കൊവിഡ് 19: എന്‍പിആര്‍, സെന്‍സസ് നടപടികള്‍ നിര്‍ത്തിവെച്ചു

By Web TeamFirst Published Mar 25, 2020, 8:50 PM IST
Highlights

നരേന്ദ്രമോദി 21 ദിവസത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് എന്‍പിആര്‍, സെന്‍സസ് നടപടികള്‍ നിര്‍ത്തിവെക്കാന്‍ തീരുമാനമായത്. നടപടികള്‍ നിര്‍ത്തിവെക്കാന്‍ പ്രതിപക്ഷവും ശക്തമായി ആവശ്യപ്പെട്ടിരുന്നു.
 

ദില്ലി: കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സെന്‍സസ്, ദേശീയ ജനസംഖ്യ രജിസ്റ്റര്‍ നടപടികള്‍ അനിശ്ചിതമായി നീട്ടിവെച്ചെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദി 21 ദിവസത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് എന്‍പിആര്‍, സെന്‍സസ് നടപടികള്‍ നിര്‍ത്തിവെക്കാന്‍ തീരുമാനമായത്. നടപടികള്‍ നിര്‍ത്തിവെക്കാന്‍ പ്രതിപക്ഷവും ശക്തമായി ആവശ്യപ്പെട്ടിരുന്നു. കൊവിഡ് കാലത്ത് സെന്‍സസിന്റെ മറവില്‍ സിഎഎ, എന്‍ആര്‍സി നടപ്പാക്കാന്‍ കേന്ദ്രം ശ്രമിക്കുമെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു. എന്നാല്‍, പ്രതിപക്ഷത്തിന്റെ ആരോപണം സര്‍ക്കാര്‍ തള്ളി.

സെന്‍സസ്, എന്‍പിആര്‍ നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് വിവിധ സംസ്ഥാന സര്‍ക്കാറുകളും കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഏപ്രില്‍ ഒന്നുമുതല്‍ സെപ്റ്റംബര്‍ 30വരെയാണ് സെന്‍സസ്, എന്‍പിആര്‍ നടപടികള്‍ നടക്കേണ്ടിയിരുന്നത്. എന്‍പിആര്‍ നടപടികളോട് സഹകരിക്കില്ലെന്ന് കേരളം, ബംഗാള്‍, പഞ്ചാബ്, ബിഹാര്‍, ഛത്തീസ്ഗഢ് സര്‍ക്കാറുകള്‍ വ്യക്തമാക്കിയിരുന്നു. അതേസമയം, സെന്‍സസ് നടപടികളുമായി സഹകരിക്കാമെന്നും ഇവര്‍ അറിയിച്ചിരുന്നു. 

അതേസമയം, സംസ്ഥാന സര്‍ക്കാറുകളുടെ എതിര്‍പ്പ് അവഗണിച്ച് എന്‍പിആര്‍ നടപടികളുമായി മുന്നോട്ട് പോകാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. താല്‍പര്യമില്ലാത്ത ഭാഗങ്ങള്‍ പൂരിപ്പിക്കേണ്ടെന്നും ആരെയും നിര്‍ബന്ധിക്കില്ലെന്നുമാണ് കേന്ദ്രം വ്യക്തമാക്കിയത്.
 

click me!