന്നുചെന്ന് മനുഷ്യജീവിതം എളുപ്പമാക്കാത്ത മേഖലകൾ കുറവായിരിക്കും. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ പ്രമുഖ മേഖലകൾക്ക് പുറമെ, പൊതുസേവനം, ബാങ്കിംഗ് തുടങ്ങിയ മേഖലകളിലും സാങ്കേതികവിദ്യ തങ്ങളുടെ സേവന മികവ് വർധിപ്പിക്കുകയാണ്. നിലവിലെ ആഗോള സാഹചര്യങ്ങളിൽ, പ്രതിരോധ മേഖലയിലെ സാങ്കേതികവിദ്യയുടെ പങ്ക് വർധിച്ചുവരികയാണ്. അടുത്തിടെയുള്ള സംഭവങ്ങൾ വിശകലനം ചെയ്താൽ സാങ്കേതികവിദ്യയ്ക്ക് എല്ലാത്തിലും പ്രധാന പങ്കുവഹിക്കാനുണ്ടാകും. സാറ്റലൈറ്റ് അധിഷ്ഠിത ട്രാക്കിംഗ് സിസ്റ്റങ്ങൾ, ഡ്രോണുകൾ, ഗൈഡഡ് മിസൈലുകൾ, റഡാർ തുടങ്ങിയ നൂതന സാങ്കേതികവിദ്യകൾ യുദ്ധത്തിന്റെ സാഹചര്യത്തെ തന്നെ മാറ്റിമറിച്ച രീതി നാമെല്ലാവരും കാണുന്നുണ്ട്.  ശത്രുവിന്  ആധിപത്യം സ്ഥാപിക്കാൻ മാത്രമല്ല,  സൈനികരെയും സാധാരണക്കാരെയും സംരക്ഷിക്കാനും സാങ്കേതികവിദ്യ  സഹായിക്കുന്നു. അതിനാൽ, ആഗോള സംഭവങ്ങളിൽ നിന്നും അവയുടെ അനുഭവങ്ങളിൽ നിന്നും നാം പഠിക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രതിരോധ മേഖലയിലെ ഡ്രോണുകൾ, സൈബർ യുദ്ധം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ ആധുനിക സാങ്കേതിക വിദ്യകളുടെ പങ്ക് അംഗീകരിക്കുകയും മെച്ചപ്പെടുത്തുകയും വേണം. ‌പ്രതിരോധ മേഖലയിൽ സാങ്കേതികവിദ്യ പ്രോത്സാഹിപ്പിക്കണമെങ്കിൽ, ഒറ്റപ്പെട്ട രീതിയിൽ പ്രവർത്തിക്കുന്നത് ഒഴിവാക്കേണ്ടിവരുമെന്നും സിവിലിയൻ സാങ്കേതികവിദ്യയിൽ നമ്മൾ ഒരുപോലെ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും പ്രതിരോധമന്ത്രി കൂട്ടിച്ചേർത്തു.

സാങ്കേതികവിദ്യ ഒരു പ്രത്യേക സമൂഹത്തിന്റെയോ രാജ്യത്തിന്റെയോ സ്വത്തായി തുടരുന്നതിനെ പിന്തുണക്കരുതെന്ന് മന്ത്രി ഓർമിപ്പിച്ചു. നമ്മുടെ രാജ്യം എല്ലായ്‌പ്പോഴും എല്ലാവർക്കും സന്തോഷം, ക്ഷേമം എന്ന തത്വശാസ്‌ത്രത്തിൽ അധിഷ്‌ഠിതമായ വിജ്ഞാനമാണ് പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. അതിനാൽ നമ്മൾ പുതിയ സാങ്കേതികവിദ്യ വികസിപ്പിക്കുക മാത്രമല്ല, സാങ്കേതികവിദ്യ എല്ലാവരേയും ഉൾക്കൊള്ളുന്നതും ജനാധിപത്യപരവുമാണെന്ന് ഉറപ്പാക്കാൻ ശ്രമിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios