
റായ്പൂർ: മഹാദേവ് വാതുവെയ്പ് കേസിൽ കുരുക്ക് മുറുക്കാൻ ഇഡി. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിന് ഇഡി നോട്ടീസ് നൽകിയേക്കുമെന്നാണ് സൂചന. ഭൂപേഷ് ബാഗലിനെതിരെയുള്ള ആരോപണങ്ങൾ ഗൗരവമുള്ളതെന്ന് ഇഡി വ്യക്തമാക്കിയിട്ടുണ്ട്.
ഛത്തീസ്ഘട്ട് മുഖ്യമന്ത്രി ഭൂപേഷ് സിംഗ് ബാഗേലിനെതിരെ മഹാദേവ് ആപ്പുമായി ബന്ധപ്പെട്ട് ഇഡി ഉന്നയിച്ച ആരോപണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചിരുന്നു. ബാഗേല്‍ ഇഡിയെ ഭയന്ന് തുടങ്ങിയെന്ന് പരിഹസിച്ച മോദി മുഖ്യമന്ത്രിയുടെ ദുബായ് ബന്ധം വെളിവാക്കണമെന്നും ആവശ്യപ്പെട്ടു. ആരോപണത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെയും കോടതിയേയും സമീപിക്കുമെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മഹാദേവ് ആപ്പിന്‍റെ ഉടമകള്‍ക്കെതിരെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വിവാദത്തിലേക്ക് ഛത്തീസ് ഘട്ട് മുഖ്യമന്ത്രിയേയും ഇഡി എത്തിച്ചത്. 508 കോടി രൂപ ആപ്പ് പ്രമോട്ടര്‍മാര്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന് നല്‍കിയിട്ടുണ്ടെന്നാണ് ഇഡിയുടെ വാദം. കണക്കില്‍ പെടാത്ത അഞ്ചരക്കോടി രൂപയുമായി കഴിഞ്ഞ ദിവസം അറസ്റ്റിലായ അസിംദാസ് എന്നയാള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇഡിയുടെ റഡാറിലേക്ക് ബാഗേലിനെ കൊണ്ടുവന്നത്.
ഇഡിയുടെ വാദം ഏറ്റെടുത്ത ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനി ദുബായ് നിന്ന് മഹാദേവ് ആപ്പിന്‍റെ പ്രമോട്ടറായ ശുഭം സോനെന്നയാള്‍ ബാഗേലിന് അസിംദാസ് മുഖേനെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊടുത്ത് വിട്ട പണമാണ് പിടികൂടിയതെന്ന് രാവിലെ വാര്‍ത്താ സമ്മേളനം വിളിച്ച് ആരോപിച്ചു. പിന്നാലെ ഛത്തീസ് ഘട്ടില്‍ പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി കോണ്‍ഗ്രസിന്‍റെ ദുബായ് ബന്ധം വ്യക്തമാക്കണമെന്നാവശ്യപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam