നിർണായക വിവരങ്ങളുമായി ഇഡി, മുഖ്യമന്ത്രിക്ക് ബെറ്റിംഗ് ആപ്പ് ഉടമകൾ നൽകിയത് 508 കോടി, ഛത്തീസ്ഗഡിൽ വൻ വിവാദം
യുഎഇയിൽ നിന്നുള്ള മഹാദേവ് വാതുവെപ്പ് ആപ്പ് പ്രൊമോട്ടർമാരിൽ നിന്ന് 508 കോടി രൂപ ഛത്തീസ്ഗഡ് മുഖ്യമന്ത്രി കൈപ്പറ്റിയതായാണ് സാമ്പത്തിക അന്വേഷണ ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അവകാശവാദം.

റായ്പുർ: മഹാദേവ ബെറ്റിംഗ് ആപ് കേസില്‍ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന് 508 കോടി രൂപ ആപ് ഉടമസ്ഥർ നൽകിയെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. കേസില്‍ അന്വേഷണം തുടരുകയാണെന്നും ഇഡി വ്യക്തമാക്കി. യുഎഇയിൽ നിന്നുള്ള മഹാദേവ് വാതുവെപ്പ് ആപ്പ് പ്രൊമോട്ടർമാരിൽ നിന്ന് 508 കോടി രൂപ ഛത്തീസ്ഗഡ് മുഖ്യമന്ത്രി കൈപ്പറ്റിയതായാണ് സാമ്പത്തിക അന്വേഷണ ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അവകാശവാദം.
ഈ വിഷയത്തില്‍ അന്വേഷണ ഏജൻസിക്ക് വിശ്വസനീയമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ഛത്തീസ്ഗഡിൽ നടത്തിയ തിരച്ചിലില്‍ 5.39 കോടി രൂപ സംസ്ഥാനത്ത് നിന്ന് കണ്ടെടുക്കുകയും ചെയ്തതായി ഇഡി വൃത്തങ്ങൾ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഏജൻസി ഇതുവരെ നാല് പേരെ അറസ്റ്റ് ചെയ്യുകയും കുറ്റകൃത്യങ്ങളുടെ ഭാഗമായുള്ള 450 കോടിയിലധികം രൂപ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
അഴിമതികേസുകളുമായി ബന്ധപ്പെട്ട് ഇന്ന് രാജസ്ഥാനിലും ഛത്തീസ്ഗഡിലും ഇഡി റെയ്ഡ് നടന്നിരുന്നു. ജൽജീവൻ പദ്ധതി അഴിമതിയുമായി ബന്ധപ്പെട്ടാണ് രാജസ്ഥാനിൽ വിവിധയിടങ്ങളിൽ ഇഡി റെയ്ഡ് നടത്തുന്നത്. ഛത്തീസ്ഗഡിൽ ഓൺലൈൻ വാതുവെയ്പ് കുംഭകോണകേസിലാണ് ഇഡി റെയ്ഡ്. അഴിമതിക്കേസുകളുമായി ബന്ധപ്പെട്ടാണ് രണ്ടിടത്തും റെയ്ഡ് നടക്കുന്നത്.
തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളാണ് രാജസ്ഥാനും ഛത്തീസ്ഗഡും. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി വളരെ വലിയ നീക്കങ്ങളാണ് ഈ രണ്ട് സംസ്ഥാനങ്ങളിൽ ഇഡിയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. കഴിഞ്ഞ ദിവസം രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ടിന്റെ മകനെ ഇഡി ചോദ്യം ചെയ്തിരുന്നു. പല കേസുകൾ ഇഡി അന്വേഷിക്കുന്നുണ്ട്. അതിന്റെ ഭാഗമായിട്ടാണ് സംസ്ഥാനങ്ങളിൽ ഇന്ന് റെയ്ഡ് നടത്തുന്നത്. ഛത്തീസ്ഗഡില്‍ മഹാദേവ് ഓൺലൈൻ ആപ്പ് കേസുമായി ബന്ധപ്പെട്ട് സിനിമാതാരങ്ങളെ ഉൾപ്പെടെ ഇഡി ചോദ്യം ചെയ്തിരുന്നു.